കേരളത്തിലെ ഏറ്റവും പ്രശസ്തനായ മന:ശാസ്ത്രജ്ഞന്‍ ആരെന്ന ചോദ്യത്തിനുത്തരം എല്ലാവര്‍ക്കും പറയാനുണ്ടാവുക ഡോ. പി എം മാത്യു വെല്ലൂര്‍ എന്നായിരിക്കും. ഇന്നലെ അന്തരിച്ച അദ്ദേഹം വാര്‍ദ്ധക്യസഹജമായ അവശതകള്‍ കാരണം ഏറെ നാളുകളായി വിശ്രമത്തില്‍ ആയിരുന്നു.

തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായിരുന്നു ഡോ. പി എം മാത്യു വെല്ലൂര്‍. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു. മനഃശാസ്ത്രം, കുടുംബജീവിതം എന്നീ മാസികകളുടെ ആദ്യകാല പത്രാധിപരായിരുന്നു.

കേരള സര്‍വകലാശാലയില്‍നിന്ന് എം.എ. ബിരുദവും ഡോക്ടറേറ്റും നേടി. ചികിത്സാ മനഃശാസ്ത്രത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.  വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മനോരോഗവിഭാഗത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും മെഡിക്കല്‍ കോളേജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രോഗബാധിതനായതിനു ശേഷവും ജീവിതത്തില്‍ എന്തു പ്രതിസന്ധി വന്നാലും അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ടു പോകാന്‍ മനസ്സിന്‍റെ ആരോഗ്യം എത്ര പ്രധാനമാണ് എന്നതിനെപ്പറ്റി ആളുകളെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേ ഇരുന്നു. 

ക്ഷീണാവസ്ഥയിലും അദ്ദേഹം പുസ്തകങ്ങള്‍ എഴുതി. അന്ധത ബാധിച്ചവര്‍ക്ക്‌ വായിച്ചു കേള്‍ക്കാവുന്ന രൂപത്തിലാണ് തന്‍റെ പത്തൊന്‍പതാമത്തെ പുസ്തകം അദ്ദേഹം പുറത്തിറക്കിയത്. ശരീരത്തിന്‍റെ ആരോഗ്യം മാത്രമല്ല മനസ്സിന്‍റെ ആരോഗ്യവും ഓരോ വ്യക്തികളുടെയും സുസ്ഥിതിക്കും ജീവിത വിജയത്തിനും എത്രമാത്രം പ്രധാനമാണ് എന്നതിനെപ്പറ്റി അദ്ദേഹം പല മാധ്യമങ്ങളിലും അവതരിപ്പിച്ചിരുന്ന പരിപാടികളില്‍ പറഞ്ഞു കേള്‍ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം എഴുതിയ
പുസ്തകങ്ങള്‍ വായനക്കാരില്‍ ചിരിയും ചിന്തയുമായി വലിയ രീതിയില്‍ സ്വാധീനിച്ചു.

അദ്ദേഹം എഴുതിയിരുന്ന മന:ശാസ്ത്ര പംക്തികള്‍ വളരെ അധികം പ്രചാരം നേടിയിരുന്നു. മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വാരികകളിലും ടെലിവിഷന്‍ പരിപാടികളിലും ആളുകള്‍ക്ക് അദ്ദേഹം കൊടുത്തിരുന്ന മറുപടികള്‍ ഏറെ ജനസമ്മതി നേടി.  മന:ശാസ്ത്ര ചികിത്സയെപ്പറ്റി കേരളത്തിലെ ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. മന:ശാസ്ത്രത്തില്‍ മാത്രമല്ല സിനിമ, ടെലിവിഷന്‍ പരമ്പര എന്നിവയില്‍ ഒക്കെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഉണ്ട്.

മന:ശാസ്ത്രം തിരഞ്ഞെടുത്തു പഠിക്കണം എന്ന ആഗ്രഹം ഞങ്ങളെപ്പോലെയുള്ളവരില്‍ രൂപം കൊള്ളാന്‍ തന്നെ അദ്ദേഹം വലിയ പ്രചോദനമായി. ബിരുദ പഠനകാലത്ത് ഒരിക്കല്‍ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗം കേള്‍ക്കാനുള്ള അവസരം ഉണ്ടായി. ഒരുദാഹരണമായി അദ്ദേഹം അന്നു പറഞ്ഞത് ചില ആളുകള്‍ക്ക് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു ആധിയാണ് രാവിലെ കൃത്യ സമയത്ത് ഉണരാന്‍ കഴിയുമോ എന്ന്. എന്നാല്‍ അലാറം ഒക്കെ വെച്ചു വലിയ കഷ്ടപ്പാടുകളുടെ ഒന്നും ആവശ്യമില്ല. രാവിലെ എഴുന്നേല്‍ക്കേണ്ടത് എത്ര മണിക്കാണോ ആ സമയം മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് സമാധാനമായി ഉറങ്ങിയാല്‍ മാത്രം മതി എന്നാണ് അദ്ദേഹം പറഞ്ഞത്. ലക്ഷ്യബോധം ഉണ്ടാവുക എന്നതാണ് പ്രധാനം അങ്ങനെയെങ്കില്‍ എന്തും നമുക്ക് സാധ്യമാണ് എന്ന സന്ദേശമാണ് ആ ഉദാഹരണത്തിലൂടെ അദ്ദേഹം നല്‍കിയത്.

ഇത്തരത്തിലെല്ലാം നിരവധി ആളുകളെ സ്വാധിനിക്കാന്‍ കഴിഞ്ഞ അദ്ദേഹത്തിന്‍റെ വേര്‍പാട് നമുക്കു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്‍റെ ജീവിത വീക്ഷണങ്ങള്‍ നമുക്കോരോരുത്തര്‍ക്കും മാതൃകയും പ്രചോദനവും ആക്കി മാറ്റാന്‍ നമുക്കു ശ്രമിക്കാം.


എഴുതിയത്: 
പ്രിയ വർ​ഗീസ് (M.Phil, MSP) 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 
പുഷ്പഗിരി മെഡിക്കല്‍ കോളേജ് (CDC),തിരുവല്ല

Also Read: പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ പി എം മാത്യു വെല്ലൂർ അന്തരിച്ചു...