കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം മാനദണ്ഡങ്ങളോടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി ഓരോ രാജ്യങ്ങളിലേയും സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. 

കൃത്യമായ സമയനിബന്ധന പാലിച്ചുകൊണ്ടും സാമൂഹികാകലം സൂക്ഷിച്ചുകൊണ്ടും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങിയിരുന്നു. നമ്മുടെ നാട്ടിലും ഇതേ രീതിയില്‍ തന്നെയാണ് ലോക്ഡൗണ്‍ കാലം പോയിരുന്നത്. 

സാമൂഹികാകലം പാലിച്ചുകൊണ്ട് മാത്രം 'ഷോപ്പിംഗ്' നടത്തുമ്പോള്‍ സാധാരണഗതിയില്‍ എടുക്കുന്നതിനേക്കാള്‍ ഇരട്ടിയോ അതിലധികമോ സമയം ചിലവായേക്കാം. ക്യൂ പാലിക്കേണ്ടതിനാല്‍ ഏറെ സമയം നില്‍ക്കാനും ആളുകള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ തന്നെ സാധാരണക്കാര്‍ ഈ രീതികള്‍ പിന്തുടരുകയാണ്. 

എന്നാല്‍ അത്ര സാധാരണക്കാരനല്ലാത്ത, വിഐപി ഗണത്തിലൊക്കെ പെടുത്താവുന്ന ഒരാള്‍ ഇങ്ങനെ സൂപ്പര്‍മാര്‍ക്കറ്റില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത് അത്ര പതിവുള്ള ഒരു കാഴ്ചയല്ല, അല്ലേ? പൊതുവേ അല്‍പം ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുള്ളവര്‍ വീട്ടില്‍ ജോലിക്കാരെ വയ്ക്കുകയും അവരെക്കൊണ്ട് വീട്ടുസാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്യുകയാണ് പതിവ്. 

എന്നാല്‍ ഇവിടെയിതാ, ഒരു രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഏതൊരു സാധാരണക്കാരനേയും പോലെ മാസ്‌കും ധരിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ സംയമനത്തോടെ ക്യൂവില്‍ നില്‍ക്കുകയാണ്. പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസയാണ് തന്റെ ലാളിത്യം കൊണ്ട് ശ്രദ്ധേയനാകുന്നത്. എഴുപത്തിയൊന്നുകാരനായ മാര്‍സെലോ ഈ ചിത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ താരമായിരിക്കുകയാണ്. 

Also Read:- വിശപ്പ് കൊണ്ട് മോഷ്ടിച്ചാൽ അത് കുറ്റമല്ലെന്ന് ഈ കോടതി, മുന്നോട്ട് വയ്ക്കുന്നത് മനുഷ്യത്വത്തിന്റെ പാഠം...

ഒരു രാജ്യത്തിന്റെ തലവന് എത്തരത്തിലെല്ലാം തന്റെ സ്ഥാനമുപയോഗിച്ച് സസുഖം ജീവിക്കാം, എന്നാല്‍ മാര്‍സെലോ അതിനൊന്നും ശ്രമിച്ചില്ലെന്നത് മാതൃകാപരമായ ഒരു പ്രവര്‍ത്തിയാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. മറ്റ് രാജ്യത്തലവന്മാര്‍ക്കും മാര്‍സെലോ മാതൃകയാകട്ടെയെന്നും ഇവര്‍ പറയുന്നു. 

യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ കൊറോണയുടെ ആക്രമണം അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞ രാജ്യമാണ് പോര്‍ച്ചുഗല്‍. 1,218 പേരാണ് പോര്‍ച്ചുഗലില്‍ കൊവിഡ് 19 മൂലം മരിച്ചത്. ആകെ 29,000 കേസുകള്‍ മാത്രമേ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. രോഗം പടര്‍ന്നുതുടങ്ങിയ ആദ്യഘട്ടങ്ങളില്‍ തന്നെ പോര്‍ച്ചുഗല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. ഇപ്പോള്‍ ദിവസങ്ങളോളം തുടര്‍ന്ന നിയന്ത്രങ്ങളില്‍ അല്‍പം അയവ് വരുത്തിയ സാഹചര്യമാണ് പോര്‍ച്ചുഗലിലുള്ളത്. 

Also Read:- മണിപ്പൂര്‍ സ്വദേശികള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശനം നിഷേധിച്ചു; മാനേജരും ജീവനക്കാരും കസ്റ്റഡിയിൽ...

എങ്കിലും വന്‍കിട സ്‌റ്റോറുകള്‍, ഷോപ്പിംഗ് മാളുകള്‍, പ്രീ സ്‌കൂള്‍ സ്ഥാപനങ്ങള്‍, ജിം, തിയേറ്ററുകള്‍ ബാറുകള്‍ തുടങ്ങിയവയെല്ലാം ജൂണില്‍ മാത്രമേ തുറക്കൂ. അപ്പോഴേക്ക് നിലവില്‍ ചികിത്സയിലിരിക്കുന്ന രോഗികളെ കൂടി സുഖപ്പെടുത്താനാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ വ്യാപനമില്ല എന്നതും പോര്‍ച്ചഗലിന് ആശ്വാസത്തിലേക്കുള്ള വാതില്‍ തുറന്നുകൊടുക്കുന്നു.