കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് വിവിധ തരത്തിലുള്ള ദുരിതങ്ങളിലൂടെയും കടന്നുപോകുകയാണ് പല രാജ്യങ്ങളും. ഇന്ത്യയുടെ അവസ്ഥയും മറിച്ചല്ലെന്നാണ് പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നിലവില്‍ നമ്മള്‍ കടന്നുപോകുന്ന അനുഭവങ്ങള്‍ വിരല്‍ചൂണ്ടുന്നതും അതേ അപകടസാധ്യതകളിലേക്ക് തന്നെയാണ്.

ആവര്‍ത്തിച്ചുവരുന്ന പ്രളയങ്ങളും, കാഠിന്യമേറിയ വേനലും, കാലം തെറ്റിയ മഴയും മഞ്ഞുമെല്ലാം ഇപ്പോള്‍ തന്നെ നമ്മുടെ സൈ്വര്യജീവിതത്തിന് മുകളില്‍ ഭീഷണിയാകുന്നുണ്ട്. 

ഇനി വരാനിരിക്കുന്ന കാലവും നമുക്ക് ആശ്വാസത്തിനുള്ള വക കാണിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയൊരു പഠനവും അവകാശപ്പെടുന്നത്. സൗദി അറേബ്യയിലെ 'കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള പ്രൊഫസര്‍ മണ്‍സൂര്‍ അല്‍ മസൂരിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ 'എര്‍ത്ത് സിസ്റ്റംസ് ആന്റ് എന്‍വിയോണ്‍മെന്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് വന്നത്. 

വര്‍ധിച്ചുവരുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി അടുത്ത 80 വര്‍ഷത്തിനുള്ളില്‍ വമ്പന്‍ പ്രളയങ്ങളും കൊലയാളികളായ ഉഷ്ണതരംഗങ്ങളുമെല്ലാം രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും, ഇത് മനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള ജീവിതത്തെ വളരെ ഗൗരവപരമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

'ജനസാന്ദ്രതയേറിയ രാജ്യമാണ് ഇന്ത്യ. കാലാവസ്ഥാവ്യതിയാനങ്ങള്‍ എളുപ്പത്തില്‍ ബാധിക്കുന്ന ഭൂപ്രകൃതിയുമാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ദുരിതകാലത്തെ അതിജീവിക്കല്‍ ഇന്ത്യയെ സംബന്ധിച്ച് എളുപ്പമായിരിക്കില്ല. കാര്‍ഷികരംഗത്തുണ്ടാകുന്ന വമ്പന്‍ തകര്‍ച്ച സാമ്പത്തിക ഭദ്രതയെ തീര്‍ത്തും തകര്‍ത്തേക്കാം. ഇതിന് പുറമെയാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ജീവന് മുകളില്‍ ഉയരുന്ന ഭീഷണികള്‍...'-പ്രൊ. മണ്‍സൂര്‍ അല്‍ മസൂരി പറയുന്നു. 

ആഗോളതലത്തില്‍ ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെ മനസിലാക്കാന്‍ ഉതകുന്ന 'സൂപ്പര്‍ കംപ്യൂട്ടര്‍' ഉപയോഗിച്ചാണ് ഗവേഷകസംഘം പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. മുമ്പും പല പഠനങ്ങള്‍ സമാനമായ മുന്നറിയിപ്പുകള്‍ രാജ്യത്തിന് നല്‍കിയിട്ടുണ്ട്.

അനുദിനം ഉയരുന്ന താപനില, രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുരുക്കത്തിന് കാരണമാകുമെന്നും ഇത് താഴ്ന്ന പ്രദേശങ്ങളെ വ്യാപകമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ വലിയ ഭീഷണി നേരിടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. 

Also Read:- സംസ്ഥാനത്ത് കാലവ‍ർഷം സജീവമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്...

അതുപോലെ തന്നെ, വേനല്‍ മഴ അതിരുവിട്ട് കനക്കുന്നത് പ്രളയങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുമെന്നും കേരളം ഇത്തരത്തില്‍ ഭീഷണി നേരിടുന്ന സംസ്ഥാനമായിരിക്കുമെന്നും പഠനം എടുത്തുപറയുന്നു. കാലാവസ്ഥാവ്യതിയാനമുണ്ടാക്കുന്ന സങ്കല്‍പാതീതമായ ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിന് ഇപ്പോള്‍ മുതല്‍ തന്നെ രാജ്യം സജ്ജമാകണമെന്നും പഠനം താക്കീത് നല്‍കുന്നു.

Also Read:- നിസർഗയുടെ ശക്തി കുറഞ്ഞു: ന്യൂനമർദ്ദമായി മാറി മഹാരാഷ്ട്രയിലൂടെ സഞ്ചരിക്കുന്നു...