സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോകളില്‍ മിക്കതും കുട്ടികളുടേതാകാറാണ് പതിവ്. കുട്ടികളുടെ കുറുമ്പുകളും, കൊഞ്ചലുകളും, ശാഠ്യങ്ങളും, പാട്ടും, കഥയും, സൂത്രപ്പണികളുമെല്ലാം നമ്മളെ എപ്പോഴും സന്തോഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ വീഡിയോകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയും വളരെ കൂടുതലാണ്. 

ഇക്കഴിഞ്ഞ ദിവസങ്ങളിലായി അത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയകളിലെല്ലാം കറങ്ങിക്കൊണ്ടിരിപ്പുണ്ട്. ഒരു കൊച്ചുപെണ്‍കുട്ടിയാണ് ഈ വീഡിയോയിലെ താരം. 

പള്ളിയില്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ അനുഗ്രഹിക്കാനായി കയ്യുയര്‍ത്തിയ പുരോഹിതനോടുള്ള പെണ്‍കുട്ടിയുടെ 'റിയാക്ഷന്‍' ആണ് ഏവരേയും ചിരിപ്പിച്ചത്. പുരോഹിതന്‍ കയ്യുയര്‍ത്തിയ നിമിഷം തന്നെ പെണ്‍കുട്ടി അദ്ദേഹത്തിന് 'ഹൈ ഫൈവ്' നല്‍കുകയാണ്. 

സാധാരണഗതിയില്‍ സുഹൃത്തുക്കള്‍ക്കിടയിലും മറ്റുമാണ് ഈ അഭിവാദനരീതി കാണാറ്. കൈകള്‍ പരസ്പരം ഉയര്‍ത്തി അടിക്കുന്നതാണ് 'ഹൈ ഫൈവ്'. കൊച്ചുപെണ്‍കുട്ടിയുടെ ഈ നിഷ്‌കളങ്കമായ പ്രതികരണം കണ്ടവരെയെല്ലാം ചിരിപ്പിച്ചു. വീഡിയോയില്‍ കാണുന്ന പുരോഹിതനും പിന്നീട് പ്രാര്‍ത്ഥനയ്ക്കിടെ ചിരി അടക്കാന്‍ പാട് പെടുന്നത് കാണാം.

പെണ്‍കുട്ടിയുടെ അടുത്ത് നില്‍ക്കുന്ന, അവളുടെ അമ്മയാണെന്ന് അനുമാനിക്കപ്പെടുന്ന സ്ത്രീയും അവളുടെ പ്രതികരണത്തില്‍ പെട്ടെന്ന് അത്ഭുതപ്പെട്ട് പോകുന്നുണ്ട്. ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പുരോഹിതന്‍ സ്പാനിഷ് ആണ് സംസാരിക്കുന്നത്, അതിനാല്‍ വീഡിയോ സ്‌പെയിനില്‍ നിന്നാകാം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്തായാലും ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ കണ്ടിരിക്കുന്നത്. ആയിരങ്ങള്‍ ഇപ്പോഴും ഇത് പങ്കുവച്ചുകൊണ്ടിരിക്കുന്നു.

വീഡിയോ കാണാം...

 

Also Read:- മീന്‍ ചൂണ്ടയില്‍ കുരുങ്ങിയ വമ്പന്‍; ലക്ഷക്കണക്കിന് പേര്‍ കണ്ട വീഡിയോ....