അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണവും വ്യായാമവുമാണ്. പ്രായമാകുന്തോറും വ്യായാമം ചെയ്യാനുള്ള ഉന്മേഷം കുറഞ്ഞുവരാം. അത് അമിതവണ്ണത്തിലേയ്ക്കും നയിക്കും. വ്യായാമം അധികം ഇല്ലാത്തവര്‍ കലോറി കുറവുള്ള ആഹാരം കഴിക്കുന്നതാണ് വണ്ണം നിയന്ത്രിക്കാന്‍ നല്ലത്.  നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞുള്ള ഊര്‍ജം കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തത്തിന് കാരണമാകുന്നു.

അതിനാല്‍ മുപ്പത് കഴി‍ഞ്ഞാല്‍  ആരോഗ്യകാര്യത്തില്‍ കുറച്ചധികം ശ്രദ്ധ വേണം. മുപ്പതുകളില്‍  അമിതവണ്ണം കുറയ്ക്കാന്‍ ഒരു ഡയറ്റീഷന്റെ സഹായത്തോടെ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. മുപ്പതുകളില്‍ വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

അമിതവണ്ണവും കൊളസ്ട്രോളും തടയാനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും വരാതിരിക്കാനും ജീവിതത്തില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ചുകളയുന്ന ശാരീരിക അധ്വാനങ്ങൾ, വ്യായാമ മുറകള്‍ തന്നെ ശീലമാക്കുക. 

രണ്ട്...

കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തെ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ശരിയായ രീതിയിലുള്ള ആഹാരക്രമം ശീലിച്ചാല്‍ ഈ രോഗങ്ങളെ ഒന്നും ഭയപ്പടേണ്ട കാര്യമില്ല. നാരുകള്‍ കൂടുതലടങ്ങിയ ആഹാരങ്ങളായ ധാന്യങ്ങള്‍, പയര്‍-പരിപ്പ് വര്‍ഗങ്ങള്‍,  ഇലക്കറികള്‍, പച്ചക്കറികള്‍ മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. കാര്‍ബോഹ്രൈട്രേറ്റിന്‍റെ അളവ് കുറയ്ക്കുക. ഒപ്പം വെള്ളം ധാരാളമായി കുടിക്കുക. 

മൂന്ന്...

മധുര പാനീയങ്ങള്‍, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. കലോറി കൂടുതലുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുക മാത്രമല്ല, അമിതവണ്ണത്തിലേയ്ക്കും നിങ്ങളെ നയിക്കും. 

നാല്...

ഇന്ന് മിക്ക ആളുകളിലും കാണുന്നതാണ് 'സ്‌ട്രെസ്'. മാനസിക സമ്മര്‍ദ്ദം എന്നത് മനസിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് ശരീരത്തെയും ബാധിക്കാം. സ്ട്രെസ് മൂലവും ചിലരില്‍ വണ്ണം വയ്ക്കാം. അതിനാല്‍ സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

Also Read: 'സ്‌ട്രെസ്' കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

അഞ്ച്...

ഉറക്കവും ഭാരം കൂടുന്നതും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായ ഉറക്കം ഇല്ലാതെ വരുമ്പോള്‍ പലര്‍ക്കും വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. മുപ്പതുകളില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ലഭ്യമാക്കണം. 

 

വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നാരുകളുള്ള ഭക്ഷണത്തിന് വേറെയും ഉണ്ട് ഗുണങ്ങള്‍ !