വിവാഹദിനത്തില്‍ വധൂവരന്മാര്‍ അണിയുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏവരും ശ്രദ്ധിക്കുന്നതാണ്. മിക്കവാറും പരമ്പരാഗത രീതിയിലുള്ളതും ആചാരങ്ങളോടും സംസ്‌കാരത്തോടും ചേര്‍ന്നുനില്‍ക്കുന്നതുമായിരിക്കും വധൂവരന്മാരുടെ അന്നേ ദിവസത്തെ വേഷം. 

ഇതില്‍ നിന്ന് വ്യത്യസ്തമായി വിവാഹദിനത്തില്‍ സ്വയം അവതരിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു മുംബൈ സ്വദേശിയായ സഞ്ജന റിഷിക്കുണ്ടായിരുന്നത്. ഇതിനനുസരിച്ച് പാന്റ്‌സും സ്യൂട്ടും വിവാഹദിനത്തില്‍ വധു അണിയാറുള്ള ഡിസൈനര്‍ ഷാളുമായിരുന്നു തനിക്ക് വേണ്ടി സഞ്ജന തെരഞ്ഞെടുത്തത്. 

ഫ്യൂഷന്‍ ഗണത്തില്‍ പെടുത്താവുന്ന വേഷത്തിലുള്ള സഞ്ജനയുടെയും വരന്‍ ധ്രുവിന്റേയും ചിത്രങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി. വിവാഹഫോട്ടോ പോസ്റ്റ് ചെയ്ത്, പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ ട്രോളുകളുടെ പെരുമഴയായിരുന്നു തന്നെ കാത്തിരുന്നതെന്ന് സഞ്ജന. 

'ഹ്യൂമണ്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലാണ് സഞ്ജന തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. വിദേശത്ത് താമസമായിരുന്ന സഞ്ജന ധ്രുവിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് തിരിച്ച് ഇന്ത്യയിലെത്തിയത്. ഒരു വര്‍ഷത്തെ ലിവിംഗ് ടുഗെദറിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 

പരസ്പരം മനസിലാക്കുവാനായാണ് ഒരു വര്‍ഷം ഒരുമിച്ച് താമസിച്ചതെന്നും അക്കാലയളവില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ തന്നില്‍ ഏറെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ടെന്നും സഞ്ജന ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കാന്‍ വീട് പോലും കിട്ടാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്ഞ ഏത് പ്രശ്‌നങ്ങളിലും വലിയ പിന്തുണയായി ധ്രുവ് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും സഞ്ജന പറയുന്നു. 

വിവാഹവസ്ത്രത്തിന്റെ കാര്യത്തിലും ധ്രുവിന് മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ലെന്നും സഞ്ജന പറയുന്നു. ഫാഷന്റെ കാര്യത്തില്‍ വരുന്ന പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സഞ്ജനയ്‌ക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ചെറുപ്പക്കാര്‍ സഞ്ജനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Also Read:- ഓഫ് വൈറ്റ് ലെഹങ്കയില്‍ മനോഹരിയായി വരുണിന്‍റെ പ്രിയപത്‌നി...