വീടിന് സമീപമെത്തിയ ഉഗ്രവിഷമുള്ള പാമ്പിനെ കൈകൊണ്ട് പിടിച്ച ഒഡിഷ സ്വദേശിനിയായ സസ്മിത ഗൊചെയ്ദ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. സസ്മിതയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിക്കുകയാണ് സൈബര്‍ ലോകം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒഡീഷയിലെ മയൂർഭഞ്ചിലുള്ള സസ്മിതയുടെ വീടിനു സമീപത്തേയ്ക്ക് എട്ടടിയോളം നീളമുള്ള രാജവെമ്പാലയെത്തിയത്.

രണ്ട് വയസ്സുകാരനായ മകൻ പാമ്പിന് സമീപത്തേയ്ക്ക് മുട്ടലിഴഞ്ഞു നീങ്ങിയപ്പോഴാണ് സസ്മിതയും ഭർത്താവ് അഖിലും പാമ്പിനെ കാണുന്നത്. പെട്ടെന്ന് കണ്ടപ്പോള്‍ ഇരുവരും ഒന്ന് ഭയന്നു. എന്നാല്‍ ഉടന്‍തന്നെ അഖില്‍ മകനെ വാരിയെടുത്തു  സുരക്ഷിത സഥലത്തേയ്ക്ക് മാറി.

ശേഷം അദ്ദേഹം ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ സസ്മിത രാജവെമ്പാലയെ  പിടികൂടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതിന് ശേഷം പാമ്പിനെ വനത്തിലേയ്ക്ക് തുറന്നു വിടുകയും ചെയ്തു. 

 

 

 

എന്തായാലും സസ്മിതയുടെ ചിത്രം അടക്കം സംഭവം എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. താൻ ആദ്യമായാണ് ഒരു പാമ്പിനെ കൈകൊണ്ട് തൊടുന്നതെന്നും സസ്മിത പറയുന്നു. സസ്മിതയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: മച്ചിനു മുകളിൽ പതുങ്ങിയിരുന്നത് പത്തടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona