വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പും പൂര്‍ണ്ണിമ പങ്കുവച്ചത്. 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണ്ണിമ പ്രത്യക്ഷപ്പെടാറുള്ളത്.ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് കുറിപ്പും പൂര്‍ണ്ണിമ പങ്കുവച്ചത്. ബനാറസി സാരിക്കൊപ്പം ഡെനിം ബ്ലൗസ് ധരിക്കാന്‍ തീരുമാനിച്ചതും പിന്നീട് അതിന് അഭിനന്ദനങ്ങള്‍ ലഭിച്ചതും താരം ഓര്‍ക്കുന്നു. പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി തന്റെ ആ വസ്ത്രധാരണത്തെ പ്രകീര്‍ത്തിച്ചതും പൂര്‍ണ്ണിമ കുറിപ്പില്‍ പറയുന്നു. 

'അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.. എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട നിമിഷമാണ്. ജീവിതത്തിലെ ഏതൊരു പ്രധാനപ്പെട്ട അവസരങ്ങളിലും എന്റെ അടിവയറ്റിലൂടെ ഒരു ചിത്രശലഭം പാറിപ്പറക്കാറുണ്ട്. ഞാന്‍ എന്ത് ധരിച്ചുവെന്നത് എന്നേക്കാള്‍ ആ ചിത്രശലഭത്തെയാണ് ഏറെ ആവേശത്തിലാഴ്ത്താറുള്ളത്. ഏറ്റവും ഒടുവില്‍ അങ്ങനെ എനിക്ക് തോന്നിയത് 2015ലെ ആമസോണ്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുമ്പോഴാണ്. ബനാറസി സാരിക്കൊപ്പം ഡെനിം ധരിച്ചു വന്ന ആ ദിവസം. ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട ഫാഷന്‍ വീക്കിലേക്കാണ് ഞാന്‍ പോകുന്നത്. ഇവിടെയല്ലെങ്കില്‍ പിന്നെ എവിടെയാണ് ഇങ്ങനെ ധരിക്കുക എന്നു ഞാന്‍ ആലോചിച്ചു. ഇന്ന് ഈ ചിത്രത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അന്ന് ചെയ്തത് എന്താണോ അതു ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നു. എനിക്ക് ഭയം തോന്നിയിരുന്നില്ലെന്നതും ആത്മവിശ്വാസമുണ്ടായിരുന്നുവെന്നതും പരീക്ഷിക്കാന്‍ തയ്യാറായി എന്നതുമൊക്കെ ഞാനിഷ്ടപ്പെടുന്നു. അതിനേക്കാളെല്ലാം എന്റെ ഫാഷന്‍ ഗുരുവും വലിയ പ്രചോദനവുമായ സബ്യസാചി മുഖര്‍ജിയില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചപ്പോഴാണ് ആ ചിത്രശലഭങ്ങള്‍ പാറിപ്പറന്നുപോയത്'- പൂര്‍ണ്ണിമ കുറിച്ചു. 

View post on Instagram

ഡെനിം ബ്ലൗസിനൊപ്പം ചുവന്ന നിറത്തിലുള്ള ബനാറസി സാരിയില്‍ അതിമനോഹരിയായിരുന്നു താരം അന്ന്. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനും സബ്യസാചിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയും പൂര്‍ണ്ണിമ തന്റെ ഡെനിം പ്രണയം വ്യക്തമാക്കിയ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

View post on Instagram
View post on Instagram

അന്ന് പ്രിന്റഡ് സ്‌കര്‍ട്ടിനൊപ്പം ഡെനിം ഷര്‍ട്ട് ധരിച്ച ചിത്രമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മറ്റൊരു ചിത്രത്തില്‍ ഡെനിമിനൊപ്പം സാരിയായിരുന്നു താരം ധരിച്ചത്. അതില്‍ പ്രചോദനം കൊണ്ട് നിരവധി പേര്‍ ഇത്തരത്തില്‍ ഡെനിം ഷര്‍ട്ടിനോടൊപ്പം സക്ര്‍ട്ട് ധരിച്ച് പൂര്‍ണ്ണിമയ്ക്ക് ചിത്രങ്ങള്‍ അയച്ചുനല്‍കി. താരം ആ ചിത്രങ്ങളും തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. 'പ്രാണ' എന്ന ഡിസൈന്‍ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോള്‍. 

Also Read: 'ഇത് ഞങ്ങളുടെ പ്രണയകഥ'; ഫാഷന്‍ പരീക്ഷണവുമായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്...