കുറ്റകൃത്യങ്ങള്‍ ഏതുമാകട്ടെ, കൂടെ റോക്കിയുണ്ടെങ്കില്‍ പിന്നെ ആശങ്കപ്പെടാനൊന്നുമില്ല. പ്രതികളിലേക്ക് വിരല്‍ചൂണ്ടുന്ന എന്തെങ്കിലുമൊരു തെളിവോ സൂചനയോ അവന്‍ കണ്ടെത്തിയിരിക്കും, തീര്‍ച്ച. ഒരുപക്ഷേ ഒളിച്ചിരിക്കുന്ന കുറ്റവാളികളെത്തന്നെ അവന്‍ പിടിച്ചുനല്‍കിയേക്കും.

ലഹരിപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനോ, സ്‌ഫോടക വസ്തുക്കള്‍ മണത്തുപിടിക്കാനോ, പ്രതികള്‍ രക്ഷപ്പെട്ട രീതി മനസിലാക്കാനോ എല്ലാം റോക്കിക്കുള്ള കഴിവ് അത്രമാത്രമാണ്. മഹാരാഷ്ട്രയിലെ ബീഡ് പൊലീസിനൊപ്പം ദീര്‍ഘകാലമായി നിഴല്‍ പോലെ റോക്കിയുണ്ടായിരുന്നു. 

എന്നാല്‍ ഇന്നലെ മുതല്‍ അവന്‍ അവര്‍ക്കൊപ്പമില്ല. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന റോക്കി ഇന്നലെ മരണത്തിന് കീഴടങ്ങി. ഒന്നും രണ്ടുമല്ല, 365 കേസുകള്‍ തെളിയിക്കാനാണ് റോക്കിയുടെ നിര്‍ണായകമായ ഇടപെടലുകള്‍ ബീഡ് പൊലീസിന് സഹായമായിട്ടുള്ളത്. 

 

 

സദാസമയവും കൂടെത്തന്നെ കഴിയുന്നതിനാല്‍ പൊലീസുകാര്‍ക്കൊക്കെയും അവനുമായി സുദൃഢമായ ആത്മബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ റോക്കിയുടെ വിയോഗം ബീഡ് പൊലീസിനെയാകെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഔപചാരികമായി, ആദരം അര്‍പ്പിച്ച ശേഷമാണ് ഇവര്‍ റോക്കിയുടെ സംസ്‌കാരം നടത്തിയത്.

Also Read:- പൂർണനഗ്നരായി വളർത്തുപട്ടിയെ മോണിങ് വാക്കിന് കൊണ്ടുപോയ ദമ്പതികളെ മല്പിടുത്തത്തിലൂടെ കീഴടക്കി പൊലീസ്...