പാമ്പിന്‍റെയും മറ്റ് മൃഗങ്ങളുടെയുമൊക്കെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അക്കൂട്ടത്തില്‍ ഇതാ മറ്റൊരു വീഡിയോ കൂടി.  ഇവിടെ പാമ്പ് അല്ല കടുവയാണ് ഹീറോ. 

കടുവ നടക്കുന്ന വഴിയില്‍ മാർഗ തടസ്സമായി ഒരു വലിയ പെരുമ്പാമ്പ് കിടക്കുകയാണ്. സാധാരണ ഇങ്ങനെയൊരു സാഹചര്യത്തില്‍ കടുവ എങ്ങനെ ആയിരിക്കും പ്രതികരിക്കുക? എന്നാല്‍ കർണാടകയിലെ നാഗർഹോളെ കടുവ സംരക്ഷിതമേഖലയിൽ സംഭവിച്ചത് കാഴ്ചക്കാരെ ഞെട്ടിച്ചു. 

പെരുമ്പാമ്പിനെ കണ്ട കടുവ ആദ്യം എന്തു ചെയ്യണമെന്നറിയാതെ അൽപ സമയം അവിടെ നില്‍ക്കുകയാണ്. പിന്നീട് പാമ്പിന്റെ സമീപത്തു എത്തി അതിനെ കൗതുകത്തോടെ നോക്കി. പെരുമ്പാമ്പ് ഇതിനിടയില്‍ ചെറുതായി ഒന്ന് പത്തിവിടര്‍ത്തി കടുവയെ നോക്കുന്നതും വീഡിയോയില്‍ കാണാം. ശേഷം കടുവ പെരുമ്പാമ്പിനെ മറികടക്കാതെ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് മറയുകയാണ് ചെയ്തത്. ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചത് വെറുതേ ആയല്ലോ എന്നു തോന്നിപോകും ഈ ദൃശ്യങ്ങള്‍ കണ്ടാല്‍. 

 

2018ലെ ഈ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യതോടെയാണ് സംഭവം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായത്.

Also Read: ഭക്ഷണം കഴിച്ചു, ഇനി കുറച്ച് വെള്ളം കുടിച്ചാലോ? വൈറലായി പെരുമ്പാമ്പിന്‍റെ വീഡിയോ...