Asianet News MalayalamAsianet News Malayalam

കൊറോണ ചതിച്ചു; ടൂറിസ്റ്റ് ബസുകളുടെ ഉടമസ്ഥന് ഇപ്പോള്‍ ഇതാണ് 'ബിസിനസ്'

'നയിച്ച് തിന്നുകയല്ലേ, ഒരു അഭിമാനക്കുറവും ഇല്ല. എല്ലാ വീടുകളിലും പോകും. വീട്ടുകാര്‍ ഇറങ്ങി വന്നില്ലെങ്കില്‍ ഗേറ്റിനടുത്ത് പോയി നിന്ന്, ഞാന്‍ എന്നെ ഉറക്കെ പരിചയപ്പെടുത്തും. ബസ് മുതലാളിയായിരുന്നു എന്ന് തന്നെ പറയും. കൊറോണ ചതിച്ചതുകൊണ്ട് ഉപജീവനത്തിന് വേറെ മാര്‍ഗമില്ലാതെ ഇറങ്ങിയതാണെന്നും എന്നെ ഒന്നും വാങ്ങാതെ പറഞ്ഞുവിടാന്‍ നിങ്ങക്ക് പറ്റുമോ എന്നുമൊക്കെ ചോദിക്കും. ഇപ്പോളും ഞാന്‍ വില കൂടിയ വാച്ചും കുപ്പായവും എല്ലാം ധരിക്കും. ഫോമിലേ നടക്കൂ. അതൊക്കെ എനിക്ക് നിര്‍ബന്ധമാണ്. അതുകണ്ടിട്ട് പക്ഷേ എന്റെ അവസ്ഥ വിലയിരുത്താന്‍ നിന്നാല്‍ തെറ്റും..'

tourist bus owner turned street seller due to pandemic crisis
Author
Mukkam, First Published Aug 3, 2021, 10:30 PM IST

മോഹന്‍ലാല്‍ ചിത്രമായ 'വരവേല്‍പ്' കാണാത്ത മലയാളികള്‍ കുറവായിരിക്കും. പ്രവാസജീവിതത്തിന് ശേഷം നാട്ടിലെത്തി ബസ് ഉടമസ്ഥനായി മാറിയ മുരളിയെന്ന കഥാപാത്രത്തോട് ഒരുപാട് സാമ്യതകളുണ്ട് മുക്കം സ്വദേശി മുഹമ്മദ് കുട്ടിക്കും. മുരളിയെ പോലെ തന്നെയാണ് താനെന്നാണ് മുഹമ്മദ് കുട്ടി തന്നെ പറയുന്നത്. 

ആദ്യം പ്രവാസിയായിരുന്ന മുഹമ്മദ് കുട്ടി, പ്രവാസജീവിതം അവസാനിപ്പിച്ച് ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും ജീവിതസാഹചര്യങ്ങള്‍ വീണ്ടും അദ്ദേഹത്തെ പ്രവാസത്തിലേക്ക് തന്നെ തിരികെ അയച്ചു. രണ്ടാമതായി തിരിച്ചെത്തിയ ശേഷം മുഹമ്മദ് കുട്ടി പച്ച പിടിക്കുന്നത് ബസ് വാങ്ങിയ ശേഷമാണ്.

ആദ്യം 'വരവേല്‍പ്'ലെ മുരളിയെ പോലെ തന്നെ ലൈന്‍ ബസായിരുന്നു മുഹമ്മദ് കുട്ടിയും വാങ്ങിയത്. എന്നാല്‍ പിന്നീട് ടൂറിസ്റ്റ് ബസുകളോടായി താല്‍പര്യം. ഇതിനിടെ 'റെന്റ് എ കാര്‍' ബിസിനസും നടത്തി. അന്നെല്ലാം താനൊരു ചെറിയ മുതലാളി തന്നെയായിരുന്നുവെന്ന് ചിരിയോടെ സമ്മതിക്കും മുഹമ്മദ് കുട്ടി. 

'പത്തുപതിനേഴ് കാറുണ്ടായിരുന്നു എനിക്ക്. പിന്നെയാണ് ബസ് വാങ്ങിയത്. പറന്നുനടക്കുന്ന കാലം. എല്ലാം തകിടം മറിച്ചത് കൊറോണയാണ്...'- മുഹമ്മദ് കുട്ടി പറയുന്നു. 

ടൂറിസ്റ്റ് ബസുകള്‍ നാലെണ്ണമുണ്ടായിരുന്നു മുഹമ്മദ് കുട്ടിക്ക്. മോശമല്ലാത്ത രീതിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരുന്ന സമയത്താണ് കൊവിഡ് മഹാമാരിയെന്ന വില്ലന്റെ വരവ്. ടൂറിസം മേഖല അമ്പെ തകര്‍ന്നതോടെ ടൂറിസ്റ്റ് സര്‍വീസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന വലിയൊരു വിഭാഗം പേരും അക്ഷരാര്‍ത്ഥത്തില്‍ ശൂന്യതയിലായി. 

 

tourist bus owner turned street seller due to pandemic crisis

 

'വണ്ടികള്‍ക്കെല്ലാം ഫിനാന്‍സുണ്ട്. ഓടാത്ത വണ്ടികളില്‍ നിന്ന് എന്ത് വരുമാനം ഉണ്ടാകാന്‍. കാറെല്ലാം കൊടുത്താണ് ബസുകളെടുത്തിരുന്നത്. ഇതില്‍ ഒരെണ്ണം ഫിനാന്‍സുകാര്‍ക്ക് കൊടുത്തുകഴിഞ്ഞു. ഇനി ഒരെണ്ണം കൂടി വൈകാതെ നഷ്ടമാകും. ഇതിന് പുറമെക്ക് വേറെയും ചില ബാധ്യതകള്‍ കൂടിയുണ്ട്. വീട്ടിലാണെങ്കില്‍ ഭാര്യയും മൂന്ന് മക്കളുമുണ്ട്. മക്കളെല്ലാം പഠിക്കുകയാണ്. വേറെ ആരും അധ്വാനിച്ച് കൊണ്ടുവരാനില്ല. അപ്പോള്‍ ഞാന്‍ തന്നെ ഈ തീരുമാനവുമായി ഇറങ്ങി...'- പുതിയ 'ബിസിനസ്'നെ കുറിച്ച് പറയുകയാണ് മുഹമ്മദ് കുട്ടി. 

മുക്കത്തും പരിസര പ്രദേശങ്ങളിലുമായി കാറില്‍ വീട്ടുസാധനങ്ങള്‍ വില്‍പന നടത്തുകയാണ് മുഹമ്മദ് കുട്ടിയിപ്പോള്‍. 

'ഉമ്മയും ബാപ്പയും അല്ലാത്ത എല്ലാം എന്റെ വണ്ടിയില്‍ കിട്ടും'- എന്നാണ് തന്റെ കച്ചവടത്തെ കുറിച്ച് മുഹമ്മദ് കുട്ടി പറയുന്നത്. തിരൂര് നിന്നും കോഴിക്കോട് നിന്നുമെല്ലാം ചരക്കെടുക്കും. അത് കാറില്‍ കെട്ടിവച്ചും, തൂക്കിയിട്ടുമെല്ലാം നാട്ടിന്‍പുറങ്ങളിലേക്ക് തിരിക്കും. മഴയില്ലെങ്കില്‍ കച്ചവടം നന്നായി പോകും. അല്ലെങ്കില്‍ 'ഞെരുക്കമാണ്'. 

നാല് ബസുകളുടെ മുതലാളിയല്ലേ, ഈ തൊഴില്‍ ചെയ്യുമ്പോള്‍ അതില്‍ വിഷമം തോന്നുകയില്ലേ, എന്നെങ്ങാന്‍ ചോദിച്ചാല്‍ ആ ചോദ്യത്തെ സമ്പൂര്‍ണമായും തള്ളും മുഹമ്മദ് കുട്ടി. 

'നയിച്ച് തിന്നുകയല്ലേ, ഒരു അഭിമാനക്കുറവും ഇല്ല. എല്ലാ വീടുകളിലും പോകും. വീട്ടുകാര്‍ ഇറങ്ങി വന്നില്ലെങ്കില്‍ ഗേറ്റിനടുത്ത് പോയി നിന്ന്, ഞാന്‍ എന്നെ ഉറക്കെ പരിചയപ്പെടുത്തും. ബസ് മുതലാളിയായിരുന്നു എന്ന് തന്നെ പറയും. കൊറോണ ചതിച്ചതുകൊണ്ട് ഉപജീവനത്തിന് വേറെ മാര്‍ഗമില്ലാതെ ഇറങ്ങിയതാണെന്നും എന്നെ ഒന്നും വാങ്ങാതെ പറഞ്ഞുവിടാന്‍ നിങ്ങക്ക് പറ്റുമോ എന്നുമൊക്കെ ചോദിക്കും. ഇപ്പോളും ഞാന്‍ വില കൂടിയ വാച്ചും കുപ്പായവും എല്ലാം ധരിക്കും. ഫോമിലേ നടക്കൂ. അതൊക്കെ എനിക്ക് നിര്‍ബന്ധമാണ്. അതുകണ്ടിട്ട് പക്ഷേ എന്റെ അവസ്ഥ വിലയിരുത്താന്‍ നിന്നാല്‍ തെറ്റും..'- അമ്പതിനോടടുത്ത് പ്രായമുണ്ടെങ്കിലും യുവാക്കളെ വെല്ലുന്ന പ്രാവീണ്യത്തോടെ മുഹമ്മദ് കുട്ടി സജീവമായി തന്നെ കുറിച്ച് പറയുകയാണ്. 

 

tourist bus owner turned street seller due to pandemic crisis

 

തന്നെപ്പോലെ ഇടത്തരം ജീവിതത്തിലായിരുന്നവര്‍ കൊവിഡ് കാലത്ത് ആരാലും സഹായിക്കപ്പെടാതെ മുഴുവനും മുങ്ങിപ്പോയെന്നാണ് മുഹമ്മദ് കുട്ടി പറയുന്നത്. 

'ടൂറിസം മേഖല ഡള്‍ ആയാലും അത് സര്‍ക്കാരിന്റെയാണ്. പക്ഷേ സര്‍വീസ് ചെയ്യുന്നവര്‍ വ്യക്തികളാണ്. അവര്‍ മുങ്ങിയാലും ആരും രക്ഷപ്പെടുത്താന്‍ വരില്ല. എന്റെ കൂടെ പണിക്ക് നിന്നവരുടെയെല്ലാം അവസ്ഥ എനിക്കറിയാം. അതുപോലെ എത്ര പേര്‍ കാണും! പ്രളയം വന്ന് സര്‍വതും കൊണ്ടുപോയി എന്നെല്ലാം പറയും പോലെ, കൊറോണ വന്ന് സര്‍വതും കൊണ്ടുപോയി എന്നാണ് ഞാനിപ്പോള്‍ പറയാറ്...'- ദുരിതങ്ങള്‍ക്കിടയിലും അതിജീവനത്തോടുള്ള ആവേശമാണ് മുഹമ്മദ് കുട്ടിക്ക്. 

നിരവധി പേര്‍ക്ക് പ്രചോദനമാകാന്‍ പോന്ന ആത്മവിശ്വാസമാണ് മുഹമ്മദ് കുട്ടിയുടെ പ്രത്യേകത. തുനിഞ്ഞിറങ്ങുക എന്ന് നാടന്‍ ഭാഷയില്‍ പറയില്ലേ, അതിന്റെയൊരു ആള്‍രൂപം. താഴ്ന്നുപോകുമ്പോള്‍ കൈ തരാന് ആരും വരില്ലെന്നറിയുമ്പോള്‍ എങ്ങനെ തനിയെ ഉയരാമെന്ന ശ്രമത്തിന് ഒരു ചെറിയ മാതൃക. 

ഉപജീവനമാര്‍ഗങ്ങള്‍ നിലച്ച്, ഭാവിയുടെ അനിശ്ചിതാവസ്ഥ നേരിടാനാകാതെ മരണത്തില്‍ അഭയം തേടിയവരുണ്ട്. കര കാണാനാകാത്തതിനാല്‍ തുഴച്ചില്‍ നിര്‍ത്തി നിരാശയിലേക്ക് ആഴ്ന്നിറങ്ങിയവരുണ്ട്. ക്ഷണനേരം കൊണ്ട് ജീവിതത്തിന്റെ നിറങ്ങളെ തിരിച്ചുപിടിക്കാനും, അതിലേക്ക് കൊതിയോടെ ഓടിപ്പോകാനും ഒരുപക്ഷേ മുഹമ്മദ് കുട്ടിയുടെ കഥ ഉപകാരപ്പെട്ടേക്കാം. പ്രായവും മറ്റ് സാഹചര്യങ്ങളുമെല്ലാം രണ്ടാമതാക്കി നിര്‍ത്തി, കയ്യിലുള്ള കഴിവില്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ചെറിയൊരു ചുവടെങ്കിലും മുന്നോട്ടുവയ്ക്കാന്‍ മുഹമ്മദ് കുട്ടി നീട്ടിവയ്ക്കുന്ന മാതൃകയ്ക്ക് കഴിയുമെന്ന് തന്നെ പ്രത്യാശിക്കാം.

Also Read:- കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടു, പുതിയ സംരംഭത്തിന് പിന്തുണ തേടി യുവതി; പോസ്റ്റ് വൈറല്‍

Follow Us:
Download App:
  • android
  • ios