പെരിന്തൽമണ്ണ: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹവും കെട്ടിപ്പിടിച്ച് എന്തുചെയ്യണമെന്നറിയാതെ റഓഡില്‍ നിന്ന് കരഞ്ഞ യുവതിക്ക് സഹായവുമായി ആംബുലന്‍സ് ഡ്രൈവറും പെരിന്തല്‍മണ്ണ നഗരസഭയും. മഞ്ചേരി മെഡിക്കല്‍ കോളേജ് പരിസരത്ത് ഓടുന്ന ആംബുലൻസിന്‍റെ ഡ്രൈവർ നൗഫലും സുഹൃത്ത് ഇര്‍ഷാദും പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാനും ജീവനക്കാരുമാണ് വറ്റാത്ത മനുഷ്യ സ്നേഹത്തിന്റെ മാതൃകയായത്. 

മഞ്ചേരി മെഡിക്കൽ കോളേജ് പരിസരത്ത് കഴിഞ്ഞ  ഒമ്പത് വർഷമായി ആംബുലൻസ് ഓടിക്കുന്നവരാണ് നൗഫലും കൂട്ടുകാരൻ ഇർഷാദും. ബുധനാഴ്ച മെഡിക്കൽ കോളേജിന് മുന്നിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിലപിക്കുന്ന തമിഴ് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ശ്രദ്ധയിൽപ്പെട്ട നൗഫലും ഇർഷാദും അവരോട് കാര്യം അന്വേഷിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായാവസ്ഥ മനസിലായത്. 

തമിഴ് കുടുംബത്തിന് ആറ്റു നോറ്റുണ്ടായ ആദ്യ കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരണപ്പെട്ടു. കയ്യിൽ ഒരു പൈസ പോലുമില്ലാതെ കുഞ്ഞിന്റെ സംസ്കാരം എവിടെ നടത്തണം എങ്ങിനെ നടത്തണം ഇതിനൊന്നും അവരുടെ മുന്നിൽ ഉത്തരമില്ലായിരുന്നു. പലരോടും സഹായം ചോദിച്ചെങ്കിലും എല്ലാവരും ഒഴിഞ്ഞ് മാറി. നിസഹായയായി കരയുകയല്ലാതെ അവരുടെ മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. ഈ അവസരത്തിലാണ് നൗഫലും ഇർഷാദും ഇവരെ സഹായിക്കാൻ തീരുമാനിച്ചത്.

തമിഴ് കുടുംബം എങ്ങിനെ ഇവിടെയെത്തി എന്ന അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ 4 വർഷമായി പെരിന്തൽമണ്ണയിൽ താമസക്കാരാണെന്ന് മനസിലാക്കിയത്. ഇതോടെ നൗഫൽ ഉടൻ പെരിന്തൽമണ്ണ നഗരസഭാ ചെയർമാനെ നേരിട്ട് വിളിച്ച് സംഭവം പറയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. തിരുവനന്തപുരത്തായിരുന്ന ചെയർമാൻ, വിഷയത്തിൽ ഉടൻ ഇടപെടുകയും ഹെൽത്ത് ഇൻസ്പെക്ടറെയും, ആരോഗ്യ വിഭാഗം ജീവനക്കാരെയും വിളിച്ച് അടിയന്തിരമായി നഗരസഭാ ശ്മശാനമായ അഞ്ജലിയിൽ സംസ്കാരത്തിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. ആംബുലൻസിൽ കുടുംബത്തെ പെരിന്തൽമണ്ണയിലെത്തിക്കാനും ആയതിനാവശ്യമായ എല്ലാ ചെലവും ചെയർമാന്റെ സാന്ത്വന ഫണ്ടിൽ നിന്നും നൽകുമെന്നും ചെയർമാൻ നൗഫലിനോട് പറഞ്ഞു.

പിന്നെ താമസമുണ്ടായില്ല നൗഫലും, ഇർഷാദും ചേർന്ന് കുടുംബത്തെ ആംബുലൻസിൽ കയറ്റി പെരിന്തൽമണ്ണ ചോലോം കുന്നത്ത് അഞ്ജലിയിൽ എത്തിച്ചു.നഗരസഭ കൗൺസിൽ പ്രതിനിധികളും ആരോഗ്യ വിഭാഗവും സംസ്ക്കാരത്തിനാവശ്യമായ സജ്ജീകരണം ചെയ്ത് അപ്പോഴേക്കും അവിടെ സജ്ജമായി നിന്നിരുന്നു. കൃത്യം ഉച്ചക്ക് 1.50 ന് ഹൃദയം പിളർക്കും വേദനയോടെ തങ്ങളുടെ പൊന്നോമനക്ക് കുടുബം അന്ത്യകർമ്മം നടത്തി. തമിഴ്നാട് തൻ ട്രാംപട്ട് താലൂക്കിലെ മേൽമുത്തനൂർ ഗ്രാമവാസിയായ സത്യരാജ്- ഉഷ ദമ്പതികൾ കഴിഞ്ഞ 5 വർഷമായി പെരിന്തൽമണ്ണ വലിയങ്ങാടിയിലെ വാടക ക്വാർട്ടേഴ്സിൽ കഴിയുന്നവരാണ്. കൂടെ ഉഷയുടെ അമ്മ കുപ്പുവും ഉണ്ട്.

നഗരത്തിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടാണ് കുടുംബം ജീവിക്കുന്നത്. വളരെ വൈകി ഗർഭിണിയായ ഉഷ ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിലായിരുന്നു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഇവർ വൈദ്യപരിചരണം നേടി. ഏഴ് മാസമായപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ജില്ലാ ആശുപത്രി റഫർ ചെയ്ത പ്രകാരം രണ്ടാഴ്ച മുമ്പ് മഞ്ചേരി മെഡിക്കൽ കോളേജിൽ ഇവർ എത്തിയത്.ഇവിടെ വെച്ച് മാസം തികയാതെ ഇവർ പ്രസവിക്കുകയും തുടർന്ന് കുട്ടിക്ക് ഹൃദയമിടിപ്പ് കുറവായതിനാൽ മരണപ്പെടുകയുമായിരുന്നു. 

കൂലിപ്പണിക്കാരനായതിനാൽ രണ്ടാഴ്ചയോളം ജോലിക്ക് പോകാൻ കഴിയാത്തത് കൊണ്ട്  ഇവരുടെകയ്യിലുള്ള പണമെല്ലാം തീര്‍ന്നിരുന്നു. ഇതിനിടെ സാമ്പത്തിക പ്രയാസവും മറ്റും കാരണമെന്നു കരുതുന്നു കുട്ടി മരിച്ചതോടെ ഭർത്താവ് സത്യരാജ് ഇവരെ വിട്ടു പോയി. ഈ സാഹചര്യം രണ്ടു സ്ത്രീകൾ മാത്രമായ കുടുംബത്തെ ഏറെ നിസഹായരാക്കി. ഒടുവില്‍ നൗഫലും സുഹൃത്തുക്കളും നഗരസഭയും സഹായത്തിനെത്തിയതോടെയാണ് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ വഴിയൊരുങ്ങിയത്. കുട്ടിയുടെ  മൃതദേഹം സംസ്കരിച്ച ശേഷം തുടര്‍ന്നുള്ള ആചാരങ്ങൾ അനുഷ്ഠിക്കാനായി കുടുംബം സ്വദേശത്തേക്ക് മടങ്ങി.

 നഗരസഭയോടും നൗഫലിനോടും ഇർഷാദിനോടും നന്ദി പറഞ്ഞ കുടുംബം ഇനി ഒരു മാസത്തിന് ശേഷം പെരിന്തൽമണ്ണയിൽ വീണ്ടും തിരിച്ചെത്തും.  ഇവരുടെ യാത്രക്കും സംസ്കാരത്തിനും ഉള്ള മുഴുവൻ ചിലവും നഗരസഭ ചെയർമാന്റെ സ്വാന്തന ഫണ്ടിൽ നിന്നും നൽകി. സംസ്കാര സമയത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ടി. ശോഭന, എ.രതി , കൗൺസിലർമാരായ കെ.സുന്ദരൻ ,അമ്പിളി മനോജ്, ലക്ഷ്മികൃഷ്ണൻ എന്നിവരും എത്തിയിരുന്നു.