Asianet News MalayalamAsianet News Malayalam

'സോഷ്യല്‍ മീഡിയ' വില്ലനാകില്ല; ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍...

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ മനശാസ്ത്ര വിദഗ്ധയായ ഡോ.ജെലീന കെക്മനോവിക്. പ്രധാനമായും ആ്‌റ് കാര്യങ്ങളെ കുറിച്ചാണ് ഇവര്‍ പറയുന്നത്

psychiatrist says six ways to overcome social media toxic
Author
USA, First Published Jun 17, 2019, 5:13 PM IST

സമൂഹമാധ്യമങ്ങളുടെ ഉപയോഗം വലിയ രീതിയില്‍ കൂടിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിക്കുന്നത്. അമിതമായ 'സോഷ്യല്‍ മീഡിയ' ഉപയോഗം, പല മാനസികപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇവയെല്ലാം അടിസ്ഥാനപ്പെടുത്തി, സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത അമേരിക്കന്‍ മനശാസ്ത്ര വിദഗ്ധയായ ഡോ.ജെലീന കെക്മനോവിക്. പ്രധാനമായും ആ്‌റ് കാര്യങ്ങളെ കുറിച്ചാണ് ഇവര്‍ പറയുന്നത്.

ഒന്ന്...

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍, എപ്പോള്‍- എവിടെ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രിയപ്പെട്ടവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ, വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴോ ഒക്കെ ഫോണ്‍ നോക്കിയിരിക്കുന്നത് അനാരോഗ്യകരമായ അവസ്ഥയെ ആണത്രേ സൂചിപ്പിക്കുക. ഇത്തരം സാഹചര്യങ്ങളിലെല്ലാം ഫോണ്‍ ഓണ്‍ലൈനാക്കി സൂക്ഷിക്കാന്‍ സ്വയം ആര്‍ജവം കാണിക്കുക. 

രണ്ട്...

ഒരുപാട് സമയം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മനസ് പലതരത്തിലും ചിതറിപ്പോകുന്നുണ്ട്. അനാവശ്യമായ പല വിഷയങ്ങളും നമ്മളിലെത്തുന്നു. ഇതില്‍ നിന്നെല്ലാം മനസിനെ മുക്തമാക്കാന്‍ എപ്പോഴും അല്‍പം സമയം മാറ്റിവയ്ക്കുക. 

psychiatrist says six ways to overcome social media toxic

ദിവസത്തിലുള്ള ഉപയോഗം വെട്ടിക്കുറക്കുകയോ, ആഴ്ചയില്‍ ചിലവ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുകയോ, അല്ലെങ്കില്‍ ഒരാഴ്ച തന്നെ നീളുന്ന ഇടവേളയോ ഒക്കെ ഇതിനായി എടുക്കാം. 

മൂന്ന്...

സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമത്ത് നമ്മളെന്തെല്ലാമാണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമുക്ക് തന്നെ കൃത്യമായ ബോധ്യമുണ്ടായിരിക്കണം. അതോടൊപ്പം, ഈ സമയത്തിന് ശേഷം സോഷ്യല്‍ മീഡിയ നമ്മളിലുണ്ടാക്കുന്ന 'മൂഡ്' എത്തരത്തിലുള്ളതാണെന്നും വിലയിരുത്തണം. ഒരുപക്ഷേ, ഭ്രാന്തമായി മുക്കാല്‍ മണിക്കൂറോ ഒരു മണിക്കൂറോ ഫെയ്‌സ്ബുക്കിലൂടെ 'സ്‌ക്രോള്‍' ചെയ്ത് നടക്കുന്നതും, പത്ത് മിനുറ്റ് മാത്രം ഇത് ചെയ്യുന്നതും ഒരേ ഫലമാണ് ഉണ്ടാക്കുക. എങ്കിലും പിന്നെയും നമ്മള്‍ ഒരു മണിക്കൂര്‍ തന്നെ ഇതിനായി തെരഞ്ഞെടുക്കുന്നു. അനാവശ്യമായ ഈ തെരഞ്ഞെടുപ്പ് വേണ്ടെന്ന് വയ്ക്കാനുള്ള ആര്‍ജവവും നമ്മള്‍ കാണിക്കണം. അതുപോലെ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തും അറിയാവുന്നവരോട് മാത്രം പരമാവധി സോഷ്യല്‍ മീഡിയയില്‍ ബന്ധം സൂക്ഷിക്കുക. അപരിചിതരായ ഒരുപാട് പേരോട് ബന്ധം സൂക്ഷിക്കുന്നത് മറ്റൊരു രീതിയില്‍ നമ്മുടെ മനസിനെ മോശമായി ബാധിച്ചേക്കും. 

നാല്...

ചിലരുണ്ട്, രാവിലെ എഴുന്നേല്‍ക്കുന്നതേ ഫോണില്‍ ഇന്റര്‍നെറ്റ് ഓണ്‍ ചെയ്തുകൊണ്ടാണ്. ശീലത്തിന്റെ ഭാഗമായതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇതത്ര ആരോഗ്യകരമല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരിക്കലും സോഷ്യല്‍ മീഡിയ ഉപയോഗം പതിവിന്റെ ഭാഗമാക്കാതിരിക്കുക. എന്താണ് ചെയ്യുന്നത്? എന്തിനാണ് ഉഫയോഗം? എന്നുതുടങ്ങി, കാര്യങ്ങളെ കുറിച്ച് മനസില്‍ വ്യക്തത ഉണ്ടായിരിക്കണം. അനവാശ്യമായി വ്യക്തിപരമായ സമയം ഇതില്‍ നഷ്ടപ്പെടുത്തരുത്. ഓഫീസില്‍ വളരെ ബുദ്ധിമുട്ട് പിടിച്ച ജോലി ചെയ്യുന്നതിനിടയില്‍ ഇടയ്‌ക്കൊന്ന് ഇന്‍സ്റ്റഗ്രാം നോക്കിവന്നാലോ എന്ന തോന്നലുണ്ടാകാം. പക്ഷേ, ആ സെക്കന്‍ഡില്‍ തന്നെ, അതിന്റെ ആവശ്യം ഇപ്പോഴുണ്ടോ? അതാണോ ഇപ്പോള്‍ പ്രധാനം? എന്ന് സ്വയം ചോദിക്കാന്‍ പരിശീലിക്കുക. 

അഞ്ച്...

സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന വിശേഷങ്ങളില്‍ മുക്കാല്‍ പങ്കും നമുക്കൊരു താല്‍പര്യവും ഉപകാരവും ഉണ്ടാക്കാത്തവയാണ്. ബന്ധങ്ങളും അങ്ങനെ തന്നെ. 

psychiatrist says six ways to overcome social media toxic

എങ്കിലും നമ്മളവയില്‍ വീണ്ടും ചുറ്റിത്തിരിഞ്ഞ് നില്‍ക്കും. അത്തരം ആവശ്യമില്ലാത്ത ഭാഗങ്ങളെ അവനവന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ നിന്ന് ഒഴിവാക്കുക. 

ആറ്...

ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിത്. അതായത്, ജീവനോടെ മുന്നിലിരിക്കുന്ന ഒരു മനുഷ്യനോളം പ്രധാനമല്ല, കയ്യിലിരിക്കുന്ന സോഷ്യല്‍ മീഡിയ എന്ന് തിരിച്ചറിയണം. യഥാര്‍ത്ഥ ജീവിതത്തെ രണ്ടാം സ്ഥാനത്താക്കി, ഒരിക്കലും 'വെര്‍ച്വല്‍' ജീവിതത്തെ ഒന്നാമതെത്തിക്കാതിരിക്കുക. സമൂഹമാധ്യമങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ഏറ്റവും അപകടം പിടിച്ച മാനസികപ്രശ്‌നവും ഇതുതന്നെയാണ്.

Follow Us:
Download App:
  • android
  • ios