സ്കൂള്‍ സമയത്തിന് ശേഷം എല്ലാവരും ക്ലാസ്മുറികളും മറ്റും അടച്ച് പൂട്ടി പോയപ്പോള്‍ അവിടെ ഒരു ഏഴ് വയസുകാരി മണിക്കൂറുകളോളം പെട്ടുപോയതാണ് സംഭവം. ഉത്തര്‍പ്രദേശിലെ സംഫാലിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. 

നമ്മുടെ വീടുകളില്‍ നിന്ന് കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഇന്ന് മാതാപിതാക്കള്‍ക്ക് പല തരത്തിലുളള ആശങ്കകളാണ്. പ്രത്യേകിച്ച് പെൺകുട്ടികളെ ചൊല്ലിയാണ് ഏറെയും മാതാപിതാക്കള്‍ ആശങ്കപ്പെടാറ്. സ്കൂളുകളിലയക്കുന്ന കുട്ടികള്‍ക്ക് അവിടെ സുരക്ഷിതത്വവും കരുതലും ലഭിക്കുമെന്ന പ്രതീക്ഷയിലും സമാധാനത്തിലുമാണ് മാതാപിതാക്കള്‍ ജോലിസ്ഥലത്തും വീട്ടിലുമെല്ലാമിരിക്കുന്നത്. 

എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പ്രതീക്ഷയ്ക്ക് ഭംഗം വരുന്നുവെന്നത് വേദനിപ്പിക്കുന്ന കാര്യം തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളെ സംബന്ധിക്കുന്ന വിഷയമാകുമ്പോള്‍ ഏറെയൊന്നും ചിന്തിക്കാൻ ആര്‍ക്കുമാവില്ല. പെട്ടെന്ന് തന്നെ വൈകാരികമായി തളരാൻ ഇത് കാരണമാകും.

സമാനമായൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. സ്കൂള്‍ സമയത്തിന് ശേഷം എല്ലാവരും ക്ലാസ്മുറികളും മറ്റും അടച്ച് പൂട്ടി പോയപ്പോള്‍ അവിടെ ഒരു ഏഴ് വയസുകാരി മണിക്കൂറുകളോളം പെട്ടുപോയതാണ് സംഭവം. ഉത്തര്‍പ്രദേശിലെ സംഫാലിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്. 

സ്കൂള്‍ വിട്ട ശേഷം അധ്യാപകരും മറ്റ് ജീവനക്കാരും കുട്ടികളിലുമെല്ലാം പോയിരുന്നു. പക്ഷേ ക്ലാസ്മുറി അവസാനമായി പൂട്ടിയ ജീവനക്കാര്‍ ആരാണോ അവരുടെ അശ്രദ്ധ മൂലം ഏഴുവയസുകാരിയായ വിദ്യാര്‍ത്ഥി ക്ലാസ്മുറിക്ക് അകത്ത് പെടുകയായിരുന്നു. സമയത്തിന് കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ സ്കൂളില്‍ വന്ന് അന്വേഷിച്ചുവെങ്കിലും അവിടെ കുട്ടികളാരുമില്ലെന്നായിരുന്നു ജീവനക്കാര്‍ അറിയിച്ചത്.

ഇതോടെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുട്ടിക്കായി വ്യാപക തിരച്ചില്‍ തന്നെ നടത്തി. എന്നാല്‍ എവിടെയും കുട്ടിയെ കുറിച്ചുള്ള സൂചനകളുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ 8 മണിക്ക് സ്കൂള്‍ തുറന്നപ്പോഴാണ് കുട്ടി ക്ലാസ്മുറിയില്‍ അകപ്പെട്ട് പോയതാണെന്ന് മനസിലാകുന്നത്. 18 മണിക്കൂറാണ് ഏഴ് വയസുകാരി തനിയെ സ്കൂളിലെ ക്ലാസ്മുറിയില്‍ കഴിഞ്ഞത്. ഇക്കാലത്ത് പെൺകുട്ടികളെ ചൊല്ലി മാതാപിതാക്കള്‍ അനുഭവിക്കുന്ന ആശങ്കകളും ഉത്കണ്ഠയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സ്കൂളിന്‍റെ ഭാഗത്തുനിന്ന് വന്ന പിഴവ് ക്ഷമ അര്‍ഹിക്കുന്നതല്ല എന്നുതന്നെ പറയേണ്ടിവരും. അതിനാല്‍ തന്നെ ഉത്തരവാദിത്തപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസര്‍ അറിയിക്കുന്നത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ മലയാളിയായ നാല് വയസുകാരി അബദ്ധത്തില്‍ സ്കൂള്‍ ബസില്‍ പെട്ടുപോയതിനെ തുടര്‍ന്ന് ദാരുണമായി മരിച്ച സംഭവം നമ്മെയെല്ലാം ഏറെ ഞെട്ടിച്ചതാണ്. ഇത്തരത്തിലുള്ള വേദനാജനകമായ സംഭവങ്ങള്‍ എവിടെയും ആവര്‍ത്തിക്കരുതേ എന്ന് മാത്രമാണ് കുട്ടികളുള്ള ഓരോ കുടുംബവും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഉത്തരവാദിത്തപ്പെട്ടവരെല്ലാം തന്നെ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തുകയും വേണ്ടതാണ്. 

Also Read:- ടിവി റിപ്പോര്‍ട്ടറെ പോലെ ലൈവില്‍ വിദ്യാര്‍ത്ഥി; സ്കൂളിലെ കാര്യങ്ങളെല്ലാം പുറത്തായി