കൊറോണ വൈറസ് എന്ന മാരക രോഗകാരിക്ക് മുമ്പ് ഒരുപക്ഷേ നമ്മള്‍ 'സാമൂഹികാകലം' എന്നൊരു സംഗതിയെക്കുറിച്ച് ചിന്തിച്ച് കാണുകയില്ല, അല്ലേ? എന്നാല്‍ ഇപ്പോള്‍ ഏത് കൊച്ചുകുട്ടിക്ക് പോലും എന്താണ് 'സാമൂഹികാകലം' അല്ലെങ്കില്‍ 'സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്' എന്ന് അറിയാം. 

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സാമൂഹികാകലം പാലിക്കണമെന്ന നിര്‍ദേശം വച്ചത്. എന്നാല്‍ കൊറോണ അത്ര പെട്ടെന്നൊന്നും പോകുന്ന ലക്ഷണമില്ലാത്തതിനാല്‍ തന്നെ, ഈ സാമൂഹികാകലവും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. 

മുമ്പത്തേത് പോലെ, അടുത്തടുത്ത് നില്‍ക്കാനും അടുത്തിടപഴകാനുമെല്ലാം ഇനിയെന്ന് കഴിയുമെന്ന് ആര്‍ക്കും പറയാനാകാത്ത അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ സാമൂഹികാകലം ഉറപ്പുവരുത്താന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ കൈക്കൊള്ളാമെന്ന ചിന്തയിലാണ് തൊഴില്‍ മേഖലകളും, വ്യവസായ മേഖലകളുമെല്ലാം. 

 

 

ഇതിന് ഒന്നാന്തരം മാതൃകയാവുകയാണിപ്പോള്‍ ജര്‍മ്മനി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം റെസ്‌റ്റോറന്റുകള്‍ തുറന്നപ്പോള്‍ ആളുകള്‍ പരസ്പരം സാമൂഹികാകലം പാലിക്കുന്നതിനായി കടയുടമകള്‍ കണ്ടെത്തിയ സൂത്രം വ്യാപകമായ ശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്. 

ആറ് അടിയെങ്കിലും പരസ്പരം സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിയ കിരീടങ്ങളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. പല ഡിസൈനുകളിലാണ് കിരീടങ്ങള്‍. ചിലയിടങ്ങളില്‍ 'ഇന്നര്‍ ട്യൂബുകള'ും ഉപയോഗിക്കപ്പെടുന്നുണ്ട്. 

 

ചില റെസ്റ്റോറന്റുകള്‍ ഇരിപ്പിടങ്ങളെല്ലാം 'പ്രൈവറ്റ്' ആക്കിയിരിക്കുകയാണ്. ഒരു സമയത്ത്, ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന തരത്തില്‍ ഇത് ക്രമീകരിക്കും. അതുപോലെ മേശയ്ക്ക് നടുവില്‍ ചില്ല് കൊണ്ട് സ്‌ക്രീന്‍ വച്ചും റെസ്‌റ്റോറന്റുകള്‍ 'സാമൂഹികാകലം' ഉറപ്പുവരുത്തുന്നുണ്ട്. 

Also Read:- 'ഇങ്ങനെയൊന്നും കൊറോണ പകരാനിടയില്ല'; പുതിയ വാദവുമായി ആരോഗ്യപ്രവര്‍ത്തകര്‍...

പൊതുവില്‍ രോഗവ്യാപനത്തിന് ഏറിയ സാധ്യതകളുള്ള മേഖലകളാണ് ഹോട്ടല്‍- റെസ്‌റ്റോറന്റ് പോലുള്ള കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ ആളുകള്‍ ധാരാളമായി വന്നുപോവുകയും അടുത്തിടപഴകുകയും ചെയ്യും. അതിനാല്‍ത്തന്നെ ഇത്തരം സ്ഥലങ്ങളില്‍ സാമൂഹികാകലം കാത്തുസൂക്ഷിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ തീര്‍ച്ചയായും കൈക്കൊള്ളേണ്ടി വരും. ആ അര്‍ത്ഥത്തില്‍ ഇന്ന് ജര്‍മ്മനി കാട്ടുന്ന മാതൃക നാളെ നമുക്കും കടമെടുക്കാമല്ലോ. 

ആകെ രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് ജര്‍മ്മനിയില്‍ കൊവിഡ് 19 ബാധിച്ചത്. ഇതില്‍ 8,352 പേര്‍ മരിച്ചു.