ജോലിക്ക് അപേക്ഷിച്ച് മടുത്ത ഒരുദ്യോഗാര്‍ത്ഥി ഒടുവില്‍ വ്യത്യസ്തമായൊരു അപേക്ഷയുമായി ഒരു കമ്പനി ഉടമയെ സമീപിച്ചു. അതായത്, ഒരു കൂടയില്‍ നിറയെ സ്വീറ്റ്‌സ്. അതിനൊപ്പം ഒരു കുറിപ്പും

വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും ആവശ്യത്തിന് തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. അതിനാല്‍ തന്നെ ജോലിക്ക് വേണ്ടി ഓരോ കമ്പനികളുടെയും പടി കയറിയുമിറങ്ങിയും ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും വരെ പാഴാക്കേണ്ടി വരുന്ന യുവതലമുറയാണ് നമ്മുടേത്. 

ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാവുന്നതും എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ച് അല്‍പം വിചിത്രം എന്ന് തോന്നാന്‍ സാധ്യതയുള്ളതുമായൊരു കഥയാണ് ഇനി പറയുന്നത്. സംഗതി, കഥയാണോ സംഭവമാണോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. റെഡ്ഡിറ്റിലാണ് ആദ്യമായി ഈ അപേക്ഷ പ്രത്യക്ഷപ്പെട്ടത്.

ജോലിക്ക് അപേക്ഷിച്ച് മടുത്ത ഒരുദ്യോഗാര്‍ത്ഥി ഒടുവില്‍ വ്യത്യസ്തമായൊരു അപേക്ഷയുമായി ഒരു കമ്പനി ഉടമയെ സമീപിച്ചു. അതായത്, ഒരു കൂടയില്‍ നിറയെ സ്വീറ്റ്‌സ്. അതിനൊപ്പം ഒരു കുറിപ്പും. മിക്ക അപേക്ഷകളും ഒടുവില്‍ ചെന്നുവീഴുന്നത് കുപ്പത്തൊട്ടിയിലായിരിക്കും, എന്നാല്‍ എന്റെ അപേക്ഷ ചെന്നെത്തുക നിങ്ങളുടെ വയറ്റിലായിരിക്കുമല്ലോ എന്നിങ്ങനെയാണ് കുറിപ്പ് തുടങ്ങുന്നത്. 

റെഡ്ഡിറ്റില്‍ വന്ന് ചുരുങ്ങിയ സമയത്തിനകം തന്നെ വ്യത്യസ്തമായ അപേക്ഷ വൈറലായി. നിരവധി പേരാണ് ഇത് പിന്നീട് പങ്കുവച്ചത്. ഇത് അനുകരണീയമാം വിധത്തിലുള്ള അപേക്ഷയല്ലെന്നും ഇങ്ങനെയെല്ലാം തൊഴിലുടമയെ സമീപിച്ചാല്‍ ജോലി ലഭിക്കുകയില്ലെന്നും പലരും കുറിക്കുന്നു. അതേസമയം ഒരുപാട് അലഞ്ഞുതിരിഞ്ഞ് നടന്നിട്ടും ജോലിയാകാത്ത ഉദ്യോഗാര്‍ത്ഥികളുടെ വൈകാരികതയെന്ന നിലയില്‍ ഈ അപേക്ഷ നല്‍കുന്ന സന്ദേശത്തെ ഉള്‍ക്കൊള്ളുന്നുവെന്നും ഇവര്‍ കുറിക്കുന്നു.

Also Read:- ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം സൗജന്യമായി യുവാവിന് ലഭിച്ചത് ഒരു കുപ്പി മൂത്രവും...