പങ്കാളിയുടെ മനസ്സില്‍ എന്താണെന്ന് ഊഹിച്ചെടുക്കാന്‍ കഴിയും എന്ന വിശ്വാസം മിക്ക ആളുകള്‍ക്കും ഉണ്ടെങ്കിലും പലപ്പോഴും ആ ഊഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍. 

ഏറ്റവും അവസാനമായി നിങ്ങളുടെ ഭാര്യയോട്/ ഭര്‍ത്താവിനോട് വാക്കുതര്‍ക്കം നടന്നത് എപ്പോഴായിരുന്നു? കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അധിക സമയം വീട്ടില്‍ ഒരുമിച്ചുണ്ടാകുമ്പോള്‍ ഓരോ ചെറിയ കാര്യങ്ങളും വഴക്കിനു കാരണമാകുന്നുണ്ടോ?

പലപ്പോഴും ഉപദേശിക്കുക തെറ്റ് ചൂണ്ടിക്കാണിക്കുക എന്നൊക്കെയുള്ള ഉദ്ദേശത്തോടെ പറയുന്ന കാര്യങ്ങള്‍ കുറ്റപ്പെടുത്തലായി തെറ്റിദ്ധരിക്കുകയും പിന്നീടത്‌ വഴക്കായി മാറുകയും ചെയ്യാറുണ്ട്. ഓഫീസിലെ സ്ട്രെസ്സ് വീട്ടില്‍ ദേഷ്യം പ്രകടിപ്പിക്കാന്‍ കാരണമാവുക, മുന്‍പ് നടന്ന കാര്യങ്ങള്‍ ചിന്തിച്ച് ദേഷ്യപ്പെടുക എന്നിങ്ങനെ പല കാര്യങ്ങളും പങ്കാളികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ട്. 

പങ്കാളിയുടെ മനസ്സില്‍ എന്താണെന്ന് ഊഹിച്ചെടുക്കാന്‍ കഴിയും എന്ന വിശ്വാസം മിക്ക ആളുകള്‍ക്കും ഉണ്ടെങ്കിലും പലപ്പോഴും ആ ഊഹങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍. എന്നാല്‍ എല്ലാവരും അങ്ങനെ പരസ്പരം സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കാനോ പ്രശ്നങ്ങള്‍ പരിഹരിക്കാനോ തയ്യാറാവാറില്ല.

 ആ സമയം മനസ്സില്‍ സങ്കടമോ ടെന്‍ഷനോ ഒക്കെ ആണെങ്കില്‍ പങ്കാളി തന്നെ മനസ്സിലാക്കുന്നില്ല, പരിഗണിക്കുന്നില്ല എന്നു തീര്‍ച്ചപ്പെടുത്തുകയാവും ചെയ്യുക. അത് അപ്പോഴത്തെ മാനസികാവസ്ഥ ഉണ്ടാക്കുന്ന ഒരു തോന്നല്‍ മാത്രമാണോ എന്നു പരിശോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമാവും. മനസ്സ് സ്വസ്ഥമായ അവസ്ഥയില്‍ ആക്കി വയ്ക്കുവാന്‍ ശ്രമിക്കണം. അസ്വസ്ഥമായ മനസ്സില്‍ തെറ്റിധാരണകള്‍ രൂപപ്പെടാന്‍ സാധ്യത അധികമാണ്. 

ഉദാ: ജോലിയില്‍ പ്രമോഷന്‍ കിട്ടിയ സന്തോഷത്തില്‍ വീട്ടില്‍ വന്നു കയറുമ്പോള്‍ ആ വാര്‍ത്ത ഭാര്യയ്ക്കു വലിയ സന്തോഷമുണ്ടാക്കും എന്നു കരുതുന്ന ഭര്‍ത്താവ്. പക്ഷേ ഓഫീസില്‍ നിന്നും എത്തി വീട്ടിലെ ജോലികളിലും കുട്ടികളുടെ ഹോം വര്‍ക്കിന്‍റെയും തിരക്കിലായിരുന്ന ഭാര്യ ഈ വാര്‍ത്ത കേട്ട് വലിയ സന്തോഷമൊന്നും പ്രകടമാക്കുന്നില്ല. ആ സമയം ഭര്‍ത്താവിന്‍റെ മനസ്സിലേക്കു വരാന്‍ സാധ്യതയുള്ള ചിന്തകള്‍- ഭാര്യ എന്നെ അംഗീകരിക്കുന്നില്ല, പ്രമോഷന്‍ കിട്ടിയെങ്കിലും ഭാര്യ അതിനു വിലകല്പിക്കുന്നില്ല, എന്‍റെ കാര്യങ്ങളില്‍ ഭാര്യക്ക്‌ താല്പര്യം ഇല്ല.....ഇങ്ങനെ ഏതെങ്കിലും ഒക്കെ ചിന്തകള്‍ ആവാനാണ് സാധ്യത. പക്ഷേ യഥാര്‍ത്ഥ കാരണം ഒരു ദിവസത്തെ ജോലികളില്‍ അവര്‍ ക്ഷീണിതയാണ് എന്നതാണ് എന്നു മനസ്സിലാക്കാന്‍ കഴിയാതെപോയാല്‍ അവിടെ വഴക്കുകള്‍ ആരംഭിക്കും.

പ്രശ്നങ്ങള്‍ വഷളാവാന്‍ കാരണമായ ചിലത്:

1. എടുത്തുചാടി പ്രവര്‍ത്തിക്കുന്ന സ്വഭാവം- ഭാര്യയുമായി ചെറിയ വഴക്കു നടന്നശേഷം ദേഷ്യം കാണിക്കാന്‍ ഉടന്‍തന്നെ മാട്രിമോണിയല്‍ സൈറ്റില്‍ റിജിസ്റ്റര്‍ ചെയ്തു ഒരു വിദ്വാന്‍. പിണക്കം മാറി വന്ന ഭാര്യ അതു കാണുകയും ചെയ്തു. ഇപ്പോള്‍ വിവാഹ മോചനത്തിന്‍റെ വക്കിലാണ് അവര്‍.
2. സ്വയം വിലയില്ലായ്മ- പങ്കാളിയുടെ സ്നേഹം കിട്ടാത്തത് എന്‍റെ എന്തോ വല്യ കുറവുകൊണ്ടാണ് എന്ന ചിന്ത. ഇക്കൂട്ടര്‍ പൊതുവേ എല്ലാ കാര്യത്തിലും നെഗറ്റീവ് അധികം ചിന്തിക്കുന്നവര്‍ ആയിരിക്കും. 
3. പങ്കാളിയെ സംശയം- പങ്കാളി വിശ്വസ്തത കാണിക്കുന്നില്ല എന്ന തോന്നല്‍. പങ്കാളിയുടെ എല്ലാ പ്രവര്‍ത്തികളും ഈ തോന്നല്‍ ശരി വയ്ക്കുന്ന തരത്തിലാവും തോന്നുക. 
4. ആത്മാരാധന (Narcissism)- സ്വന്തം കാര്യങ്ങള്‍ക്കു മാത്രം അമിത പ്രാധാന്യം നല്‍കുകയും പങ്കാളിയെ പരിഗണിക്കാതെയും ഇരിക്കുക. പങ്കാളിയുടെ വ്യക്തിത്വത്തെയോ അവരുടെ മാനസികാവസ്ഥയെപ്പറ്റിയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ആലോചിക്കാനോ പോലും താല്പര്യം ഇല്ലാതിരിക്കുക. 

തീരുമാനങ്ങള്‍ എടുക്കാനും അതില്‍ ഉറച്ച് നിൽക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ...?

എഴുതിയത്:
പ്രിയ വര്‍ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC)
PH: 8281933323
Telephone consultation only