മിഡ്നപുരി: ഇരുതലയുള്ള പാമ്പുകളെ വളരെ അപൂര്‍വ്വമായി മാത്രമാണ് കണ്ടു വരുന്നത്. അതിനാല്‍ തന്നെ അത്തരത്തിലുള്ള പാമ്പുകള്‍ വന്‍ വാര്‍ത്തയാവുകയും ചെയ്യും. ഇരുതലയുള്ള പാമ്പുകളെ കാട്ടില്‍ പോലും വളരെ അപൂര്‍വ്വമായേ കാണാന്‍ കഴിയൂ. 

 പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരിലെ എകരുഖി വനാതിർത്തിയിൽ നിന്നുള്ള ഇരുതലയുള്ള ഒരു പാമ്പിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപൂർവയിനം പാമ്പിനെ കണ്ട് അതീവ സന്തോഷത്തിലാണ് ഗ്രാമവാസികൾ. ഈ പാമ്പിനെ വനം വകുപ്പിന് കൈമാറാൻ ​ഗ്രാമവാസികൾ തയ്യാറല്ല. അതിന് കാരണം ജനങ്ങളുടെ അന്ധവിശ്വാസമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ കൗസ്തവ് ചക്രവർത്തി പറഞ്ഞു.

“ മനുഷ്യർക്കും ഇത്തരത്തിൽ രണ്ട് തലയൊക്കെ ഉണ്ടാകാറുണ്ട്, അതുപോലെ ഈ പാമ്പിന് രണ്ട് തലകളുണ്ട്. ഇതിന് ഐതീഹ്യവുമായി ബന്ധമൊന്നുമില്ല'-കൗസ്തവ് പറഞ്ഞു. ഈ പാമ്പ് ഉഗ്രവിഷമുള്ള കരിനാഗത്തിൽപ്പെട്ടതാണെന്നാണ് സൂചന. കൂടുതലായും ആഫ്രിക്ക, തെക്കുപടിഞ്ഞാറൻ ഏഷ്യ, തെക്കേ ഏഷ്യ എന്നിവിടങ്ങളിലാണ് ഈ ഇനം പാമ്പുകൾ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.