നമ്മളില്‍ കൗതുകം ജനിപ്പിക്കുന്ന തരത്തിലുള്ള ധാരാളം വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയകളില്‍ പതിവായി കാണാറുണ്ട്. മൃഗങ്ങളേയും മറ്റ് ജീവജാലങ്ങളേയും ബന്ധപ്പെടുത്തിയുള്ള വീഡിയോകളാണ് ഇക്കൂട്ടത്തില്‍ അധികവും ഉള്‍പ്പെടുന്നത്. അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററിലും മറ്റുമായി വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. 

കാണുംതോറും കണ്ണുകളെ അതിശയിപ്പിക്കുന്ന വിധം അഴകുള്ള ഒരു നീലപ്പാമ്പ്. ഒറ്റനോട്ടത്തില്‍ 'ഒറിജിനല്‍' തന്നെയല്ലേ എന്നുവരെ സംശയം തോന്നിയേക്കാം. അത്രമാത്രം ഭംഗിയാണ് ഇതിനെ കാണാന്‍. കടും ചുവപ്പ് പനിനീര്‍പ്പൂവിന് മുകളിലായി അങ്ങനെ ചുറ്റിപ്പിണഞ്ഞ് കിടക്കുകയാണ് ഈ ചങ്ങാതി.

 

 

അസാധാരണമാം വിധം അഴകുള്ള പാമ്പിനെ കാണാനായി വീഡിയോ തുറന്നവര്‍ നിരവധിയാണ്. എന്നാല്‍ സംഗതി, കാണാന്‍ 'ഹീറോ' ലുക്ക് ആണെങ്കിലും കടി കിട്ടിയാല്‍ കളിയെല്ലാം മാറുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അണലി വര്‍ഗത്തില്‍ പെടുന്ന അപൂര്‍വ്വയിനമാണ് ഈ പാമ്പ്. കടിച്ചാല്‍ ആന്തരീക രക്തസ്രാവത്തിനും ബാഹ്യമായ രക്തസ്രാവത്തിനും ഒരുപോലെ സാധ്യത. പൊതുവില്‍ വളരെയധികം അക്രമവാസന വച്ചുപുലര്‍ത്തുന്ന ഇനം. അസഹനീയമായ വേദനയുണ്ടാക്കുന്നതും അപകടപ്പെടുത്താന്‍ കഴിവുള്ളതുമായ വിഷമാണ് ഇതിനുള്ളത്. ഇക്കാരണങ്ങളൊക്കെ കൊണ്ട് തന്നെ, കാണാനുള്ള കൗതുകം മൂത്ത് ഇതിനെ തൊടാനോ, കളിപ്പിക്കാനോ എല്ലാം അടുത്തേക്ക് ചെന്നാല്‍ വിവരമറിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇന്തോനേഷ്യയിലാണ് പ്രധാനമായും ഇവയെ കണ്ടുവരുന്നത്. 'ലൈഫ് ഓണ്‍ എര്‍ത്ത്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തെത്തിയത്. അമ്പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. 'റെഡ്ഡിറ്റ്'ലും ഈ വീഡിയോ ഹിറ്റായിരുന്നു. ലക്ഷങ്ങളാണ് 'റെഡ്ഡിറ്റി'ല്‍ ഇത് കണ്ടത്.

Also Read:- ടോയ്‌ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത 'അതിഥി'; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍...