Asianet News MalayalamAsianet News Malayalam

സര്‍ക്കസ് ഷോയ്ക്കിടെ അവിചാരിതമായ അപകടം; ചങ്കിടിപ്പിക്കുന്ന വീഡിയോ...

സര്‍ക്കസിനിടയില്‍ അപകടം പറ്റി ജീവൻ തന്നെ നഷ്ടപ്പെട്ട് പോയ എത്രയോ അഭ്യാസികളുണ്ട്. സര്‍ക്കസിനിടയില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടവരും ഒട്ടേറെയാണ്. ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ തിരിച്ചടികളെല്ലാം സര്‍ക്കസില്‍ എല്ലായ്പോഴും ഉള്ളടങ്ങിയിരിക്കും.

trainer attacked by tiger during live circus show
Author
First Published Jan 3, 2023, 6:05 PM IST

സര്‍ക്കസ് എന്നത് കാലങ്ങള്‍ പഴക്കമുള്ളൊരു കലാരൂപമാണ്. മനുഷ്യരും മൃഗങ്ങളുമെല്ലാം ഒത്തുചേര്‍ന്ന് നടത്തുന്ന കലാപ്രകടനങ്ങളും അഭ്യാസങ്ങളുമെല്ലാമാണ് സര്‍ക്കസിന്‍റെ ആകര്‍ഷണങ്ങള്‍. ഇന്ന് വിനോദങ്ങള്‍ക്കായി പല ഉപാധികളും ലഭ്യമായിട്ടുള്ള സാഹചര്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കസിനുള്ള കാഴ്ചക്കാരും പ്രാധാന്യവുമെല്ലാം കുറഞ്ഞുവരികയാണ്.

എങ്കില്‍ പോലും ഇന്നും സര്‍ക്കസ് സംഘങ്ങള്‍ അവരുടെ കഴിവിന്‍റെയും അധ്വാനത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രമായി മുന്നേറുന്ന കാഴ്ട ലോകത്തിന്‍റെ പല ഭാഗങ്ങളിലും കാണാൻ സാധിക്കും. സര്‍ക്കസ് എന്നാല്‍ ചിരിയും അത്ഭുതങ്ങളും സന്തോഷവും ആകാംക്ഷയും മാത്രമല്ല, അത് പലപ്പോഴും അപകടങ്ങള്‍ പതിയിരിക്കുന്നൊരു ചുഴി കൂടിയാണ്.

സര്‍ക്കസിനിടയില്‍ അപകടം പറ്റി ജീവൻ തന്നെ നഷ്ടപ്പെട്ട് പോയ എത്രയോ അഭ്യാസികളുണ്ട്. സര്‍ക്കസിനിടയില്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടപ്പെട്ടവരും ഒട്ടേറെയാണ്. ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ തിരിച്ചടികളെല്ലാം സര്‍ക്കസില്‍ എല്ലായ്പോഴും ഉള്ളടങ്ങിയിരിക്കും.

ഇപ്പോഴിതാ സര്‍ക്കസിനിടയില്‍ ഒരു പരിശീലകനെതിരെ കടുവ ആക്രമണം അഴിച്ചുവിടുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. സര്‍ക്കസ് എന്നാല്‍ അത്ര നിസാരമായ കേവല പ്രകടനങ്ങളല്ലെന്നും ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള കളിയാണിതെന്നും വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

ഇറ്റലിയിലെ ലെക്കെയിലാണ് സംഭവം. ലൈവായി സര്‍ക്കസ് ഷോ നടന്നുകൊണ്ടിരിക്കുകയാണ്. അടച്ച് ഭദ്രമാക്കിയ കൂട്ടിനുള്ളില്‍ രണ്ട് ഗമണ്ടൻ കടുകളുമായി ഒരു പരിശീലകൻ. ഒരു കടുവ ഇദ്ദേഹത്തിന്‍റെ മുന്നിലാണ്. ഇതിനെക്കൊണ്ട് എന്തോ ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു യുവ പരിശീലകനായ ഇവാൻ. 

എന്നാല്‍ ഇതിനിടെ പിറകിലുണ്ടായിരുന്ന കടുവ അപ്രതീക്ഷിതമായി ഇവാന്‍റെ കാലില്‍ കടിക്കുകയാണ്. വേദന കൊണ്ട് അലറുകയും കടുവയുടെ പിടി വിടുവിക്കാനും ശ്രമിക്കുന്ന ഇവാന് പക്ഷേ വീണ്ടും ആക്രമണമേല്‍ക്കുകയാണ്. ഇക്കുറി കടുവ കഴുത്തിലാണ് കടിക്കുന്നത്. 

ഇത്രയും ആകുമ്പോഴേക്ക് കാണികളെല്ലാം പരിഭ്രാന്തരായി ഓടുകയാണ്. ഇതിനിടെ ഇവാന്‍റെ അസിസ്റ്റന്‍റ് ഓടിയെത്തി കടുവയെ അടിച്ച് ഇവാനെ രക്ഷപ്പെടുത്തുന്നുണ്ട്. ഇത് പക്ഷേ വീഡിയോയില്‍ അത്രമാത്രം വ്യക്തമായി കാണാൻ സാധിക്കില്ല. എന്തായാലും ഇവാന്‍റെ ജീവൻ സുരക്ഷിതമായിട്ടുണ്ട് എന്നതാണ് ആശ്വാസം. സര്‍ക്കസ് കമ്പനി ഇക്കാര്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

മുപ്പത്തിയൊന്നുകാരനായ ഇവാൻ മിടുക്കനായ പരിശീലകനാണെന്നും ഇത്തരത്തിലുള്ള അപകടങ്ങള്‍ സര്‍ക്കസില്‍ ഒഴിച്ചുകൂട്ടാൻ പാടില്ലാത്തതാണെന്നും, മൃഗങ്ങളെല്ലാം മനുഷ്യര്‍ക്കൊപ്പം സര്‍ക്കസില്‍ പെര്‍ഫോമേഴ്സ് അഥവാ കലാകാരന്മാരായി മാറും, എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിക്കാമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ പരുക്കുകളെല്ലാം ഭേദമായി ഇവാൻ സര്‍ക്കസിലേക്ക് തിരിച്ചുവരുമെന്നാണ് പ്രത്യാശിക്കുന്നതെന്നും കമ്പനി പറയുന്നു. 

വീഡിയോ...

 

Also Read:- പാമ്പുകളോട് ഏറെ ഇഷ്ടം; അനാക്കോണ്ടയുമായി കളിച്ച യുവാവിന് 'പണി'യായി...

Follow Us:
Download App:
  • android
  • ios