ലിപ്സ്റ്റിക്കിന് പകരം ചുണ്ട് ചുവപ്പിക്കാൻ മൈലാഞ്ചി ഉപയോ​ഗിച്ചാല്‍ എങ്ങനെയുണ്ടാകും? ചിക്കാ​ഗോയിൽ നിന്നുള്ള മോഡലും ബ്യൂട്ടി ബ്ലോ​ഗറുമായ ബ്രിയാന ക്രിസ്റ്റ്യാൻസൺ എന്ന യുവതിയാണ് ചുണ്ട് ചുവപ്പിക്കാൻ ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തത്. 

ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മെഹന്ദി കോണിൽ നിന്നും മൈലാഞ്ചി ഒരു ചെറിയ പാത്രത്തിലേയ്ക്ക് മാറ്റി ബ്രഷ് ഉപയോ​ഗിച്ച് ചുണ്ടിൽ പുരട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഉണങ്ങിയതിനുശേഷം മൈലാഞ്ചി നീക്കം ചെയ്യുന്നതും ചുവന്ന ചുണ്ടുകൾ കാണിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ നിരവധി പേരാണ് യുവതിയെ വിമർശിച്ച് കമന്റ് ചെയ്തത്. കെമിക്കലുകളാൽ നിർമിതമായ ഇത്തരം മൈലാഞ്ചി ചുണ്ടിൽ പുരട്ടുന്നത് നന്നല്ല എന്നാണ് എല്ലാവരുടെയും അഭിപ്രായം. തുടര്‍ന്ന് മറ്റൊരു വീഡിയോയുമായി ബ്രിയാന രം​ഗത്തെത്തുകയും ചെയ്തു. 

രണ്ടുദിവത്തിനുള്ളിൽ ചുണ്ടിലെ നിറം മാഞ്ഞുപോയെന്നും കോണിൽ ഹാനികരമായ കെമിക്കൽ ചേരുവകൾ ഉണ്ടെന്നത് പിന്നീടാണ് ശ്രദ്ധിച്ചതെന്നും പറഞ്ഞാണ് ബ്രിയാന വീഡിയോ പങ്കുവച്ചത്. ഇനിയാരും ഇത്തരത്തിൽ ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്നും ബ്രിയാന അഭ്യർഥിക്കുകയും ചെയ്തു. 

 

Also Read: സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...