ഓരോ നിമിഷവും ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുമയുള്ളതും ആകര്‍ഷകമായതുമായ ആശയങ്ങള്‍ ആരാണ് അവതരിപ്പിക്കുന്നതെങ്കില്‍, അവരാണ് 'ട്രെന്‍ഡ് സെറ്റര്‍' സ്ഥാനത്തേക്ക് വരിക. വലിയ മത്സരമാണ് അതിനാല്‍ തന്നെ ഈ മേഖലയില്‍ നടക്കുന്നത്. 

പലപ്പോഴും നമ്മുടെ ആസ്വാദനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം വ്യത്യസ്തമായ ഫാഷനുകള്‍ നമ്മള്‍ കാണാറുണ്ട്. എന്നാല്‍ അവയൊക്കെയും വ്യത്യസ്തതയുടെ പേരില്‍ മാത്രം തന്നെ നേടിയെടുക്കുന്ന ശ്രദ്ധ അത്രമാത്രമായിരിക്കും. 

ഇത്തരത്തില്‍ എളുപ്പത്തില്‍ ശ്രദ്ധ ലഭിക്കാനും അതുവഴി പണം സമ്പാദിക്കാനും യുകെ സ്വദേശിയായ ഒരു യുവതി ചെയ്ത സാഹസത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ട്രെയിനില്‍ സീറ്റുകള്‍ക്ക് മുകളില്‍ സാമൂഹികാകലം പാലിക്കണമെന്ന നിര്‍ദേശമെഴുതിയ കവറുകള്‍ എടുത്ത് അവ 'ക്രോപ് ടോപ്' ആണെന്ന് കാണിച്ച് ഓണ്‍ലൈനായി വില്‍പന നടത്താന്‍ ശ്രമിച്ചിരിക്കുകയാണ് യുവതി. 

കൊവിഡ് കാലത്തെ ഫാഷനുകളില്‍ മഹാമാരിക്കെതിരായ പ്രതിരോധവും, ജാഗ്രതയുമെല്ലാം ഘടകങ്ങളായി വന്നിട്ടുണ്ട്. ഈ തരംഗത്തിന്റെ ചുവട് പിടിച്ച്, പണം സമ്പാദിക്കുകയെന്നതായിരുന്നു യുവതിയുടെ ലക്ഷ്യം. ഇതിനായി 'ചില്‍ടേണ്‍ റെയില്‍വേസ്' എന്ന കമ്പനിയുടെ ട്രെയിനില്‍ നിന്ന് സീറ്റ് കവറുകള്‍ ഇവര്‍ മോഷ്ടിച്ചതായാണ് ആരോപണം. 

അതേസമയം സീറ്റ് കവറുകള്‍ താന്‍ മോഷ്ടിച്ചതല്ലെന്നും അത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തനിക്ക് കിട്ടിയതാണെന്നുമാണ് യുവതിയുടെ വിശദീകരണം. വിദ്യാര്‍ത്ഥി കൂടിയായ യുവതി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് കയ്യില്‍ ആകസ്മികമായി വന്നുപെട്ട സീറ്റ് കവറുകള്‍ 'ക്രോപ് ടോപ്' ആണെന്ന് കാണിച്ച് വില്‍ക്കാന്‍ ശ്രമിച്ചതത്രേ. 

എന്തായാലും സംഗതി വിവാദമായതോടെ യുവതിയുടെ 'ക്രോപ് ടോപ്'കള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി സൈറ്റ് ഉടമസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇതിനോടകം ടോപ് വാങ്ങിയ ഉപഭോക്താക്കള്‍ക്ക് യുവതി ആ പണം തിരികെ നല്‍കുകയും ചെയ്തിട്ടുണ്ട്.

Also Read:- വീണ്ടും ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റുമായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; വൈറലായി വീഡിയോ...