Asianet News MalayalamAsianet News Malayalam

Hair Care: അകാലനര അകറ്റാം; പരീക്ഷിക്കാം ഈ അഞ്ച് ടിപ്സ്...

പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയിൽ ലഭ്യമായ പല ഉത്പന്നങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് പലരും. 

tips to prevent premature greying of hair
Author
Thiruvananthapuram, First Published Aug 25, 2022, 3:06 PM IST

തലമുടി നരക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമാണ്. എന്നാല്‍ ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ  തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയിൽ ലഭ്യമായ പല ഉത്പന്നങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് പലരും. 

പ്രകൃതിദത്തമായ ചില വഴികളിലൂടെ അകാലനരയെ എങ്ങനെ അകറ്റാം എന്ന് നോക്കാം...

ഒന്ന്...

മലയാളികളുടെ അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് കറിവേപ്പില. കേശസംരക്ഷണത്തില്‍ ഇത്രയധികം പഴക്കവും വീര്യവുമുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെ പറയാം. തലമുടി കൊഴിച്ചില്‍ തടയാനും മുടി കറുപ്പിക്കാനും കറിവേപ്പില സഹായകമാണ്. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാല്‍ സമൃദ്ധമാണ് കറിവേപ്പില. ബീറ്റാ കരോട്ടിൻ മുടി കൊഴിച്ചിൽ തടയാന്‍ സഹായിക്കും. ഒപ്പം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ തലമുടി തഴച്ചുവളരാനും സഹായിക്കും. അതുപോലെ തന്നെ, അകാല നരയെ അകറ്റാനും തലമുടി കറുപ്പിക്കാനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്ക് ഉപയോഗിക്കാം. ഇതിനായി രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണയും 10-12 കറിവേപ്പിലയും എടുക്കണം. ആദ്യം എണ്ണ നന്നായി ചൂടാക്കുക. ശേഷം  ഇറക്കിവച്ച എണ്ണയിലേക്ക് കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം. നന്നായി മസാജും ചെയ്യുക. 45 മിനിറ്റിന് ശേഷം മാത്രം തല കഴുകാം.

രണ്ട്...

പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. അതുപോലെ തന്നെ ചെറുനാരങ്ങയിലെ ബ്ലീച്ചിങ് ഘടകങ്ങള്‍ തലമുടിയുടെ നിറം മാറാന്‍ സഹായിക്കും. ഇതിനായി ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെയൊക്കെ ചെയ്യുന്നത് അകാലനര അകറ്റാന്‍ സഹായിക്കും. 

മൂന്ന്...

കാപ്പിപ്പൊടിയും അകാലനര അകറ്റാന്‍ സഹായിക്കും. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ അകാലനര അകറ്റാം. 

നാല്...

ഒരു പിടി മൈലാഞ്ചിയില,  ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും. 

അഞ്ച്...

ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നതും നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും. 

Also Read: ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

Follow Us:
Download App:
  • android
  • ios