പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരനെ അകറ്റാന്‍ പലതും പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകാം.

താരനെതിരെ വളരെ ചെലവ് കുറഞ്ഞതും ഉപയോഗിക്കാന്‍ സൗകര്യപ്രദവുമായ ഒന്നാണ് തൈര്. തൈര് കാത്സ്യത്തിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ബി 5, ഡി തുടങ്ങിയ വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാലും സമ്പുഷ്ടമാണ് തൈര്. 

ഇവ തലമുടി സംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും. തലമുടി കൊഴിച്ചിലും  താരനും അകറ്റാന്‍ തൈര് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം. 

ഒന്ന്...

ഒരു ടീസ്പൂണ്‍ ഉലുവ രാത്രി മുഴുവൻ വെള്ളത്തിലിട്ട് വയ്ക്കുക. അടുത്ത ദിവസം ഇവ ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേയ്ക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് തലമുടിയിലും തലയോട്ടിയിലും  പുരട്ടാം.  30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകാം. തലമുടി കൊഴിച്ചിൽ തടയാനും താരന്‍ അകറ്റാനും ഇത് സഹായിക്കും. 

രണ്ട്...

രണ്ട് ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. താരന്‍ അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്, 

മൂന്ന്...

ഒരു ടീസ്പൂൺ കടലപ്പൊടിയിൽ അര കപ്പ് തൈര് ചേർത്ത് തലയിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. താരൻ പ്രശ്നങ്ങൾ തടയാൻ ഇത് പതിവായി ഉപയോഗിക്കാം. 

നാല്...

ഒരു പഴം നന്നായി ചതച്ചതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ചേര്‍ക്കാം. ശേഷം ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുടിയില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാന്‍ ചെയ്യേണ്ടത്; നടി പറയുന്നു...