ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. ആദ്യ ചിത്രമായ ക്വീനിലെ ചിന്നുവിലൂടെ എത്തി ലൂസിഫറിലെ ജാൻവിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി സാനിയ മാറുകയായിരുന്നു. ഇപ്പോഴിതാ ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് സാനിയ. 'സാനിയാസ് സിഗ്നേച്ചർ' എന്നാണ് ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡിന്‍റെ പേര്. 

പുതിയ സംരംഭത്തെക്കുറിച്ചുള്ള വിവരങ്ങൾ സാനിയ സമൂഹമാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. 'പ്രിയപ്പെട്ടവരെ, എന്റെ പുതിയ സംരംഭമായ  ഓൺലൈൻ വസ്ത്ര ബ്രാൻഡിനെ പരിചയപ്പെടുത്തുന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ പുതിയ തുടക്കത്തിൽ പങ്കാളികളാവാന്‍ നിങ്ങൾ ഏവരേയും ഞാൻ ക്ഷണിക്കുന്നു. ഫാഷൻ ഇഷ്ടപ്പെടുന്നവർക്കും വസ്ത്രധാരണത്തിൽ താൽപര്യമുള്ളവർക്കും വേണ്ടിയുള്ളതാണ് സാനിയാസ് സിഗ്‌നേച്ചർ'- സാനിയ കുറിച്ചു. 

 

ബ്രാൻഡിന്റെ ലോഗോ പിടിച്ച് നിൽക്കുന്ന ഒരു ചിത്രമാണ് താരം ആദ്യം പങ്കുവച്ചത്. ശേഷം സാനിയാസ് സിഗ്നേച്ചർ എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡും താരം ആരംഭിച്ചു. അതിലൂടെ ആദ്യത്തെ വസ്ത്രത്തെയും സാനിയ പരിചയപ്പെടുത്തി. സാനിയയ്ക്ക് സിനിമാ താരങ്ങളും നിരവധി ആരാധകരും ആശംസകൾ നേരുന്നുണ്ട്.

 

Also Read: 'ഹെഡ്സ്കാർഫുകളോട് ഇഷ്ടം'; സ്റ്റൈലിഷ് ലുക്കില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്...