Asianet News MalayalamAsianet News Malayalam

കുടവയർ കുറയ്ക്കാൻ ചില എളുപ്പവഴികള്‍ ഇതാ...

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം

Simple Ways to Lose Belly Fat
Author
Thiruvananthapuram, First Published Dec 18, 2019, 2:57 PM IST

പലരുടെയും പ്രധാന പ്രശ്നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനൽ ഒബിസിറ്റി അഥവാ സെൻട്രൽ ഒബിസിറ്റി എന്ന് പറയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഇത് ഉണ്ടാക്കാം. 

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. 

ഒന്ന്...

പട്ടിണി കിടന്ന് വയര്‍ കുറയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൂടുതൽ ദോഷം ചെയ്യും. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസം കുറയ്ക്കും. മാത്രമല്ല രാവിലെ കഴിക്കാതിരുന്നതിലൂടെ ഉച്ചയ്ക്ക് ഇരട്ടി ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് വയർ ചാടാൻ കാരണമാകും. 

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, പ്രോട്ടീൻ ധാരാളമായി അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും പിന്നീടുള്ള സമയം കുറച്ചു മാത്രം കഴിക്കാനും സഹായിക്കും.

രണ്ട്...

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയർ കൂട്ടും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും. 

മൂന്ന്...

വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം  ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

നാല്...

കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടും. മെറ്റബോളിക് ഡിസീസുമായി ബന്ധപ്പെട്ട അപകടകരമായ കൊഴുപ്പ് അധികമായി വയറിൽ അടിഞ്ഞുകൂടാനും ഇത് കാരണമാകും. 

അഞ്ച്...

വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപെ വെള്ളം കുടിച്ചാൽ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും.

ആറ്...

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യനാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞതായും തോന്നിപ്പിക്കും.


 

Follow Us:
Download App:
  • android
  • ios