ഗായികയായ ലിവ് ഹാര്‍ലന്‍ഡ് തെരുവില്‍ നിന്ന് പാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തൊട്ടടുത്തുള്ളൊരു കുപ്പത്തൊട്ടിയില്‍ നിന്ന് ഒരു മനുഷ്യന്‍ പഴകിയ ഭക്ഷണം പെറുക്കിയെടുക്കുന്നത് അവര്‍ കാണാനിടയായി. ഉടന്‍ തന്നെ അവര്‍ അയാള്‍ക്കരികിലേക്ക് ചെന്ന് അയാളോട് പണം നല്‍കിയാന്‍ നല്ല ഭക്ഷണം വാങ്ങി കഴിക്കുമോയെന്ന് ചോദിക്കുന്നു

തെരുവില്‍ ഭക്ഷണമില്ലാതെ അലഞ്ഞുനടക്കുന്ന ( Homeless People ) എത്രയോ പേരെ നാം കണ്ടിട്ടുണ്ട്. പലപ്പോഴും ആരാലും സഹായിക്കപ്പെടാതെ മുഴുപട്ടിണിയിലാകാം അവര്‍. എങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും അപരിചിതരായ മനുഷ്യരുടെ കരുണയില്‍ ( Human Kind) അവരും ഒരുനേരത്തെ ആഹാരം കഴിക്കുന്നുണ്ടാകാം. 

നമ്മുടെ കണ്‍മുന്നില്‍ കാണുന്ന ഓരോ കാഴ്ചയിലും ഒരുപക്ഷേ നാം ഇടപെടേണ്ടതായ ഒരു സാധ്യത ഉണ്ടായിരിക്കാം. അത് കാണാന്‍ കഴിയുകയെന്നതും, അതില്‍ തന്നാല്‍ കഴിയുന്നത് പോലെ ഇടപെടാന്‍ കഴിയുകയെന്നതുമാണ് പ്രധാനം. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നൊരു വീഡിയോ ഇതേ സന്ദേശം തന്നെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. തെരുവില്‍ നിന്ന് ലൈവ് ആയി പാട്ട് പാടുന്ന ഒരു ഗായിക, ദരിദ്രനനായ ഒരു മനുഷ്യനോട് മറ്റൊന്നും പ്രതീക്ഷിക്കാതെ കാണിക്കുന്ന കരുതലാണ് വീഡിയോയിലുള്ളത്. 

യുകെയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഗായികയായ ലിവ് ഹാര്‍ലന്‍ഡ് തെരുവില്‍ നിന്ന് പാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തൊട്ടടുത്തുള്ളൊരു കുപ്പത്തൊട്ടിയില്‍ നിന്ന് ഒരു മനുഷ്യന്‍ പഴകിയ ഭക്ഷണം പെറുക്കിയെടുക്കുന്നത് അവര്‍ കാണാനിടയായി. ഉടന്‍ തന്നെ അവര്‍ അയാള്‍ക്കരികിലേക്ക് ചെന്ന് അയാളോട് പണം നല്‍കിയാന്‍ നല്ല ഭക്ഷണം വാങ്ങി കഴിക്കുമോയെന്ന് ചോദിക്കുന്നു. അയാള്‍ അത് സമ്മതിക്കുന്നതോടെ തനിക്ക് പാടിക്കിട്ടിയ പണം എടുത്ത് അവര്‍ അയാള്‍ക്ക് നല്‍കുകയാണ്. 

തുടര്‍ന്ന് വീണ്ടും പാട്ടിലേക്ക് തന്നെ തിരിയുകയാണ് ഗായിക. തിരക്കുള്ള തെരുവാണത്. മറ്റാരും തന്നെ ഇക്കാര്യം ശ്രദ്ധിക്കുന്നതായി തോന്നുകയില്ല. ആരെങ്കിലും കാണാന്‍ വേണ്ടിയോ മറ്റോ അല്ല ഗായിക അത് ചെയ്യുന്നതെന്നും കാഴ്ചക്കാര്‍ക്ക് ഉറപ്പ് തോന്നാം. 

എന്നാല്‍ അടുത്ത നിമിഷം തന്നെ ഇത് കണ്ടുനില്‍ക്കുകയായിരുന്ന ഒരു യുവാവ് ഗായികയുടെ സമീപത്തേക്ക് നടന്നുവരികയും അവര്‍ ദരിദ്രനനായ മനുഷ്യനെ സഹായിക്കാന്‍ ചിലവിട്ട പണത്തിന്റെ ഇരട്ടി അവരുടെ സംഭാവനയിലേക്ക് ഇടുകയും ചെയ്യുകയാണ്. ലിവ് ഹാര്‍ലന്‍ഡ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്കുവച്ചത്. 

'കര്‍മ്മം' എന്നത് മഹത്തരമാണ്. നമ്മള്‍ മറ്റുള്ളവരോട് കരുണയുള്ളവരാകുമ്പോള്‍ അതേ കരുണ നമുക്കും ലഭിക്കുമെന്ന അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. പലരും ഒരു മാതൃകയെന്ന നിലയില്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- കഴിക്കാന്‍ ഭക്ഷണം കൊടുത്ത ശേഷം അമ്മ കാണുന്നത്...; രസകരമായ വീഡിയോ