ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പെരുമ്പാമ്പുകളെ കണ്ടുകിട്ടുന്നത് എപ്പോഴും ഒരേസമയം കൗതുകവും പേടിയും ഉണര്‍ത്തുന്ന കാര്യമാണ്. കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങളെല്ലാം സാധാരണം തന്നെ. എന്നാല്‍ ചിലപ്പോഴെങ്കിലും നഗരമധ്യത്തിലും വമ്പന്‍ പാമ്പുകള്‍ വന്നെത്തിപ്പെടാറുണ്ട്. 

അത്തരത്തിലുള്ളൊരു വാര്‍ത്തയാണ് ദില്ലിയിലെ തുഗ്ലക്കാബാദില്‍ നിന്ന് വന്നിരിക്കുന്നത്. രാത്രിയില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയില്‍ രാവിലെ ചെന്ന് നോക്കിയപ്പോഴുണ്ട് ഉഗ്രനൊരു പെരുമ്പാമ്പ്. അഞ്ചടി നീളം വരുന്ന പാമ്പിനെ ഓട്ടോ ഡ്രൈവര്‍ തന്നെയാണ് ആദ്യം കണ്ടത്. 

നിര്‍ത്തിയിട്ടിരുന്ന വണ്ടി രാവിലെ എടുക്കാനായി വന്നപ്പോഴാണ് പിന്‍സീറ്റില്‍ എന്തോ ചെറിയ അനക്കം, ഡ്രൈവര്‍ ശ്രദ്ധിച്ചത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ മാത്രമാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വന്യജീവി സംരക്ഷകരായ സന്നദ്ധ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. 

അവര്‍ എത്തി, ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ ചാക്കിലാക്കിക്കിട്ടിയത്. ഇതിനെ അല്‍പം അകലെയുള്ള കാട്ടില്‍ കൊണ്ടുപോയി വിടാനാണ് ഇവരുടെ തീരുമാനം. 

തക്ക സമയത്താണ് താന്‍ പാമ്പിനെ കണ്ടതെന്നും, യാത്രക്കാര്‍ കയറിയതിന് ശേഷമാണ് കണ്ടിരുന്നതെങ്കില്‍ സംഭവം ഇങ്ങനെ എളുപ്പത്തില്‍ അവസാനിക്കില്ലായിരുന്നുവെന്നും ഡ്രൈവര്‍ പറയുന്നു. വിളിച്ചറിയിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

Also Read:- ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍!...