കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോക രാജ്യങ്ങള്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് നാം ഇന്ന് മുന്നോട്ടുപോകുന്നത്. അതിനിടെ ജപ്പാനിലെ ഒരു തീം പാര്‍ക്ക് അവതരിപ്പിച്ച രസകരമായ ഒരാശയമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

പടിഞ്ഞാറന്‍ ജപ്പാനിലെ കുമാമോട്ടോയിലെ ഗ്രീന്‍ലാന്‍ഡ് എന്ന തീം പാര്‍ക്കാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. പാര്‍ക്കിലെ റൈഡുകളില്‍ കയറുന്നവര്‍ക്ക് അലറിവിളിക്കുന്ന ചിത്രം പ്രിന്റ് ചെയ്ത മാസ്‌ക് നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. എന്തിനാണെന്നോ? റൈഡുകളില്‍ കയറുമ്പോള്‍ ആവേശം കൊണ്ട് അലറി വിളിക്കുന്നതിലൂടെ പുറത്തേക്ക് തെറിക്കുന്ന തുപ്പലിലൂടെയുണ്ടാവുന്ന രോഗവ്യാപനം തടയാനാണ് ഈ മാസ്‌ക് നല്‍കുന്നത്.

പലരും റൈഡില്‍ കയറുമ്പോള്‍ മാസ്ക് ധരിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്. ഇതുകൂടി മുന്നില്‍ കണ്ടാണ് പാര്‍ക്കിന്‍റെ ഈ പരീക്ഷണം. സാധാരണ ഇടുന്ന മാസ്കിന് മുകളിലും ഇവ ധരിക്കാം.  

 

റൈഡുകളില്‍ കയറുന്നവര്‍ അലറിവിളിക്കാന്‍ പാടില്ലെന്ന് ജപ്പാനിലെ നിരവധി തീം പാര്‍ക്കുകള്‍ അറിയിച്ചിരുന്നു. ഇതിന്ന്  പിന്നാലെയാണ് ഗ്രീന്‍ലാന്‍ഡ് പാര്‍ക്ക് ഇത്തരമൊരു മാസ്ക് പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

മാസ്‌ക് ഉപയോഗിച്ച് റൈഡ് ആസ്വദിക്കുന്നവരുടെ വീഡിയോയും പാര്‍ക്ക് പുറത്തുവിട്ടുണ്ട്. ഇഷ്ടപ്പെട്ട മാസ്‌ക് തിരഞ്ഞെടുക്കാനുള്ള അവസരവും പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുണ്ട്.

Also Read: ഈ സ്മാര്‍ട്ട് മാസ്ക് ധരിച്ചാല്‍ ഇനി എട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാം...