ഒരു ബിരുദമെങ്കിലും കയ്യിലായാല്‍ ഉന്നത വിദ്യാഭ്യാസത്തിന് പോകാനാകാതെ ഉടന്‍ തന്നെ ഒരു തൊഴിലിന് വേണ്ടി അലഞ്ഞുനടക്കേണ്ടി വരുന്ന എത്രയോ ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. ഇനി, കഷ്ടപ്പെട്ടും ഒരുപാട് ഓടിനടന്നും ഒരു ജോലി ശരിയായാല്‍ തന്നെ അടുത്ത പ്രശ്‌നം ശമ്പളമാണ്. 

ഇന്ത്യയിലെ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട്, ഞെട്ടിക്കുന്ന കണക്കുകളാണ് അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ 'സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്‌മെന്റ്' മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടത്. അതായത് രാജ്യം മുന്നോട്ട് കുതിക്കുന്നുവെന്ന് പറയപ്പെടുമ്പോഴും കഴിഞ്ഞ 20 വര്‍ഷമായി തൊഴിലില്ലായ്മയുടെ നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായാണ് ഇവരുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. 

82 ശതമാനം പുരുഷന്മാര്‍ക്കും 92 ശതമാനം സ്ത്രീകള്‍ക്കും പതിനായിരം രൂപയില്‍ കുറവ് ശമ്പളമണത്രേ ലഭിക്കുന്നത്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്‍ മിനിമം വേതനം 18,000 രൂപയാക്കി നിശ്ചയിച്ചതിന് ശേഷമാണ് ഈ സാഹചര്യം തുടരുന്നത് എന്നത് ശ്രദ്ധേയമാണ്.

തുച്ഛമായ ശമ്പളം വാങ്ങുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് സമൂഹത്തിന്റെ ആകെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമൂഹിക നിരീക്ഷകരും മനശാസ്ത്ര വിദഗ്ധരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതായത്, ജീവിതച്ചെലവുകളെ കൂട്ടിമുട്ടിക്കാന്‍ കഴിയാതാകുന്നതോടെ ആളുകളില്‍ അസംതൃപ്തി വര്‍ധിച്ചുവരും. 

ഈ അസംതൃപ്തി കുടുംബത്തേയും ജോലിസ്ഥലത്തേയും അന്തരീക്ഷത്തെ വളരെ മോശമായ തലത്തില്‍ ബാധിക്കുന്നു. നിരാശയും, സമ്മര്‍ദ്ദവും അതുവഴി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നു. ഇതോടെ ക്രിയാത്മകമായ ശേഷികള്‍ ആളുകള്‍ക്ക് നഷ്ടപ്പെടുന്നു. ഓരോ മനുഷ്യന്റേയും അസംതൃപ്തിയും അനാരോഗ്യകരമായ മാനസികാവസ്ഥയും പതിയെ അയാളുടെ എല്ലാ പരിസരങ്ങളേയും മലിനമാക്കും. 

ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ള രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. സാമ്പത്തികഘടനയിലെ ഈ പ്രകടമായ അന്തരവും, പരിതസ്ഥിതിയും ദിനംപ്രതി ക്ഷീണിച്ചുവരുന്ന മാനസികാരോഗ്യവും ചേര്‍ത്തുവായിക്കേണ്ടത് തന്നെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. സാമ്പത്തിക സുരക്ഷ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യമായിത്തന്നെ കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും ഇവര്‍ ഒന്നിച്ച് പറയുന്നു.