ദിവസങ്ങളോളം ഉപയോഗിക്കാതെ വാഹനങ്ങള്‍ ഇടുമ്പോള്‍ അതിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അത്തരത്തിലൊരു പ്രശ്‌നമാണ് വാഹനങ്ങള്‍ കയ്യേറി താമസസ്ഥലമാക്കുന്ന ജീവികള്‍. കിളികള്‍, എലി, പാറ്റ, പല്ലി തുടങ്ങിയ ജീവികളെല്ലാം തന്നെ ഇക്കാര്യത്തില്‍ മിടുക്കരാണ്. 

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. ഏതാനും നാളുകളായി ഉപയോഗിക്കാതെ പാര്‍ക്കിംഗിലിട്ടിരുന്ന കാര്‍ തുറക്കാനെത്തിയ ഡാനിയേലെ ഗ്ലാസ്‌ഗോ എന്ന യുവതി കണ്ട കാഴ്ചയാണ് വീഡിയോയിലുള്ളത്. 

'ഹണ്ട്‌സ്മാന്‍ സ്‌പൈഡര്‍' എന്നും 'ജയന്റ് ക്രാബ് സ്‌പൈഡര്‍' എന്നുമെല്ലാം വിളിപ്പേരുള്ള വമ്പന്‍ എട്ടുകാലിയും അതിന്റെ എണ്ണമറ്റ കുഞ്ഞുങ്ങളും കാറിനകത്ത് ഓടിക്കളിക്കുന്നതാണ് ഡാനിയേല്‍ കണ്ടത്. ഇത് തന്റെ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ഡാനിയേലെ. 

ഓസ്‌ട്രേലിയയില്‍ വലിയ തോതില്‍ കാണപ്പെടുന്നൊരിനം എട്ടുകാലിയാണിത്. പ്രധാനമായും ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കയ്യേറുന്നതും ഇവര്‍ തന്നെയാണത്രേ. ഒരിക്കല്‍ ഇങ്ങനെ വാഹനങ്ങള്‍ക്കകത്ത് കേറിക്കഴിഞ്ഞാല്‍ മുഴുവനായി ഇവയെ നശിപ്പിച്ച് വാഹനം വൃത്തിയാക്കിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതിനാല്‍ തന്നെ ഇവയെ വലിയ ശല്യക്കാരായാണ് ആളുകള്‍ കാണുന്നതും. 

Also Read:- തവളയല്ല, എലിയുമല്ല; പിന്നെയെന്താണെന്ന് പറയാമോ?...

വലിയ എട്ടുകാലിയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ ഡാനിയേലെ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് യൂട്യൂബിലും വീഡിയോ എത്തി. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona