മദ്ധ്യവയസ് പിന്നിട്ടവരെ സംബന്ധിച്ച് അവര്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഏകാന്തത. മക്കളും പേരക്കിടാങ്ങളും വലിയ കുടുംബവുമെല്ലാമുണ്ടെങ്കിലും തന്നെ കേള്‍ക്കാനോ, തന്നോടൊപ്പം കൂട്ടിരിക്കാനോ ആരുമില്ലാതെ വിഷമിക്കുന്ന വയോജനങ്ങള്‍ നിരവധിയാണ്.

അത്തരത്തില്‍ വീര്‍പ്പുമുട്ടി ജീവിക്കുന്ന മനുഷ്യരുടെ സങ്കടങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. ടിക് ടോകിലൂടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഓസ്‌ട്രേലിയയിലെ ഒരു വലിയ ഷോപ്പിംഗ് മോള്‍. അവിടെ വച്ച് വൃദ്ധയായ സ്ത്രീക്ക് അപരിചിതനായ ഒരാള്‍ ഒരു പിടി പൂക്കള്‍ കൈമാറുകയാണ്.

'ഹാപ്പി ട്യൂസ് ഡേ' എന്നാംശംസിച്ചുകൊണ്ടാണ് അപരിചിതന്‍ വൃദ്ധയ്ക്ക് പൂക്കള്‍ കൈമാറുന്നത്. അമ്പരന്നുപോയ വൃദ്ധ തുടര്‍ന്ന് ഊഷ്മളമായൊരു കെട്ടിപ്പിടുത്തമാണ് അപരിചിതന് തിരിച്ച് നല്‍കുന്നത്. വാക്കുകള്‍ കൊണ്ട് തന്റെ സന്തോഷം വിവരിക്കാന്‍ സാധിക്കാതെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ കാണാം.

'നിങ്ങള്‍ ചെയ്തിരിക്കുന്നത് എന്തുമാത്രം വലിയ കാര്യമാണെന്ന് ഒരുപക്ഷേ നിങ്ങള്‍ പോലും മനസിലാക്കുന്നുണ്ടാകില്ല'- എന്നാണ് വൃദ്ധ അപരിചിതനോട് പറയുന്ന വാക്കുകള്‍. സ്‌നേഹസാന്ദമായൊരു സമീപനത്തിന് അവരെന്ത്രമാത്രം കൊതിച്ചിരുന്നു എന്ന് ഈ വാക്കുകളില്‍ തന്നെ വ്യക്തമാണെന്നും, വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നൊരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തതെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. രണ്ടര ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോ കാണാം...

 

Also Read:- അമ്മയില്ലാത്തപ്പോള്‍ കുഞ്ഞിനെ ഇങ്ങനെ പാലൂട്ടാം; വൈറലായി ഒരച്ഛന്റെ സൂത്രപ്പണി...