കാടിന് കാടിന്റേതായ നിയമമുണ്ടെന്ന് നമ്മള്‍ പറയാറില്ലേ. ഭക്ഷണത്തിന് വേണ്ടി പരസ്പരം ഇരകളാക്കുന്ന മൃഗങ്ങളുടെ നീതിയും അത്തരത്തില്‍ അംഗീകരിക്കപ്പെടാറുണ്ട്. എങ്കിലും കൂട്ടത്തില്‍ ദുര്‍ബലനായി നില്‍ക്കുന്ന മൃഗത്തിനോട് നമുക്കൊരു സഹതാപം തോന്നാറുമുണ്ട്, അല്ലേ? 

'വൈല്‍ഡ് എര്‍ത്ത്.ടിവി' ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചൊരു വീഡിയോയില്‍ സമാനമായൊരു സംഭവം നമുക്ക് കാണാനാകും. ഒറ്റയ്ക്ക് ജീവിച്ച് പഠിച്ച് തുടങ്ങിയിട്ടില്ലാത്ത ഒരു പുലിക്കുഞ്ഞ്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാട്ടിനുള്ളിലെ ജലാശയത്തില്‍ വെള്ളം കുടിക്കാനെത്തിയതായിരുന്നു അത്. 

എന്നാല്‍ തികച്ചും അപ്രതീക്ഷിതമായൊരു ആക്രമണം ആയിരുന്നു വെള്ളത്തിനടിയില്‍ നിന്നുണ്ടായത്. നൈല്‍ മുതലകള്‍ എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട ഒരു വമ്പന്‍ മുതല നൊടിയിട കൊണ്ട് പുലിക്കുഞ്ഞിനെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് ഊളിയിട്ട് പോയി. ആഫ്രിക്കയില്‍ നല്ലതോതില്‍ കണ്ടുവരുന്നൊരു ഇനമാണിത്. പൊതുവേ ഇവ അക്രമണകാരികളാണത്രേ. അതിഭയങ്കരമായ രീതിയിലാണ് മറ്റ് ജീവികളെ ഇവ കടിക്കുന്നത്. ഈ കടി വിടുവിച്ച് രക്ഷപ്പെടാന്‍ മിക്കപ്പോഴും ഇരകള്‍ക്ക് കഴിയുകയുമില്ല.

ഏതായാലും നിമിഷ നേരം കൊണ്ട് പുലിക്കുഞ്ഞുമായി അത് വെള്ളത്തിനടിയിലെത്തിക്കഴിഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് അമ്മപ്പുലിക്ക് മനസിലായത് പോലുമില്ല. എങ്കിലും തന്റെ കുഞ്ഞിനെ അവിടെയാകെ അന്വേഷിക്കുന്നുണ്ട് അത്. 

ദക്ഷിണാഫ്രിക്കയിലെ 'വൈല്‍ഡ് എര്‍ത്ത്' സഫാരി ഗൈഡായ ബുസാനി മിഷാലിയാണ് ഈ ദൃശ്യം പകര്‍ത്തിയത്. വളരെയധികം വേനദിപ്പിക്കുന്ന രംഗമായിരുന്നു അതെന്നും എന്നാല്‍ മൃഗങ്ങളുടെ ജീവിതം ഇത്തരത്തില്‍  തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വീഡിയോയില്‍ തന്നെ പറയുന്നു. തുടര്‍ന്ന് 'വൈല്‍ഡ് എര്‍ത്ത്. ടിവി' ഈ ദൃശ്യം തങ്ങളുടെ എഫ് ബി പേജില്‍ പങ്കുവയ്ക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനകം തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമായി വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു. 

വീഡിയോ കാണാം...

 

Also Read:- ജോഗിങിനിടെ ഡ്രെയിനേജില്‍ നിന്ന് ഇങ്ങനെയൊരാള്‍ മുന്നിലേക്ക് ചാടിയാലോ!...