സാക്ഷരതയുടേയും വികസനത്തിന്റേയും കാര്യത്തില്‍ മുന്നോട്ട് എന്ന മുദ്രാവാക്യത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും അന്ധവിശ്വാസങ്ങളില്‍ മുങ്ങിപ്പോവുകയാണ് പലപ്പോഴും നമ്മുടെ രാജ്യത്തെ ജനത. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങളും വീഡിയോകളും. 

ഇന്ന് ലോകമൊട്ടാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന 'കൊറോണ വൈറസ്' എന്ന മഹാമാരിക്ക് കാരണമാകുന്ന രോഗകാരിയെ 'ദേവി'യായി സങ്കല്‍പിച്ച് പൂജ ചെയ്യുന്നതാണ് ഈ ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം ഉള്ളത്. 'കൊറോണ ദേവി'യെ തൃപ്തിപ്പെടുത്താന്‍ പൂജ നടത്തുന്നത് സ്ത്രീകളാണ്. 

പുഴക്കരയില്‍ കുഴി കുത്തി, അതിലേക്ക് ശര്‍ക്കരപ്പാനിയും പൂക്കളും സുഗന്ധവ്യജ്ഞനങ്ങളും ലഡ്ഡുവുമെല്ലാം അര്‍പ്പിക്കും. ശേഷമാണ് കൂട്ടപ്രാര്‍ത്ഥന. സംഗതി കൂട്ട പ്രാര്‍ത്ഥനയാണെങ്കിലും സാമൂഹികാകലം പാലിച്ചാണ് സ്ത്രീകളൊക്കെ നില്‍ക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. 

ബീഹാറിലെ നളന്ദ, ഗോപാല്‍ഗഞ്ച്, സരണ്‍, വൈശാലി, മുസഫര്‍പൂര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം 'കൊറോണ ദേവി'പൂജ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തേ അസമില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്തെത്തിയിരുന്നു. 

ഇത് പരിപൂര്‍ണ്ണമായും അന്ധവിശ്വാസമാണെന്നും നിലവിലെ സാഹചര്യത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് ഇത്തരം പ്രവണതകളില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് ബീഹാറില്‍ സാമൂഹിക പ്രവര്‍ത്തകരും ആരോഗ്യവിദഗ്ധരുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്. 'കൊറോണ വൈറസ്' എന്നത് ഒരു രോഗകാരിയായ വൈറസ് ആണെന്നും അതുണ്ടാക്കുന്ന രോഗമാണ് 'കൊവിഡ് 19' എന്നും ഇതിന് കൃത്യമായ ചികിത്സ എടുത്തില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നും എല്ലാം ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോധവത്കരണം നടത്തുന്നുണ്ട്. എന്നാല്‍ 'കൊറോണ ദേവീ'പൂജ നടത്തുന്ന 'ഭക്ത'രില്‍ എത്ര പേരിലേക്ക് ഈ അവബോധം എത്തുമെന്നതില്‍ നിശ്ചയമില്ല. 

ബീഹാറില്‍ ഇതുവരെ 4,915 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളത്. 30 മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസമിലാകട്ടെ, 2,397 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മരണമാണ് സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ കാര്യമായി നിലവില്‍ വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ വേണം മുന്നോട്ടുപോകാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. 

Also Read:- വൈറസ് ബാധ അവസാനിപ്പിക്കാന്‍ 'കൊറോണ ദേവീപൂജ' നടത്തി നാട്ടുകാര്‍...

മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ കൃത്യമായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആളുകളെ ബോധവത്കരിക്കുന്നതിനിടെ അശാസ്ത്രീയമായ പ്രചാരണങ്ങളും പ്രവണതകളും വ്യാപകമാകുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.