കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ നടന്ന ദുര്‍ഗാപൂജയ്ക്കിടെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ഒരു ട്രാഫിക് പൊലീസുകാരന്റെ വീഡിയോ വൈറലായിരുന്നത് ഓര്‍ക്കുന്നുണ്ടോ? ബാരിക്കേഡിലും കസേരയിലുമായി കയറിനിന്ന്, നിര്‍ത്താതെ വിസിലടിച്ച്, കൈകൊണ്ട് ഡാന്‍സ് ചെയ്യും പോലെ ആംഗ്യങ്ങള്‍ കാണിക്കുന്ന പൊലീസുകാരന്റെ വീഡിയോ. 

അന്ന് ആ വീഡിയോ വലിയരീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും, സ്വതസിദ്ധമായ അദ്ദേഹത്തിന്റെ ശൈലിയുമെല്ലാം ഏറെ കയ്യടി നേടിയിരുന്നു. 

 

ഇക്കുറിയും ദുര്‍ഗാപൂജയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കോണ്‍സ്റ്റബിളായ ഏലിയാസ് മിയാ. ഇക്കുറി പക്ഷേ യൂണിഫോമിലല്ല, ഏലിയാസ്. എങ്കിലും ആ പഴയ ഊര്‍ജ്ജത്തിന് മാത്രം ഒരു മാറ്റവുമില്ല. കൊല്‍ക്കത്ത പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലുമായാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. 

 

രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ടായിരത്തിലധികം പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ വീഡിയോ കണ്ടു. പഴയ വൈറല്‍ വീഡിയോ ഓര്‍ത്തുവച്ച പലരും ഏലിയാസിനെ വീണ്ടും കമന്റുകളിലൂടെ അഭിനന്ദിച്ചു. എന്തായാലും കൗതുകമുണര്‍ത്തുന്ന ഈ ശൈലി മാറ്റരുത് എന്നാണ് എല്ലാവര്‍ക്കും ഏലിയാസിനോട് പറയാനുള്ളത്.