കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലയിടങ്ങളില്‍, പല സാഹചര്യങ്ങളില്‍ നിരവധി പേരാണ് പെട്ടുപോയത്. തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായതിനാല്‍ തന്നെ, ഭക്ഷണത്തിന് പോലുമുള്ള വകയില്ലാതെയാണ് പലരും കുടുങ്ങിപ്പോയത്.

സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കേരളത്തിലെത്തിയ ലൈബീരിയ സ്വദേശിയായ ആറുവയസുകാരന്‍ ജിന്‍പേയും അമ്മ ജെനിയും. ജന്മനാ ഹൃദയ വാള്‍വിന് തകരാറുള്ള ജിന്‍പേയ്ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 

എന്നാല്‍ ലൈബീരിയയില്‍ ഇതിനുള്ള സൗകര്യങ്ങള്‍ പര്യാപ്തമായിരുന്നതിനാല്‍ കേരളത്തിലേക്ക് വരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളേറെയുള്ള കുടുംബം വീട് പണയപ്പെടുത്തിയും അധികസമയം ജോലി ചെയ്തുമെല്ലാമാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. 

ശസ്ത്രക്രിയയ്ക്കും ഒരു മാസത്തെ ചികിത്സയ്ക്കും വേണ്ട പണം കൊണ്ട് ജെനിയും ജിന്‍പേയും മാത്രമാണ് കേരളത്തിലെത്തിയത്. ജിന്‍പേയുടെ അച്ഛന്‍ പീറ്ററും മൂത്ത മകനും നാട്ടിലാണ്.

മാര്‍ച്ച ആറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ജിന്‍പേയുടെ ശസ്ത്രക്രിയ നിശ്ചയിച്ചത് പ്രകാരം 12ന് നടത്തി. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. 

എന്നാല്‍ അപ്പോഴേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അധികം വൈകാതെ ജെനിയുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം തീരുകയും ചെയ്തു. ഇവരുടെ ദുരിതം മനസിലാക്കിയ ആശുപത്രി അധികൃതരാണ് പിന്നീട് ഇവര്‍ക്ക് തണലായത്. രണ്ട് മാസത്തോളമായി ഇങ്ങനെ പോകുന്നു. ഇനി സ്വദേശത്തേക്ക് മടങ്ങാനുള്ള സഹായമാണ് ഇവര്‍ക്കാവശ്യം. ഇന്ത്യന്‍ സര്‍ക്കാരും ലൈബീരിയന്‍ സര്‍ക്കാരും ഇതിനായി കനിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണാം...

 

Also Read:- കൊവിഡ് പ്രതിസന്ധിക്കിടയിലെ നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; എട്ട് പേർക്ക് കാഴ്ചയുടെ പൊൻവസന്തം...