ജെൻ സി കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങൾ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും അതുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളുമാണ്. മറ്റ് തലമുറകളെ അപേക്ഷിച്ച് ജെൻ സി കൾ ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗിക്കുന്നവരാണ്.

നിങ്ങൾ ഉറങ്ങറുണ്ടോ ? അതോ രാവിലെ വരെയും ഫോൺ താഴെ വെക്കാൻ കഴിയാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരിൽ നിങ്ങളും ഉൾപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക. മൊബൈലിൽ ഒതുങ്ങിയ നിങ്ങളുടെ ലോകം ഉറക്കത്തെ മാത്രമല്ല, ആരോഗ്യത്തെയും കവർന്നെടുക്കുകയാണ്. 

മറ്റ് തലമുറകളെ അപേക്ഷിച്ച് ജെൻ സി കൾ ഏറ്റവും കൂടുതൽ മൊബൈൽ ഉപയോഗിക്കുന്നവരാണ്. ഉറങ്ങാൻ കിടന്നാലും റീൽസുകളും ഷോട്‌സുകളും കണ്ട് സമയം പോവുന്നതറിയില്ല. ഇതിനെ ശാസ്ത്രം വിളിക്കുന്നത് 'സ്ലീപ്പ് പ്രോക്രാസ്റ്റിനേഷൻ' എന്നാണ്. ഉറക്കത്തെ മനഃപൂർവം നാളത്തേക്ക് മാറ്റി വെക്കുന്ന പ്രവണത. രാത്രിയിൽ മൊബൈലിൽ നിന്ന് വരുന്ന നീല വെളിച്ചം, നമ്മുടെ ശരീരത്തെ ഉറക്കത്തിലേക്ക് നയിക്കേണ്ട പ്രധാന ഹോർമോണായ മെലടോണിന്റെ ഉത്പാദനത്തെ പൂർണ്ണമായി തടയുന്നു. ഓരോ നോട്ടിഫിക്കേഷനും, ഓരോ ലൈക്കും നമ്മുടെ മസ്തിഷ്കത്തിലെ ഡോപാമിൻ ലെവൽ കൂട്ടുന്നു. ഇതിലൂടെ ഉറങ്ങേണ്ട സമയത്തും തലച്ചോറ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

'ഫോമോ' എന്ന ‘മാരകവൈറസ്’

'Fear of Missing Out' അഥവാ 'ഫോമോ' ഇന്ന് ജെൻ സി യെ പിടികൂടിയ ഒരു മാരകവൈറസാണ്. സോഷ്യൽ മീഡിയയിൽ പുതിയതായി എന്തെങ്കിലും ട്രെൻഡ് വന്നിട്ടുണ്ടോ, കൂട്ടുകാർ എന്തു ചെയ്യുന്നു എന്നറിയാനുള്ള ഈ അമിതമായ ആകാംഷയാണ് ഉറക്കത്തെ ഇല്ലാതാക്കുന്നത്. അതുകൂടാതെ Social Media Fatigue എന്ന അവസ്ഥ ഈ തലമുറയെ മാനസികമായി തളർത്തുന്നു. നിരന്തരമായ 'പോസ്റ്റുകളും' 'സ്റ്റാറ്റസുകളും' കാണുമ്പോൾ സ്വന്തം ജീവിതം മോശമാണെന്ന തോന്നൽ ഉണ്ടാകുന്നു. ഇത് ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്നു.

ഇത് വെറും ഉറക്കമില്ലായ്മയല്ല, ആരോഗ്യപ്രതിസന്ധിയാണ്

ഉറക്കക്കുറവ് തമാശയല്ല. അത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന് മൂന്ന് പ്രധാന പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്

  • പ്രതിരോധശേഷി കുറയുന്നു, ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുന്നു.
  • കടുത്ത ഉത്കണ്ഠ, വിഷാദം, പെട്ടെന്നുള്ള ദേഷ്യം.
  • പഠനത്തിലും ജോലിയിലും ശ്രദ്ധക്കുറവ്

ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു 'ഡിജിറ്റൽ ഡിറ്റോക്സ്' എടുക്കേണ്ടത് അത്യാവശ്യമാണ്.

  • രാത്രി 10 മണിക്ക് ശേഷം ഫോൺ മറ്റ് മുറിയിലേക്ക് മാറ്റുക.
  • കിടക്ക ഉറങ്ങാൻ വേണ്ടി മാത്രം ഉപയോഗിക്കുക; അവിടെയിരുന്ന് പഠിക്കുകയോ, ജോലി ചെയ്യുകയോ, ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്.
  • കിടക്കും മുമ്പ് പുസ്തകം വായിക്കുക, മെഡിറ്റേഷൻ ചെയ്യുക, അല്ലെങ്കിൽ ശാന്തമായ സംഗീതം കേൾക്കുക.

ഈ മാറ്റങ്ങൾ സമാധാനപരമായ ഉറക്കവും മെച്ചപ്പെട്ട ആരോഗ്യവും നൽകാൻ നിങ്ങളെ സഹായിക്കും.