ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഓര്‍ഗാനിക് ചീര (ജൈവ ചീര) വാങ്ങിയതാണ്. മൂന്ന് തവണയോളം വൃത്തിയാക്കിയ ശേഷം പാക്ക് ചെയ്ത ചീരയാണിതെന്നാണ് പാക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്.

നമ്മള്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങളുടെ വൃത്തിയോ ഗുണമേന്മയോ സുരക്ഷയോ സംബന്ധിച്ച് എപ്പോഴും ഒരുറപ്പ് ഉണ്ടായിരിക്കില്ല. എല്ലാ ഉത്പന്നങ്ങളും പരിശോധനയ്ക്ക് ശേഷം അനുമതിയോടെ തന്നെയാണ് വിപണിയിലെത്തുക. അപ്പോള്‍ പോലും പതിവായ പരിശോധനകളോ സ്ക്രീനിംഗോ ഉണ്ടാകുന്നില്ലല്ലോ. അതിനാല്‍ തന്നെ ഭക്ഷണസാധനങ്ങളില്‍ പ്രശ്നം വരാനുള്ള സാധ്യതകളുമുണ്ട്. 

ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ നാം കേട്ടിട്ടുമുണ്ട്. അധികവും റെഡി ടു കുക്ക്- ഭക്ഷണസാധനങ്ങളുടെയോ, റെഡിമെയ്ഡ് ഭക്ഷണസാധനങ്ങളുടെയോ പേരിലാണ് ഇങ്ങനെയുള്ള പരാതികള്‍ വരാറ്.

എന്തായാലും സമാനമായി വന്നിരിക്കുന്നൊരു പരാതിയാണിപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. അമേരിക്കയിലെ മിഷിഗണില്‍ നടന്ന സംഭവമാണെങ്കിലും സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ വ്യാപകമായ ശ്രദധ ലഭിക്കുകയായിരുന്നു. അത്രയും അസാധാരണമായൊരു സംഭവം തന്നെയാണിത്.

ആംബെര്‍ വറിക് എന്ന സ്ത്രീ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഓര്‍ഗാനിക് ചീര (ജൈവ ചീര) വാങ്ങിയതാണ്. മൂന്ന് തവണയോളം വൃത്തിയാക്കിയ ശേഷം പാക്ക് ചെയ്ത ചീരയാണിതെന്നാണ് പാക്കറ്റില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വീട്ടിലെത്തി, വാങ്ങിയ സാധനങ്ങള്‍ അടുക്കിവയ്ക്കുന്നതിനിടെ ആംബെറിന്‍റെ മകള്‍ ചീര പാക്കറ്റിനുള്ളില്‍ ഒരു തവളയെ കണ്ടെത്തുകയായിരുന്നു. 

ഭക്ഷണസാധനങ്ങളില്‍, പ്രത്യേകിച്ച് പച്ചക്കറികളുടെയോ പഴങ്ങളുടെയോ കൂട്ടത്തില്‍ ചെറിയ പ്രാണികളോ പുഴുക്കളോ എല്ലാം കടന്നുകൂടുന്നത് സാധാരണമാണ്. എന്നാല്‍ വളരെ വൃത്തിയായി പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്കിടയില്‍ - തവളയെ പോലെ അത്ര ചെറുതല്ലാത്ത ജീവി പെടുകയെന്ന് പറഞ്ഞാല്‍ അത് നിസാരമായ അശ്രദ്ധയായി കണക്കാക്കാൻ സാധിക്കില്ലല്ലോ.

എന്തായാലും ചീര പാക്കറ്റിനുള്ളില്‍ തവളയെ കണ്ടെത്തിയത് ഇവര്‍ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഭവം വാര്‍ത്തകളിലും ഇടം നേടി.

ജീവനുള്ളൊരു തവളയായിരുന്നു ചീര പാക്കറ്റിനുള്ളിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചീര മൂന്ന് തവണ കഴുകിയ ശേഷം പാക്ക് ചെയ്തതാണ് എന്ന, കമ്പനിയുടെ വാദം പൊള്ളയാണെന്നാണ് ആംബെര്‍ ചൂണ്ടിക്കാട്ടുന്നത്. തങ്ങള്‍ തീര്‍ത്തും ജൈവികമായ ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്, അതുകൊണ്ടാണ് ഇതുപോലുള്ള ജീവികള്‍ തങ്ങളുടെ ഫാമില്‍ കാണുന്നത്, ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം, വീഴ്ചയില്ലാതെ ഇനിയും അത് തുടരും എന്നായിരുന്നു സംഭവത്തോട് കമ്പനിയുടെ പ്രതികരണമെന്നും ആംബെറിനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Also Read:- മകളുടെ തലയിലെ പേനിനെ കൊല്ലാറില്ല; കാരണം വെളിപ്പെടുത്തിയ അമ്മയ്ക്ക് ട്രോള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo