ചെളിവെള്ളത്തില്‍ കുളിക്കുന്ന ഒരു കാണ്ടാമൃഗത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിനടുത്തുള്ള നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. 

ഏഴ് വയസ്സുള്ള 'ജാവൻ' ഇനത്തിലുള്ള കാണ്ടാമൃഗം ചെളിവെള്ളത്തില്‍ കിടന്ന് ഉരുളുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇന്തോനേഷ്യയിലെ  പരിസ്ഥിതി മന്ത്രി തന്നെയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ചെളിവെള്ളത്തില്‍ കുളിക്കുന്നത് കാണ്ടാമൃഗത്തിന്‍റെ ശരീരത്തിലെ താപനില നിയന്ത്രിക്കാനും ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുമെന്നും മന്ത്രി പറയുന്നു.  

 

 

കാണ്ടാമൃഗത്തിന്‍റെ ഒരു ഉപവംശമായ ജാവൻ കാണ്ടാമൃഗങ്ങൾ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽപ്പെടുന്നതാണ്. ഈ ഇനത്തിലുള്ള 72 കാണ്ടാമൃഗങ്ങള്‍ പാര്‍ക്കിലുണ്ടെന്നും മന്ത്രി പറയുന്നു.  

എന്തായാലും ജാവന്‍ കാണ്ടാമൃഗത്തിന്‍റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഏകദേശം പത്ത് ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 12000-ല്‍ കൂടുതല്‍ ആളുകള്‍ വീഡിയോ റീട്വീറ്റും ചെയ്തു. 

Also Read: വീണ്ടും വൈറലായി 'സ്മാര്‍ട്ട്' ആട്; ട്വിറ്ററില്‍ കയ്യടി...