ടാറ്റൂ, യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. മിക്കവര്‍ക്കും ടാറ്റൂ ചെയ്യേണ്ടത് എന്തായിരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ട്. അങ്ങനെ ഒരുപാട് കാത്തിരുന്ന ശേഷമെല്ലാം ആകാം ടാറ്റൂ ചെയ്യാനായി അവസരം ലഭിക്കുന്നത്. 

ഇത്രയും ആഗ്രഹത്തോടെ, ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചെയ്ത ടാറ്റൂ പാളിപ്പോയാലോ! ചിന്തിക്കാന്‍ വയ്യ അല്ലേ? ഇത്തരമൊരു കഥയാണ് വിര്‍ജീനിയയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. 

വൈറലായൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കഥ എല്ലാവരുമറിഞ്ഞത്. ഡൈലന്‍ ഹരാവേ എന്ന പതിനെട്ടുകാരന്‍. മീക്ക് മില്‍ എന്ന റാപ്പ് ഗായകനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംഗീത സംരംഭത്തിന്റെ പേരായ 'ഡ്രീം ചേസര്‍' എന്നത് കയ്യില്‍ ടാറ്റൂ ചെയ്യണമെന്ന് ഏറെ നാളായി അവന്‍ ആഗ്രഹിക്കുന്നതാണ്. 

അവസരം ഒത്തുവന്നപ്പോള്‍ വലിയൊരു തുകയും ചിലവിട്ട് അവനത് കയ്യില്‍ ടാറ്റൂ ചെയ്തു. ടാറ്റൂ ചെയ്ത് പുറത്തിറങ്ങി വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് അത് നോക്കിച്ചിരിച്ചു. അപ്പോഴും അവന് കാര്യം മനസിലായില്ല. പിന്നീടാണ് സംഗതി വ്യക്തമായത്. 

'ഡ്രീം ചേസര്‍' എന്ന് എഴുതിയിരിക്കുന്നത് തിരിച്ചാണ്. അതായത് കണ്ണാടിയില്‍ നോക്കിയാല്‍ മാത്രം ശരിയായി വായിക്കാനാകുന്ന തരത്തില്‍. ആ സമയത്ത് ആകെ ദേഷ്യവും നിരാശയും മാത്രമായിരുന്നു അനുഭവപ്പെട്ടതെന്നും താന്‍ തകര്‍ന്നുപോയെന്നും ഡൈലന്‍ പറയുന്നു. മനപ്പൂര്‍വ്വം അക്ഷരങ്ങള്‍ തിരിച്ചെഴുതിച്ചതായിരിക്കും എന്നാണത്രേ സുഹൃത്ത് കരുതിയത്.

എന്നാല്‍ താനിത് തമാശയ്ക്കല്ല ചെയ്തതെന്നും അത്രമാത്രം ഗൗരവത്തോടെയാണ് താന്‍ മീക്കിനെ ആരാധിക്കുന്നതെന്നും ചെറിയൊരു ഗായകന്‍ കൂടിയായ ഡൈലന്‍ പറയുന്നു. എന്തായാലും നിരാശ പങ്കിടാന്‍ 'തല തിരിഞ്ഞ ടാറ്റൂ'വിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഡൈലന് തോന്നിയത് എന്തുകൊണ്ടും നല്ലതായി. 

പോസ്റ്റ് വൈറലായതോടെ ഒരു പ്രമുഖ ടാറ്റൂ ആര്‍ട്ടിസ്റ്റ് ഡൈലന്റെ ടാറ്റൂ പുതിയ തരത്തില്‍ ശരിയാക്കിനല്‍കാമെന്ന് ഏറ്റിരിക്കുകയാണ്. കൈ മുഴുവനായി ടാറ്റൂ കൊണ്ട് നിറയ്ക്കണമെന്നാണ് ഡൈലന്റെ ആഗ്രഹം. ഇനി ഉറപ്പായും അബദ്ധം സംഭവിക്കില്ലെന്നും അക്കാര്യത്തില്‍ താന്‍ ശ്രദ്ധാലുവായിരിക്കുമെന്നും ഡൈലന്‍ ചിരിയോടെ പറയുന്നു.

Also Read:- 93-ാം പിറന്നാളിൽ തകർപ്പൻ ചുവടുമായൊരു മുത്തശ്ശി; വീഡിയോ വൈറല്‍...