കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്ന മൂന്ന് തരം വളർത്തു രീതികള്‍ ഒഴിവാക്കാം.വിഘ്യാത തത്ത്വചിന്തകനായ ജോണ്‍ ലോക്കിന്റെ് അഭിപ്രായത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അവരുടെ മനസ്സ് ഒന്നും എഴുതാത്ത സ്ലേറ്റു പോലെയാണ്. ഏറ്റവും നിഷ്കളങ്കവും നിർമ്മലവുമായ കുഞ്ഞു മനസ്സുകളില്‍ നാം എന്തെഴുതിചേർക്കുന്നു എന്നതാണ് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ വലിയ അളവില്‍ സ്വാധീനിക്കുന്നത്.

കുട്ടികൾ വഷളാകുമോ എന്ന ഭയത്തിൽ ലാളിക്കാതെ അവരില്‍ നിന്നും അകലം പാലിക്കേണ്ടതില്ല. സ്നേഹവും ശാസനയും കൊടുത്തു വളർത്താന്‍ കഴിയുക എന്നതാണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് നൽകാന്‍ കഴിയുന്ന മികച്ച സമ്മാനം. അമിതമായി സ്നേഹിച്ചു തെറ്റുകള്‍ മനസ്സിലാക്കി കൊടുക്കാത്തതും, അവഗണന കാണിക്കുന്ന രീതിയുമെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ ദോഷകരമായി ബാധിക്കും.

ഒഴിവാക്കേണ്ടത് ഈ മൂന്ന് രീതികള്‍...

1. മക്കള്‍ക്ക്‌ സർവ്വ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നവര്‍

കുട്ടികളുടെ എന്താഗ്രഹങ്ങളും അവരെ സങ്കടപ്പെടുത്തരുത് എന്ന് കരുതി തൽക്ഷണം സാധിച്ചുകൊടുക്കും ഇവര്‍. കുട്ടികളോട് വളരെ സൗഹൃദപരമായി പെരുമാറുന്ന ഇവര്‍ കുട്ടികളെ ശരിതെറ്റുകള്‍ വേർതിരിച്ചറിയാന്‍ പ്രാപ്തരാക്കുന്നതില്‍ പരാജയപ്പെടും. ഉത്തരവാദിത്വബോധം കുട്ടികളില്‍ വളർത്തിയെടുക്കാന്‍ ഇവർക്കാവില്ല. കുട്ടികളെ വളരെ ഭയഭക്തി ബഹുമാനത്തോടെ കാണുന്നവരാണ് ഇവര്‍. എന്തു കാര്യത്തിലും സ്വയം തീരുമാനമെടുക്കാന്‍ ചെറുപ്പം മുതലേ കുട്ടികളെ അവര്‍ അനുവദിച്ചു കൊടുക്കും.  കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ എന്തിനെന്നുപോലും അന്വേഷിക്കാതെ പണം കൊടുക്കുകയും ഡ്രൈവിംഗ് ലൈസൻസ് നേടും മുമ്പ് വാഹനം വാങ്ങിക്കൊടുക്കുകയും ചെയ്യും. കുട്ടികള്‍ തെറ്റുചെയ്തതായി ആരെങ്കിലും പറഞ്ഞറിഞ്ഞാല്‍ അതിനെപറ്റി കുട്ടികളോടു ചോദിക്കാന്‍ വിമുഖത കാട്ടും. അങ്ങനെ കുട്ടികള്‍ എടുത്തുചാട്ടക്കാരി മാറും. പ്രായം കൂടി വരുംതോറും ഈ രീതിയില്‍ വളർത്തുന്ന കുട്ടികളുടെ ആവശ്യങ്ങള്‍ കൂടിവരികയും അതു കിട്ടില്ല എന്ന അവസ്ഥ വന്നാല്‍ ഏതുവിധേനയും അതു നേടിയെടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും. അതിനായി മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ കയ്യേറ്റം ചെയ്യാനോ അവര്‍ മടിക്കില്ല. ഒരു നിയമത്തെയും പേടിയില്ലാത്തവരായി അവര്‍ വളർന്നു വരും.  

2. ഉദാസീനത കാട്ടുന്ന മാതാപിതാക്കള്‍

വേണ്ടത്ര ഉത്തരവാദിത്വം കാണിക്കാത്ത മാതാപിതാക്കള്‍ എന്ന് ഇവരെപ്പറ്റി പറയാം. പ്രസവാന്തരമുള്ള വിഷാദംമൂലം കുട്ടിയോട് സ്നേഹിക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോകുന്ന മാതാവിനെ അല്ല എവിടെ ഉദ്ദേശിക്കുന്നത്. കുട്ടി എന്തു ചെയ്താലും എങ്ങനെ വളർന്നാലും എനിക്കൊന്നുമില്ല എന്ന ചിന്താഗതി വച്ചു പുലർത്തുന്ന സ്വയം സ്നേഹികളായ മാതാപിതാക്കളാണ് ഈ കൂട്ടര്‍. കുട്ടികളുമായി ഒരു വൈകാരിക ബന്ധവും അവർക്കുണ്ടാവില്ല. സ്വന്തം കുട്ടികളെ ഉപദ്രവിക്കാന്‍ സമ്മതം മൂളുന്ന മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നൊരുപാടുണ്ട്. അതു കാണുമ്പോള്‍ ആരുമല്ലാത്ത ഒരാൾക്ക്  തോന്നുന്ന വേദനപോലും ഈ മാതാപിതാക്കൾക്ക്  തോന്നുന്നില്ല. കുട്ടികൾക്ക്  ഭക്ഷണം കൊടുക്കാതെ ഇരിക്കുക, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ മെനക്കെടാതെ ഇരിക്കുക, അവര്‍ സുരക്ഷിതരാണോ എന്നുപോലും ചിന്തിക്കാതെ ഇരിക്കുക എന്നിവയാണ് ഇത്തരം മാതാപിതാക്കളുടെ രീതി. സ്കൂളിൽ പോയ കുട്ടി തിരിച്ചെത്താന്‍ വൈകുന്നതൊന്നും ഇവരെ ബാധിക്കുകയേ ഇല്ല. ഇങ്ങനെയുളള സാഹചര്യത്തില്‍ വളരുന്ന കുട്ടികള്‍ നിസ്സഹായരാണ്. അവർക്ക്  എപ്പോഴും ഭയം അനുഭവപ്പെടും. മാതാപിതാക്കള്‍ തമ്മിലുള്ള അകൽച്ചയാണ് ഈ രീതി സ്വീകരിക്കാനുള്ള പ്രധാന കാരണം. മക്കളോടു വേർതിരിവ് കാണിക്കുന്ന മാതാപിതാക്കളും ഇത്തരത്തില്‍ പെരുമാറാന്‍ ഇടയുണ്ട്. 

3. പ്രമാണികളായ മാതാപിതാക്കള്‍

ഇത്തരം മാതാപിതാക്കള്‍ തങ്ങള്‍ യജമാനന്മാരും മക്കള്‍ അടിമകളുമാണ് എന്ന മനോഭാവം വച്ചു പുലർത്തുന്നവരാണ്. അവര്‍ ഒരു സ്വാതന്ത്ര്യവും കുട്ടികൾക്ക്  അനുവദിക്കില്ല എന്ന് മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത നിയമങ്ങളും, അനുസരണ ശീലങ്ങളും കുട്ടിയുടെമേല്‍ അടിച്ചേൽപിക്കുകയും ചെയ്യും. വളരെ കഠിനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. എന്തുകൊണ്ട് ഒരു കാര്യം ചെയ്തുകൂടാ, അല്ലെങ്കില്‍ എന്തുകൊണ്ട് അങ്ങനെ ചെയ്യണം എന്നതിനേപ്പറ്റി കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ ഇത്തരം മാതാപിതാക്കള്‍ പരാജയപ്പെടും. ഒന്നും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ഉണ്ടാവില്ല. കുട്ടികളോട് സ്നേഹം കാണിച്ചാല്‍ അവര്‍ വഷളാകും എന്ന വിശ്വാസമാണിവർക്ക്. എന്നാല്‍ ഇങ്ങനെ സ്നേഹം പുറമേ പ്രകടിപ്പിക്കാത്ത വളർത്തുരീതി ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. വീട്ടില്‍ ശ്വാസംമുട്ടലാകും കുട്ടിക്ക് അനുഭവപ്പെടുക. എല്ലാ നിയമങ്ങളും ഭേദിച്ച് പുറത്തുചാടാനുള്ള വ്യഗ്രത കുട്ടികള്‍ കാണിക്കും. കുറച്ചു സ്വാതന്ത്യം കിട്ടിയാല്‍ അതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത പിന്നീട് കുട്ടികൾക്ക്  ഉണ്ടാകും. അവരില്‍ കുറച്ചുപേര്‍ സ്വയം വിലയില്ലാത്തവരും, സ്വയം പ്രാപ്തിയില്ലാത്തവരുമായി മാറും. ചിലര്‍ വിഷാദരോഗത്തിന് അടിമകളാകുകയോ, വീട്ടിൽ നിന്ന് ഇറങ്ങിപോകുകയോ ചെയ്യും. 

 കുട്ടികളെ മനസ്സിലാക്കുന്ന നല്ല മാതാപിതാക്കളാകാം

കുട്ടികളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുകയും അതുകൂടി പരിഗണിക്കുകയും ചെയ്യുന്നതാണ് ഏറ്റവും മികച്ച വളർത്തല്‍ രീതി. ശരിയായ തീരുമാനങ്ങളെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും നല്ല വ്യക്തിത്വമുള്ളവരായി വളർന്നു വരാന്‍ അവരെ സഹായിക്കുകയും ചെയ്യും ഈ മാതാപിതാക്കള്‍. വേണ്ട സ്വാതന്ത്ര്യം ഇവര്‍ കുട്ടികൾക്ക്  അനുവദിച്ചുകൊടുക്കും. കുട്ടികൾക്ക്  അവരുടെ അഭിപ്രായം പറയാനും ചോദ്യങ്ങള്‍ ചോദിക്കാനുമുള്ള അവസരം മാതാപിതാക്കള്‍ കൊടുക്കും. തെറ്റുകണ്ടാല്‍ അതു ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. കുട്ടികളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടത്തില്‍ മാതാപിതാക്കളും കുട്ടികളും ചേർന്ന്  അതിന്റെ എല്ലാ വശങ്ങളും ആലോചിച്ചശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കും. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ സന്തോഷമുള്ളവരും, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നവരും, സ്വയം വിലയുള്ളവരും, സ്വന്തം കഴിവില്‍ വിശ്വാസമുള്ളവരും, കാര്യപ്രാപ്തി ഉള്ളവരുമായിരിക്കും. എങ്ങനെ വളർത്തിയ കുട്ടികള്‍ മറ്റുള്ളവരുമായി ചേർന്നു പോകാനും പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിച്ചേരുന്ന നല്ല വ്യക്തിത്വങ്ങളായി മാറാനും സാധിക്കും.

ജോലിയിലെ ടെന്‍ഷന്‍ മാറ്റാന്‍ എന്തുചെയ്യണം?

മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര സ്നേഹവും, ബഹുമാനവും, ഉത്തരവാദിത്വങ്ങള്‍ രണ്ടുപേരും ചേർന്ന് നിർവഹിക്കുന്ന രീതിയും നിലനിൽക്കുന്ന കുടുംബങ്ങളില്‍ മാത്രമേ കുട്ടികളെ നല്ല രീതിയില്‍ വളർത്തി കൊണ്ടു വരാനാവൂ. അത്തരം സാഹചര്യം ഓരോ കുടുംബത്തിലും ഉണ്ടാക്കിയെടുക്കാന്‍ ഓരോ മാതാപിതാക്കളും ശ്രമിക്കേണ്ടതാണ്.

കുട്ടികളെ വളർത്തുക എന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്. അവരുടെ ഏതു കാര്യങ്ങൾക്ക് ഒരു സമയം കൂടുതല്‍ പ്രാധാന്യം നൽകേണ്ടത് എന്നു തിരിച്ചറിയുക. പരീക്ഷയില്‍ ഉയർന്ന മാർക്ക്  നേടുക മാത്രമല്ല, ജീവിതത്തിലും വിജയം കൈവരിക്കാന്‍ പ്രാപ്തരാക്കി അവരെ നമ്മുക്ക് വളർത്തി കൊണ്ടുവരാം.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona