ആഘോഷവേളകള്‍ എന്നും മനോഹരമായ ഓര്‍മ്മയായി നമ്മുടെ ഉള്ളില്‍ നിലനില്‍ക്കുവാനുള്ളതാണ്. അതിനെ ഒരിക്കലും അശ്രദ്ധ മൂലം നശിപ്പിക്കുകയോ, ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളാക്കി മാറ്റുകയോ അരുത്. സന്തോഷങ്ങളുടെ നിറം കെടുത്തണമെന്നല്ല, മറിച്ച് ഉള്ളതിനെ തിളക്കമുള്ളതാക്കി മാറ്റുകയാണ് വേണ്ടത്

വിഷു ആഘോഷത്തിന്റെ ആലസ്യത്തിലായിരിക്കും ( Vishu Celebration ) ഇപ്പോഴും മിക്കവരും. വല്ലപ്പോഴും വീണുകിട്ടുന്ന ആഘോഷാവസരങ്ങള്‍ വീട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ഒപ്പം സന്തോഷപൂര്‍വം ചെലവിടുക ( Happy Moments ) തന്നെ വേണം. എന്നാല്‍ ഇത്തരം അവസരങ്ങളിലും നിര്‍ബന്ധമായി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. 

ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിഷു ആഘോഷത്തിനായി പടക്കങ്ങള്‍ വാങ്ങിക്കൊണ്ടുവന്നത് ഏവരും ചേര്‍ന്ന് പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അയല്‍വീട്ടില്‍ നിന്ന് അപ്രതീക്ഷിതമായി തീപാറിച്ചുകൊണ്ട് ഒരു 'മിസൈല്‍' പാഞ്ഞെത്തുന്നതാണ് ഈ വീഡിയോയിലുള്ളത്. 

അടുത്ത വീടുകളിലും സമാനമായി പടക്കം പൊട്ടിച്ച് ആഘോഷങ്ങള്‍ നടക്കുക തന്നെയായിരിക്കണം. എന്നാല്‍ ആരുടെയോ അശ്രദ്ധയാണ് ഇത്തരമൊരു അപകടം സൃഷ്ടിച്ചിരിക്കുന്നത്. കാര്യമായ പരിക്കുകളൊന്നും ആര്‍ക്കും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയിലുള്ള സൂചന. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടുമില്ല. എങ്കിലും ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ ഈ വീഡിയോയ്ക്കുള്ള പ്രാധാന്യം ചെറുതല്ല. 

സുരക്ഷ മുഖ്യം...

നമ്മള്‍ സ്വയവും, നമ്മുടെ ചുറ്റുമുള്ളവരും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം നമ്മുടെ ഓരോ ആഘോഷവേളകളും കടന്നുപോകേണ്ടത്. ആഘോഷത്തിന്റെ ലഹരിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് മുന്‍കാലങ്ങളിലും ഏറെ കണ്ടിട്ടുള്ളതാണ്. ഇക്കാര്യം എപ്പോഴും മനസിലുണ്ടായിരിക്കുക. 

അപകടം പതിയിരിക്കുന്ന ആഘോഷങ്ങള്‍...

പടക്കം പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. അടുത്തടുത്ത് വീടുകളുള്ള പ്രദേശങ്ങളില്‍ അതിന് അനുയോജ്യമായ രീതിയിലുള്ള പടക്കങ്ങളും മറ്റും മാത്രം ഉപയോഗിക്കുക. അതുപോലെ എല്ലാ വീടുകളിലും ഇത്തരത്തില്‍ ഒന്നിച്ച് പടക്കങ്ങള്‍ വാങ്ങി വച്ചിരിക്കും. ഇതിലേക്ക് ഒരു ചെറിയ തീപ്പൊരി വീണാല്‍ തന്നെ വലിയ അപകടമാണ് സംഭവിക്കുക. അതിനാല്‍ ഇവ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും അതീവശ്രദ്ധയോടെ വേണം. 

രോഗികള്‍ക്ക് പരിഗണന...

രോഗികളോ, ഗര്‍ഭിണികളോ എല്ലാമുള്ള വീടുകളെ ചൊല്ലി എപ്പോഴും പരിഗണന പുലര്‍ത്തണം. നമ്മുടെ വീട്ടില്‍ ഇത്തരത്തില്‍ ദുര്‍ബല വിഭാഗത്തില്‍ പെടുന്നവരില്ലെങ്കില്‍ കൂടിയും, സമീപത്തുള്ള വീടുകളിലുണ്ടെങ്കില്‍ തീര്‍ച്ചയായും അത് പരിഗണിക്കണം. 

കുട്ടികളെ കരുതുക...

കുട്ടികളുടെ സുരക്ഷ എപ്പോഴും കണക്കിലെടുക്കേണ്ടതുണ്ട്. വെടിമരുന്ന് പോലുള്ള സാധനങ്ങള്‍ വീട്ടില്‍ വയ്ക്കുമ്പോഴും വീട്ടില്‍ പ്രയോഗിക്കുമ്പോഴും കുട്ടികളുടെ സുരക്ഷ എല്ലായ്‌പ്പോഴും ഉറപ്പുവരുത്തുക. അവര്‍ അത്തരം സാധനങ്ങള്‍ തൊടുന്നതോ, കൈകാര്യം ചെയ്യുന്നതോ നിരുത്സാഹപ്പെടുത്തുക, അതുപോലെ മുതിര്‍ന്നവരെ അനുകരിക്കാതിരിക്കുവാനും കരുതലെടുക്കുക. 

ശ്രദ്ധ കളയല്ലേ...

ആഘോഷവേളകളില്‍ മൊബൈല്‍ ക്യാമറയിലും സംസാരത്തിലും ആഹ്ലാദത്തിലുമെല്ലാം മതിമറന്ന് പരിസരത്തില്‍ നിന്ന് വിട്ടുപോകരുത്. ഇത് പലവിധത്തിലുള്ള അപകടങ്ങളിലേക്കും നമ്മെ നയിക്കാം. ഇക്കാര്യം പടക്കം പൊട്ടിക്കുന്നത് പോലുള്ള വിഷയങ്ങളില്‍ മാത്രമല്ല പൊതുവിലും ശ്രദ്ധിക്കാനുള്ളതാണ്.

ആഘോഷവേളകള്‍ എന്നും മനോഹരമായ ഓര്‍മ്മയായി നമ്മുടെ ഉള്ളില്‍ നിലനില്‍ക്കുവാനുള്ളതാണ്. അതിനെ ഒരിക്കലും അശ്രദ്ധ മൂലം നശിപ്പിക്കുകയോ, ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നിമിഷങ്ങളാക്കി മാറ്റുകയോ അരുത്. സന്തോഷങ്ങളുടെ നിറം കെടുത്തണമെന്നല്ല, മറിച്ച് ഉള്ളതിനെ തിളക്കമുള്ളതാക്കി മാറ്റുകയാണ് വേണ്ടത്. 

Also Read:- ബൈക്ക് യാത്രികന്റെ കഴുത്ത് മുറിച്ചിട്ട പട്ടച്ചരട്; അറിയാം ഈ ആളെക്കൊല്ലിയെക്കുറിച്ച്....