വിഷമില്ലാത്ത 'ഡയമണ്ട് പൈത്തണ്‍' എന്നറിയപ്പെടുന്ന ഇനത്തില്‍ പെടുന്ന പാമ്പായിരുന്നു അത്. എങ്ങനെയോ രാത്രിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് പെട്ടുപോയതാകാമെന്നാണ് കരുതപ്പെടുന്നത്

സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലൂടെ വാങ്ങിക്കേണ്ട അവശ്യസാധനങ്ങളെ കുറിച്ചോര്‍ത്ത് അലസമായി നടന്നുകൊണ്ടിരിക്കെ ഏതെങ്കിലുമൊരു ഷെല്‍ഫിനകത്ത് നിന്ന് കണ്‍മുന്നിലേക്ക് ഒരുഗ്രന്‍ പാമ്പ് തല നീട്ടിയാലോ! കേള്‍ക്കുമ്പോള്‍ തന്നെ ഭയമോ ഞെട്ടലോ ഒക്കെ തോന്നിയേക്കാം അല്ലേ? 

സിഡ്‌നിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണിത്. സാധനങ്ങള്‍ വാങ്ങാനെത്തിയ യുവതിയാണ് മൂന്ന് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെ ആദ്യം കണ്ടത്. 

ഷെല്‍ഫുകള്‍ക്കിടയില്‍ നിന്ന് തനിക്ക് നേരെ തലനീട്ടിക്കൊണ്ട് നില്‍പായിരുന്നു പാമ്പെന്ന് അവര്‍ പറയുന്നു. മൃഗസംരക്ഷകയായ യുവതി തന്നെയാണ് പിന്നീട് പാമ്പിനെ അവിടെ നിന്ന് മാറ്റാന്‍ സഹായിച്ചതും. 

'തികച്ചും അപ്രതീക്ഷിതമായ സംഭവമായിരുന്നു. എങ്കിലും പൊതുവേ മൃഗങ്ങളുമായും പ്രത്യേകിച്ച് പാമ്പുകളുമായും അടുത്തിടപഴകുന്ന ഒരാളെന്ന നിലയില്‍ എനിക്കത് ഷോക്ക് ആയില്ല. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷേ അത് വലിയ ആഘാതം സൃഷ്ടിച്ചേനെ. എന്റെ മുഖത്തിന് തൊട്ടടുത്തേക്ക് തല നീട്ടി നില്‍ക്കുന്ന നിലയിലായിരുന്നു പാമ്പ്...'- യുവതി പറയുന്നു.

വിഷമില്ലാത്ത 'ഡയമണ്ട് പൈത്തണ്‍' എന്നറിയപ്പെടുന്ന ഇനത്തില്‍ പെടുന്ന പാമ്പായിരുന്നു അത്. എങ്ങനെയോ രാത്രിയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് പെട്ടുപോയതാകാമെന്നാണ് കരുതപ്പെടുന്നത്. ഹെലയ്‌ന എന്ന യുവതിയുടെ തന്നെ നേതൃത്വത്തില്‍ പാമ്പിനെ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് നിന്ന് മാറ്റി ദൂരെ വനവാസമേഖലയിലേക്ക് എത്തിച്ചു. 

ആദ്യം പാമ്പിനെ കണ്ടപ്പോള്‍ തന്നെ ഹെലയ്‌ന അതിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് വൈറലായതോടെയാണ് കൗതുകകരമായ സംഭവം പുറംലോകമറിഞ്ഞത്. 

വീഡിയോ കാണാം...

YouTube video player

Also Read:- കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്; ഒടുവിൽ സംഭവിച്ചത്...