ഇത് ഗൗരവമായി എടുക്കണം എന്ന് കവറിലായി എഴുതിയിരിക്കുന്നത് കാണാം. തുടര്‍ന്ന് 'ഹലോ അയല്‍ക്കാരേ...' എന്ന അഭിസംബോധനയോടെ കത്ത് തുടങ്ങുന്നു.

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളുമെല്ലാം കാണും. ഇതിന് അനുസരിച്ചാണ് ഏവരും തങ്ങളുടെ ഭക്ഷണകാര്യങ്ങള്‍ 'പ്ലാൻ' ചെയ്യുന്നതും പിന്തുടരുന്നതുമെല്ലാം. എങ്കിലും ചിലര്‍ക്ക് മറ്റുള്ളവരുടെ ഭക്ഷണരീതികളോടുള്ള എതിര്‍പ്പോ അനിഷ്ടമോ പ്രകടിപ്പിക്കേണ്ടതായ സാഹചര്യങ്ങളും ഉണ്ടായേക്കാം. 

അത്തരത്തിലൊരു സാഹചര്യത്തില്‍ എഴുതിപ്പോയ കത്തിന്‍റെ പേരില്‍ ചര്‍ച്ചയിലായിരിക്കുകയാണ് ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ളൊരു കുടുംബം. ഇവര്‍ വീഗൻ കുടുംബമാണ്. എന്നുവച്ചാല്‍ മത്സ്യ-മാംസാദികളൊന്നും കഴിക്കാത്തവരെന്ന് ചുരുക്കം. 

ഇവരുടെ തൊട്ട് അയല്‍പക്കത്തുള്ള വീട്ടുകാരാണെങ്കില്‍ മത്സ്യ-മാംസാദികള്‍ കഴിക്കുന്നവരാണ്. ഇവര്‍ പതിവായി ഇത്തരത്തിലുള്ള വിഭവങ്ങള്‍ പാകം ചെയ്യാറുണ്ടത്രേ. ഇങ്ങനെ ഇറച്ചിയും മറ്റും പാകം ചെയ്യുമ്പോള്‍ അടുക്കള ജനാല വഴി മണം എത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതോടെ വീഗൻ വീട്ടുകാര്‍ ഇവര്‍ക്കൊരു കത്തെഴുതി ഇടുകയായിരുന്നു. 

ഇത് ഗൗരവമായി എടുക്കണം എന്ന് കവറിലായി എഴുതിയിരിക്കുന്നത് കാണാം. തുടര്‍ന്ന് 'ഹലോ അയല്‍ക്കാരേ...' എന്ന അഭിസംബോധനയോടെ കത്ത് തുടങ്ങുന്നു.

'നിങ്ങള്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ ദയവായി വശത്തുള്ള ജനാല അടച്ചിടാമോ? ഞങ്ങള്‍ വീഗൻ കുടുംബമായതിനാല്‍ തന്നെ നിങ്ങള്‍ പാകം ചെയ്യുന്ന ഇറച്ചിയുടെ മണം ഞങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. അത് ഞങ്ങളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുകയും ബാധിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രശ്നം നിങ്ങള്‍ മനസിലാക്കുമെന്നാണ് കരുതുന്നത്. സാറാ... വെയ്ൻ.... കുട്ടികളും അറിയുന്നതിന്...'- ഇതാണ് കത്ത്.

പെര്‍ത്ത് സ്വദേശികള്‍ മാത്രമുള്ളൊരു സോഷ്യല്‍ മീഡിയ പേജിലാണ് ആദ്യം കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് കത്ത് ഇവിടെ നിന്ന് നീക്കം ചെയ്തു. ഇതിനോടകം തന്നെ കത്ത് വൈറലായിക്കഴിഞ്ഞിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ സ്വാഭാവികമായും വൈറലായ കത്തിന് രണ്ട് അഭിപ്രായവും ലഭിച്ചു. ഒരു വിഭാഗം പേര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ മറുവിഭാഗം വീഗൻ കുടുംബത്തെ പിന്തുണച്ചു. പാചകം ചെയ്യുമ്പോള്‍ ജനല്‍ അടയ്ക്കുന്നതും അടയ്ക്കാത്തതും ഇവരുടെ ഇഷ്ടമെന്നും അത് പറയാൻ അയല്‍ക്കാര്‍ക്ക് അവകാശമില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ വളരെ മാന്യമായ ഭാഷയില്‍ അവര്‍ അപേക്ഷിക്കുകയല്ലേ ചെയ്തത്, അതില്‍ തെറ്റ് പറയാനില്ലെന്ന് മറുകൂട്ടരും പറയുകയാണ്. എന്തായാലും വ്യത്യസ്തമായ കത്ത് എങ്ങും ചര്‍ച്ചയിലായി എന്ന് വേണം പറയാൻ.

Also Read:- അസഹനീയമായ ചീഞ്ഞ ഗന്ധം പരന്നതോടെ സ്കൂള്‍ ഒരാഴ്ചത്തേക്ക് പൂട്ടി; സംഭവം ഇതായിരുന്നു...

Dr. Vandana Das Attack | Kottarakkara Kerala | Kottarakkara News LIVE Updates | Asianet Kollam News