Asianet News MalayalamAsianet News Malayalam

കൊവിഡ് മൂന്നാം തരംഗം; കേന്ദ്രം നല്‍കിയ അറിയിപ്പുകളും ഓര്‍ക്കേണ്ട ചിലതും...

പല സംസ്ഥാനങ്ങളിലും നേരത്തേ തന്നെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്. അതിനൊപ്പം തന്നെ കിടക്കയുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ദൗര്‍ലഭ്യവും സാരമായ രീതിയില്‍ തന്നെ ഉണ്ടായിരുന്നു. ഈ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്

what centre says on covid 19 third wave in the country
Author
Trivandrum, First Published May 5, 2021, 7:05 PM IST

രാജ്യത്ത് കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ചികിത്സയിലൂടെ രക്ഷപ്പെടുത്താമായിരുന്ന കൊവിഡ് രോഗികള്‍ പോലും മരണത്തിന് കീഴടങ്ങുന്ന കാഴ്ച നമ്മള്‍ കണ്ടു. ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം മാത്രം നിരവധി രോഗികള്‍ക്ക് ജീവന്‍ നഷ്ടമായി.

ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ ഒഴിവില്ലാത്തതും, ആവശ്യത്തിന് വെന്റിലേറ്റര്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ ഇല്ലാത്തതുമെല്ലാം വലിയ തിരിച്ചടിയാണ് നമുക്ക് സമ്മാനിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതാണ് സാഹചര്യങ്ങള്‍ ഇത്തരത്തില്‍ രൂക്ഷമാകാന്‍ കാരണം. ഇതിനിടെ രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗവും ഉണ്ടാകാമെന്നാണ് ഇപ്പോള്‍ കേന്ദ്രം അറിയിക്കുന്നത്. 

വലിയ തോതിലുള്ള ആശങ്കയാണ് ഈ വാര്‍ത്ത നമ്മളിലുണ്ടാക്കുന്നത്. ഈ ഘട്ടത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. 

രാജ്യത്ത് ജനിതകവ്യതിനായം സംഭവിച്ച വൈറസുകളാണ് നിലവില്‍ കൂടുതലും രോഗം പരത്തുന്നത്. ഇതില്‍ യുകെ വൈറസ് രോഗവ്യാപനം കുറയുകയാണ്. അതേസമയം ഇന്ത്യയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള 'ഡബിള്‍ മ്യൂട്ടന്റ്' വൈറസ് കാര്യമായ രീതിയില്‍ വ്യാപകമാവുകയും ചെയ്യുന്നു. രോഗം എളുപ്പത്തില്‍ പരത്താന്‍ ഇവയ്ക്കുള്ള കഴിവ് മറ്റ് വൈറസുകളെക്കാള്‍ അധികമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വരും ദിവസങ്ങളിലും വീണ്ടും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയുണ്ടാകാം. എന്നുമാത്രമല്ല ഇനിയും വൈറസുകള്‍ മാറ്റത്തിന് വിധേയമായി പുതിയ വകഭേദങ്ങളുണ്ടാകാമെന്നും കേന്ദ്രം നല്‍കിയ അറിയിപ്പിലുള്‍പ്പെടുന്നു. 

മൂന്നാം തരംഗത്തിന് സാധ്യതയെന്ന് സൂചിപ്പിച്ചതിനൊപ്പം തന്നെ വാക്‌സിനെ കുറിച്ചും സുപ്രധാനമായൊരു കാര്യം കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് നിലവില്‍ രാജ്യത്ത് രോഗവ്യാപനം നടത്തുന്നത് എന്നതിനാല്‍ തന്നെ ഇവയ്‌ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ വാസ്‌കിന്‍ കൂടി പുതുക്കേണ്ടതുണ്ട് എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായ പല വൈറസുകളെയും ചെറുക്കാന്‍ നിലവില്‍ ലഭ്യമായ വാക്‌സിനുകള്‍ക്ക് പരിമിതിയുണ്ടെന്ന തരത്തില്‍ നേരത്തേ പല പഠനങ്ങളും പുറത്തുവരികയും ചെയ്തിരുന്നു. 

പല സംസ്ഥാനങ്ങളിലും നേരത്തേ തന്നെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ട്. അതിനൊപ്പം തന്നെ കിടക്കയുടെയും ഓക്‌സിജന്‍ സിലിണ്ടറുകളുടെയും ദൗര്‍ലഭ്യവും സാരമായ രീതിയില്‍ തന്നെ ഉണ്ടായിരുന്നു. ഈ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയും വിലയിരുത്തപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വികസിത രാജ്യമായിട്ട് പോലും യുഎസിലെ പലയിടങ്ങളിലും ഉണ്ടായത് പോലെ ചികിത്സ ലഭിക്കാതെ മാത്രം ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാഴ്ച ഇവിടെയും വ്യാപകമാകും. യുഎസിനെ പോലെ ഒരു വികസിത രാജ്യമല്ല, ഇന്ത്യ എന്നത് കൂടി ഓര്‍ക്കുക. 

ഒരുപക്ഷേ വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാം. ഔദ്യോഗികമായി ഇതെക്കുറിച്ച് വലിയ വ്യക്തതകള്‍ ഇനിയും വന്നിട്ടില്ല. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ പരിപൂര്‍ണ്ണമായും അതിനോട് സഹകരിക്കുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

ആളുകള്‍ ഒത്തുകൂടുന്ന പരിപാടികള്‍ക്ക് നിലവില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇതിന് പുറമെ ഓരോരുത്തരും വ്യക്തിപരമായിത്തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ലോക്ഡൗണിന് സമാനമായിത്തന്നെ സാഹചര്യങ്ങളെ കാണുകയും കൈകാര്യം ചെയ്യുകയും വേണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തുപോകാം. പുറത്തുപോകുമ്പോള്‍ ഡബിള്‍ മാസ്‌ക് ഉറപ്പുവരുത്തുകയും വേണം. 

Also Read:- തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന വെള്ളത്തുള്ളികളിൽ ലക്ഷക്കണക്കിന് വൈറസുകൾ ഉണ്ടാവാം; കുറിപ്പ്...

Follow Us:
Download App:
  • android
  • ios