ബാഹുബലിയിലെ വില്ലനായിട്ടെത്തി തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തനായ റാണ ദഗ്ഗുബാട്ടിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ശനിയാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു റാണയുടെയും മിഹീക ബജാജിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. 

മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത, ഭർത്താവും നടനുമായ നാ​ഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. 

വിവാഹത്തിന് മിഹീക ധരിച്ച ലെഹങ്കയുടെ പ്രത്യേകതകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹെവി വര്‍ക്കുള്ളതും എലഗന്റ് ലുക്കുമുള്ള ലെഹങ്കയാണ് മിഹീക വിവാഹദിവസം ധരിച്ചത്. പ്രമുഖ ഡിസൈനറായ അനാമിക ഖന്നയാണ് മിഹീകയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്തത്. 

 

ക്രീമും സ്വര്‍ണനിറവും ചേര്‍ന്ന ലെഹങ്കയാണ് വിവാഹവസ്ത്രമായി തിരഞ്ഞെടുത്തത്. സര്‍ദോസി, ചിങ്കക്കാരി ത്രെഡ് വര്‍ക്ക് ചെയ്ത ബ്ലൗസും സ്വര്‍ണനിറത്തിലുള്ള മെറ്റല്‍ വര്‍ക്ക് ചെയ്‌തെടുത്ത ദുപ്പട്ടയും ലെഹങ്കയെ മനോഹരമാക്കി. നിരവധി ആളുകള്‍ ചേര്‍ന്ന് 10,000 മണിക്കൂറുകള്‍ കൊണ്ടാണ് മിഹീകയുടെ വസ്ത്രം നെയ്‌തെടുത്തതെന്നും അനാമിക ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കൈയിലും കഴുത്തിലും നിറയെ ആക്‌സസറിസും മിഹീക അണിഞ്ഞിരുന്നു. ഓഫ് വൈറ്റ് നിറത്തിലുള്ള ഷര്‍വാണിയായിരുന്നു റാണയുടെ വേഷം.

 

 

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഹല്‍ദി ആഘോഷങ്ങളൊക്കെ അതിവിപുലമായിട്ടായിരുന്നു നടത്തിയത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു മെഹന്ദി ചടങ്ങിന് മിഹീക ധരിച്ചത്. ഹല്‍ദിക്ക് മഞ്ഞ നിറത്തിലുളള ലെഹങ്കയും. ഒപ്പം ധരിച്ച ഷെല്‍ ജ്വല്ലറി ആയിരുന്നു ഹൈലൈറ്റ്. 

 

 

Also Read: റാണ ദഗുബാട്ടി വിവാഹിതനായി; വധു മിഹീക ബജാജ്...