ഒരു മാസം മാത്രം പ്രായമായ തന്‍റെ കുഞ്ഞിനെ കൊല്ലാന്‍ ആവശ്യപ്പെട്ടും പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പോസ്റ്റുകളില്‍ മനംമടുത്ത് പൊട്ടിക്കരഞ്ഞ് 22 കാരി. മരിയ ക്വൊസ്റ്റന്‍റ്സേവയാണ് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ പരിഹാസത്തിന് ഇരയായത്. സോഷ്യല്‍മീഡിയയില്‍ നിന്ന് മാത്രമല്ല, ശരീരത്തിന്‍റെ മുക്കാല്‍ ഭാഗവുമുള്ള മറുകിന്‍റെ പേരില്‍ കുഞ്ഞിനെ മാമോദീസ മുക്കാന്‍ വരെ വൈദികന്‍ വിസമ്മതിച്ചുവെന്നും റഷ്യക്കാരിയായ ഈ അമ്മ പറയുന്നു. മറുക് പകരുമെന്ന് പറഞ്ഞാണ് പുരോഹിതന്‍ ചടങ്ങില്‍ നിന്ന് പിന്മാറിയത്. 

പുരോഹിതന്‍റെ പെരുമാറ്റം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞതോടെയാണ് ഒരുപറ്റം ആളുകള്‍ ഈ അമ്മയ്ക്കും കുഞ്ഞിനുമെതിരെ തിരിഞ്ഞത്. തന്നെ തകര്‍ത്തത് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ച ക്രൂരമായ പരിഹാസങ്ങളും കുത്തുവാക്കുകളുമാണെന്ന് പറയുന്നു മരിയ. കുഞ്ഞിനെ ട്രയിനിന് അടിയില്‍ കൊണ്ടുപോയി കളയാനാണ് അവര്‍ പറഞ്ഞതെന്ന് വ്യക്തമാക്കി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ അമ്മ പൊട്ടിക്കരഞ്ഞു. 

''അപരിചിതരില്‍നിന്നടക്കം നിരവധി സന്ദേശങ്ങളും ഫോണ്‍കോളുകളുമാണ് ലഭിച്ചത്. എല്ലാവരും ആവശ്യപ്പെടുന്നത് എന്‍റെ കുഞ്ഞിനെയങ്ങ് കൊന്ന് കളയാനാണ് ഒരു സ്ത്രീ എന്നോട് പറഞ്ഞു, 'നിങ്ങളുടെ കുഞ്ഞിനെ കൊന്ന് കളയൂ, ഒരു ട്രെയിനിന് താഴേക്ക് വലിച്ചെറിയൂ'' എന്ന്. 'ഇങ്ങനെ ആകുന്നതിലും ഭേദം മരിക്കുന്നതാണ്', 'അതിനെ നിങ്ങള്‍ ആസിഡ് മഴയില്‍ കൊണ്ടുനിര്‍ത്തണം' ഇങ്ങനെ പോകുന്നു അവരുടെ സന്ദേശങ്ങള്‍''

ആ അമ്മയുടെ മനസ്സ് നോവിച്ച ക്രൂരമായ സന്ദേശങ്ങളില്‍ റഷ്യന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.  യുവതിയുടെ അഭിമുഖം കണ്ടതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. മരിയയുടെ മകള്‍ വികയ്ക്ക് ഇപ്പോള്‍ ആറ് മാസം പ്രായമായി. ഇപ്പോഴും മറുകിന്‍റെ പേരില്‍ ക്രൂരമായ ആക്രമണങ്ങള്‍ കുഞ്ഞ് നേരിടുന്നുണ്ട്. കുഞ്ഞിന് നേരെ ചൂണ്ടി അവര്‍ പരിഹസിച്ച് ചിരിക്കുകയാണെന്നും അവര്‍ പറയുന്നു. മറുകുമായാണ് വിക ജനിച്ചത്.  ഇത് അര്‍ബുധമല്ല, എന്നാല്‍ ഇത്തരക്കാര്‍ക്ക് ത്വക്കില്‍ അര്‍ബുധരോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.