അവധി ദിവസം തീരുന്ന സങ്കടമാണ് തിങ്കളാഴ്ചയെ നിരാശയുള്ളതാക്കി മാറ്റുന്നതെന്നും, അവധിയിലേക്ക് കടക്കുന്നു എന്ന നിലയ്ക്കാണ് വെള്ളി- ശനി ദിവസങ്ങള്‍ ആഹ്ലാദമുള്ളതാകുന്നത് എന്നും പൊതുവില്‍ കണക്കാക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ഉള്ളത് തന്നെയാണോ?
ആഴ്ചയില്‍ എല്ലാ ദിവസവും നമുക്കൊരുപോലെയാണോ തോന്നാറ്? എന്തായാലും അങ്ങനെ ആയിരിക്കില്ല അല്ലേ? തിങ്കളാഴ്ചകള്‍ പൊതുവേ കൂടുതല്‍ നിരാശ നിറഞ്ഞതാണെന്നാണ് പലരും അഭിപ്രായപ്പെടാറ്. അതുപോലെ വെള്ളി- ശനി ദിവസങ്ങളില്‍ പതിവിലും അല്‍പം കൂടി സന്തോഷം തോന്നാറുണ്ടെന്ന് പറയുന്നവരും കുറവല്ല.
അവധി ദിവസം തീരുന്ന സങ്കടമാണ് തിങ്കളാഴ്ചയെ നിരാശയുള്ളതാക്കി മാറ്റുന്നതെന്നും, അവധിയിലേക്ക് കടക്കുന്നു എന്ന നിലയ്ക്കാണ് വെള്ളി- ശനി ദിവസങ്ങള്‍ ആഹ്ലാദമുള്ളതാകുന്നത് എന്നും പൊതുവില്‍ കണക്കാക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ഉള്ളത് തന്നെയാണോ?
ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ പഠനം നടത്തി. നമ്മള്‍ ആദ്യം ചര്‍ച്ച ചെയ്ത സംഗതികളെയെല്ലാം പൊളിച്ചടുക്കുന്ന കണ്ടെത്തലായിരുന്നു അവര്‍ നടത്തിയത്. ആഴ്ചയില്‍ ഏറ്റവും നിരാശ നിറഞ്ഞ ദിവസം ബുധന്‍ ആണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍.
ഇതും അവധി ദിവസവുമായി ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്. അതായത്, ആഴ്ച തുടങ്ങി പകുതിയെത്തുകയും അവധിയിലേക്ക് കടക്കാന്‍ പിന്നെയും ദീവസങ്ങള്‍ ബാക്കിനില്‍ക്കുകയും ചെയ്യുന്നത് കൊണ്ടാണത്രേ ബുധന്‍ നിരാശയുടെ ദിവസമായത്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആണെങ്കിലും 'വീക്കെന്‍ഡ്' ആളുകള്‍ക്ക് അത്രമാത്രം സന്തോഷമൊന്നും നല്‍കുന്നില്ലെന്നും പഠനസംഘം നിരീക്ഷിക്കുന്നു. അതുപോലെ തിങ്കളാഴ്ച രാവിലെ നിരാശയുണ്ടാകുന്നുവെന്ന സങ്കല്‍പത്തില്‍ ചെറിയ കഴമ്പുണ്ടെന്നും വെള്ളി- ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങള്‍ക്ക് അല്‍പം സന്തോഷം കൂടുതലുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു.