മകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വാചാലയാകാറുള്ള സണ്ണി, പിറന്നാള്‍ ദിനത്തില്‍ അവള്‍ക്കായി എഴുതിയ കുറിപ്പും അത്രമാത്രം സ്പര്‍ശിക്കുന്നത് തന്നെയാണ്. പലപ്പോഴും എങ്ങനെയായിരിക്കണം 'പാരന്റിംഗ്' അഥവാ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്നതിന് ഉത്തമ ഉദാഹരണം പോലുമാകാറുണ്ട് സണ്ണി ലിയോണ്‍ എന്ന അമ്മ

വിമര്‍ശനങ്ങളും വിവാദങ്ങളുമെല്ലാം നിറം പിടിപ്പിച്ച കരിയറായിരുന്നു നടി സണ്ണി ലിയോണിന്റേത്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ തരംഗം സൃഷ്ടിച്ച ഇന്ത്യന്‍ യുവതി എന്ന ലേബലില്‍ നിന്ന് അങ്ങനെ അംഗീകൃതയായ ഒരു നടി എന്ന നിലയിലേക്ക് സണ്ണി ലിയോണ്‍ മാറിയത് അവരുടെ തന്നെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും കൊണ്ട് തന്നെയാണ്. 

കരിയറിന് പുറമെ കുടുംബജീവിതത്തിലും വ്യക്തമായ വിജയമാണ് സണ്ണി ലിയോണ്‍ രേഖപ്പെടുത്തുന്നത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം സസന്തോഷം ലോസ് ആഞ്ചല്‍സിലെ വീട്ടിലാണിപ്പോള്‍ സണ്ണി. ഇവിടെ നിന്നുള്ള വീട്ടുവിശേഷങ്ങളും മറ്റും എപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് ഇവര്‍.

ഇന്ന് തന്റെ മൂത്ത മകള്‍ നിഷയുടെ പിറന്നാള്‍ ദിനത്തില്‍ സണ്ണി പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ഇന്‍സ്റ്റഗ്രാമിലിപ്പോള്‍ ശ്രദ്ധ നേടുന്നത്. 2011ല്‍ വിവാഹിതയായ സണ്ണിയും ഡാനിയല്‍ വെബ്ബറും 2017ലാണ് നിഷയെ ദത്തെടുക്കുന്നത്. ഇതിന് ശേഷം ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ആണ്‍മക്കളും പിറന്നിരുന്നു. 

മകളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വാചാലയാകാറുള്ള സണ്ണി, പിറന്നാള്‍ ദിനത്തില്‍ അവള്‍ക്കായി എഴുതിയ കുറിപ്പും അത്രമാത്രം സ്പര്‍ശിക്കുന്നത് തന്നെയാണ്. പലപ്പോഴും എങ്ങനെയായിരിക്കണം 'പാരന്റിംഗ്' അഥവാ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എന്നതിന് ഉത്തമ ഉദാഹരണം പോലുമാകാറുണ്ട് സണ്ണി ലിയോണ്‍ എന്ന അമ്മ. 

ജീവിതത്തിന്റെ പ്രകാശമാണ് തനിക്ക് മകള്‍ എന്നും, അവളെ ആദ്യമായി കണ്ട മാത്രയില്‍ തന്നെ അവളാണ് ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ തങ്ങള്‍ക്ക് മകളായി വരേണ്ടവളെന്ന് മനസ് പറഞ്ഞുവെന്നും സണ്ണി കുറിക്കുന്നു. 

View post on Instagram

'നിനക്ക് അഞ്ച് വയസാകുന്നു. എനിക്കത് വിശ്വസിക്കാനേ കഴിയുന്നില്ല. നീ മിടുക്കിയാണ്, ബുദ്ധിയുള്ളവളാണ്, സ്‌നേഹവും കരുതലുമുള്ളവളാണ്. നീ നിന്റെ സഹോദരന്മാരെ പരിപാലിക്കാന്‍ പ്രാപ്തിയുള്ളവളാണ്. എല്ലാത്തിനുമുപരി ദൈവം ഞങ്ങള്‍ക്ക് നല്‍കിയ പാരിതോഷകമാണ് നീ.. നിന്റെ സ്‌നേഹം കൊണ്ട് ആരെയും കീഴടക്കാനും, നല്ലവരാക്കി മാറ്റാനും കഴിയുമെന്നെനിക്ക് പ്രതീക്ഷയുണ്ട്. കരുണയുള്ളവരെക്കാള്‍- അതില്ലാത്തവരെയാണ് ജീവിതത്തില്‍ ഏറ്റവുമധികം ഞങ്ങള്‍ക്ക് കാണാനായിട്ടുള്ളത്. എന്നാല്‍ സ്‌നേഹം കൊണ്ട് വെറുപ്പിനെ പരാജയപ്പെടുത്താനാകുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. നീയുള്‍പ്പെടെയുള്ള കുട്ടികളാണ് ലോകത്തിന്റെ നാളെയെ നിര്‍ണയിക്കുക...

...അതിനാല്‍ നിന്റെ പിറന്നാള്‍ ദിനത്തില്‍ ഞാനെടുക്കുന്ന പ്രതിജ്ഞയിതാണ്. നിന്റെ സ്‌നേഹത്തെ സര്‍വവ്യാപിയാക്കാന്‍ ഞാന്‍ എന്നാല്‍ കഴിയുന്നത് പോലെ ശ്രമിക്കും. ജീവിതത്തില്‍ നമുക്കാകെ വേണ്ടത് കാരുണ്യമാണ്. അതിനെ നിലയുറപ്പിക്കാന്‍ ഞാനും കൂടെയുണ്ട്...'- സണ്ണി ലിയോണ്‍ കുറിച്ചു. 

'ഗേള്‍ പവര്‍' എന്ന ഹാഷ്ടാഗ് കൂടി ചേര്‍ത്താണ് സണ്ണി, മകള്‍ക്കുള്ള പിറന്നാള്‍ സന്ദേശം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഹൃദ്യമായ ഈ കുറിപ്പിനോടുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്. നല്ലൊരു നടി എന്നതിനെക്കാളേറെ നല്ലൊരു അമ്മയാണ് സണ്ണി എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, ഏറെ സന്തോഷം തോന്നുന്നു ഈ സ്‌നേഹസന്ദേശം വായിക്കുന്നതില്‍ എന്നും ആരാധകര്‍ കുറിക്കുന്നു.

Also Read:- 'നിന്നെ കണ്ട നിമിഷം ഞാന്‍ ഉറപ്പിച്ചു, നീയാണ് എന്‍റെ മകളെന്ന്'; നിഷയെക്കുറിച്ച് സണ്ണി ലിയോണ്‍...