അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും ആ അച്ഛൻ മകള്‍ക്ക് എത്ര ധൈര്യമാണ്, എത്ര പ്രചോദനമാണ് എന്നതുമെല്ലാം വീഡിയോയില്‍ കാണാൻ കഴിയും

മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഏറെ കാഴ്ചപ്പാടുകളുള്ളൊരു കാലമാണിത്. കുട്ടികള്‍ പഠിക്കാനും, യുവാക്കള്‍ ഉയര്‍ന്ന ജോലികളില്‍ കയറിപ്പറ്റാനുമെല്ലാം ഒരുപാട് മത്സരിക്കുന്ന കാലമായതിനാല്‍ തന്നെയാണ് മാതാപിതാക്കളിലും ഇങ്ങനെയൊരു മാറ്റം.

പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വന്നിട്ടുള്ള മാറ്റമാണ് ഇതില്‍ എടുത്തുപറയേണ്ടത്. പെണ്‍കുട്ടികള്‍ അത്രയൊന്നും പഠിക്കേണ്ടതില്ല, അവര്‍ വീട് നോക്കാനുള്ളവരാണ്, മറ്റൊരു വീട്ടില്‍ പോകാനുള്ളവരാണ് എന്നിങ്ങനെയെല്ലാമുള്ള യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളില്‍ നിന്ന് വലിയൊരു വിഭാഗം പേരും മോചിപ്പിക്കപ്പെട്ടിരിക്കുകയാണിന്ന്. 

ഇതിന്‍റെ ഭാഗമായിത്തന്നെ എത്ര പ്രയാസപ്പെട്ടും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടിക്കൊടുക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് ഏറെയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ പോലും ഇതിന് വേണ്ടി എത്രയും കഷ്ടപ്പെടാം എന്ന മനോഭാവമാണ് പുലര്‍ത്തുന്നത്. 

ഇപ്പോഴിതാ ഇത്തരത്തില്‍ സെക്യൂരിറ്റി ജോലി ചെയ്ത് മകളെ യുകെയില്‍ ഉന്നതപഠനത്തിന് വിട്ട ഒരാളാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. സെക്യൂരിറ്റി ജോലിയെന്ന് പറയുമ്പോള്‍ ഇതിന് പരമാവധി കിട്ടാവുന്ന ശമ്പളം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇത് വച്ചാണ് ഇദ്ദേഹം മകളെ യുകെയില്‍ പഠിക്കാൻ അയച്ചത് എന്നത് ഏറെ ശ്രദ്ധേയം തന്നെയാണ്.

ധനശ്രീ എന്ന പെണ്‍കുട്ടിയാണ് ഒരു വീഡിയോയിലൂടെ തന്‍റെ വിജയത്തെ കുറിച്ച് പങ്കിട്ടത്. അച്ഛനൊപ്പം അല്‍പം ഇമോഷണലായി നില്‍ക്കുന്ന, അച്ഛനെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്ന ധനശ്രീയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. നീ വെറുമൊരു സെക്യൂരിറ്റി ജീവനക്കാരനാണ്, നിനക്ക് മകളെ വിദേശത്ത് പഠിക്കാൻ അയക്കാനൊന്നും കഴിയില്ല എന്ന് എന്‍റെ അച്ഛനോട് പറഞ്ഞവരോടെല്ലാം ഞാൻ പറയുന്നു - എന്‍റെ അച്ഛൻ എന്‍റെ ലൈഫ് ഗാര്‍ഡാണ്, അദ്ദേഹം അത് ചെയ്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് പിന്നീട് വീഡിയോ പോകുന്നത്.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും സൗഹൃദവും ആ അച്ഛൻ മകള്‍ക്ക് എത്ര ധൈര്യമാണ്, എത്ര പ്രചോദനമാണ് എന്നതുമെല്ലാം വീഡിയോയില്‍ കാണാൻ കഴിയും. ബിരുദപഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ വീഡിയോ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദി പപ്പാ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അച്ഛനും മകള്‍ക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നത്. ഇത്രയധികം പേരെ തന്‍റെ കഥ സ്വാധീനിക്കുമെന്ന് അറിയില്ലായിരുന്നുവെന്ന് വീഡിയോ വൈറലായതിന് പിന്നാലെ ധനശ്രീ കുറിച്ചു. തന്‍റെ വിജയം സ്വന്തം വിജയമായി ഇത്രയധികം പേര്‍ കണ്ടു എന്നറിഞ്ഞതിലുള്ള സന്തോഷവും ധനശ്രീ രേഖപ്പെടുത്തി.

ധനശ്രീ അച്ഛന് വേണ്ടി പങ്കുവച്ച വീഡിയോ...

View post on Instagram

Also Read:- വ്യത്യസ്തനായൊരു ഹെയര്‍ സ്റ്റൈലിസ്റ്റ്; വീഡിയോ ശ്രദ്ധിക്കപ്പെടുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo